ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ പീഡിപ്പിച്ചത് രണ്ട് വര്‍ഷം; വിദ്യാര്‍ത്ഥിയെ പല സ്ഥലങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അമ്മയ്ക്ക് സംശയം തോന്നിയതോടെ പോലീസില്‍ പരാതി; സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസ്; എഇഒയും സിആര്‍ബിഎഫ് ജീവനക്കാരനും ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍; 7 പേര്‍ ഒളിവില്‍
തൃക്കരിപ്പൂര്‍ (കാസര്‍കോട്): ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ 16 പേരെ പ്രതിചേര്‍ത്തു. സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡേറ്റിങ് ആപ്പിലൂടെയാണ് വിദ്യാര്‍ഥിയുമായി പ്രതികള്‍ ബന്ധം സ്ഥാപിച്ചത്.
വിദ്യാര്‍ഥിയെ ജില്ലയിലെ പല സ്ഥലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. അടുത്തിടെ വീട്ടില്‍ ഒരാളെ സംശയകരമായി കണ്ട മാതാവ് ഫോണ്‍ പരിശോധിച്ചതോടെ സംഭവത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ചന്തേര പൊലീസില്‍ നല്‍കിയ പരാതിയോടെയായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ വിവരങ്ങള്‍ വ്യക്തമായിരുന്നു. വിദ്യാര്‍ഥി പ്രതികളില്‍ നിന്നും പണം വാങ്ങിയിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പതിനെട്ട് വയസ്സായി കാണിച്ച് ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുറന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചന്തേര, നീലേശ്വരം, ചീമേനി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളാണ് ഇപ്പോള്‍ അന്വേഷണം കൈകാര്യം ചെയ്യുന്നത്.
കേസില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറും ആര്‍പിഎഫ് ജീവനക്കാരനും ഉള്‍പ്പെടെ 9 പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍ 7 പേരെ കോടതി റിമാന്‍ഡ് ചെയ്തു. യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജുദീന്‍ (46) ഉള്‍പ്പെടെ 7 പേര്‍ ഒളിവിലാണ്. സിറാജുദീന്റെ മൊബൈല്‍ ഫോണുകള്‍ ഓഫ് നിലയിലാണ്. ഒളിവിലുള്ള മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലെ സ്വദേശികളാണെന്നും അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.