ഒന്ന് ചുമ്മാ..ഇരുന്നപ്പോൾ തോന്നിയ വിശപ്പ്; കൊതിയോടെ ഓർഡർ ചെയ്തത് രണ്ട് സാന്‍ഡ്‌വിച്ച്; പിന്നാലെ ഡെലിവറി ബോയിയുടെ വരവിൽ സന്തോഷം; പൊതി തുറന്നതും അറപ്പുളവാക്കുന്ന കാഴ്ച; തലയിൽ കൈവച്ച് സൊമാറ്റോ; ദുരനുഭവം തുറന്നുപറഞ്ഞ് യുവാവ്
ഗുരുഗ്രാം: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്‌വിച്ചില്‍ നിന്ന് പ്ലാസ്റ്റിക് കയ്യുറ (ഗ്ലൗസ്) ലഭിച്ചതായി ഉപഭോക്താവ്. ഗുരുഗ്രാം സ്വദേശിയായ സതീഷ് സരവാഗിക്കാണ് ഈ ഞെട്ടിക്കുന്ന അനുഭവം നേരിട്ടത്. 628 രൂപ മുടക്കി വാങ്ങിയ രണ്ട് സാന്‍ഡ്‌വിച്ചുകളിലൊന്നിലാണ് കയ്യുറ കണ്ടെത്തിയത്.
വിശന്നുവലഞ്ഞ സമയത്താണ് സതീഷ് സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം ലഭിച്ച് കഴിക്കാനായി തുറന്നപ്പോഴാണ്, സാന്‍ഡ്‌വിച്ചിനുള്ളില്‍ പ്ലാസ്റ്റിക് കയ്യുറ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് അതിരൂക്ഷമായ ഭാഷയിൽ അദ്ദേഹം എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും, ഭക്ഷ്യ സുരക്ഷയിലും ശുചിത്വത്തിലും ഗുരുതരമായ ആശങ്കകളുയർത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സതീഷിന്റെ ഈ പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഇത് ഉയർത്തിയിരിക്കുന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സൊമാറ്റോ, വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ഉപഭോക്താവിനെ ഉദ്ധരിച്ച്, "നിങ്ങളുടെ അനുഭവം ഞങ്ങളെ ഞെട്ടിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ നിങ്ങളുടെ മാനസികാവസ്ഥ ഞങ്ങൾ ഊഹിക്കാൻ കഴിയും. ദയവായി കുറച്ച് സമയം അനുവദിക്കുക, ഞങ്ങൾ റെസ്റ്റോറന്റ് പങ്കാളികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും," എന്ന് സൊമാറ്റോ മറുപടി നൽകി.
സാലഡ് ഡേയ്‌സ് എന്ന റെസ്റ്റോറന്റിൽ നിന്നാണ് സതീഷ് സാന്‍ഡ്‌വിച്ച് ഓർഡർ ചെയ്തത്. റെസ്റ്റോറന്റും വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്തായി ഭക്ഷണത്തിൽ അന്യവസ്തുക്കൾ കണ്ടെത്തുന്നുവെന്ന പരാതികൾ വർദ്ധിച്ചുവരികയാണ്. അടുത്തിടെ സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയതായും ചില ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ഭക്ഷ്യ വിതരണ രംഗത്തെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.