ധര്‍മ്മസ്ഥലയില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ക്ഷേത്ര പരിസരത്ത് മരിച്ച യാചകരുടേതാവാമെന്ന് നാട്ടുകാര്‍; കണ്ടെത്തിയത് അഞ്ചുതലയോട്ടികളും നൂറോളം എല്ലുകളുമെന്ന് മാധ്യമങ്ങള്‍; കയര്‍, വിഷക്കുപ്പി, ഐഡന്റിറ്റി കാര്‍ഡ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി; നേത്രാവതി വനമേഖലയില്‍ പരിശോധന തുടരാന്‍ എസ്‌ഐടി
ധര്‍മ്മസ്ഥലയില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ക്ഷേത്ര പരിസരത്ത് മരിച്ച യാചകരുടേതാവാമെന്ന് നാട്ടുകാര്‍
ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കൂട്ടക്കുഴിമാട വിവാദത്തില്‍ അന്വേഷണം അവസാനിക്കുന്നില്ല. ക്ഷേത്ര പരിസരത്ത് കൂട്ടക്കുഴിമാടങ്ങളുണ്ടെന്ന് മൊഴി കൊടുത്ത ശുചീകരണത്തൊഴിലാളി ചിന്നയ്യ, വ്യാജ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ അറസ്റ്റിലാണ്. തന്റെ മകള്‍ അനന്യ ഭട്ടിനെ കാണാനില്ലെന്ന് പറഞ്ഞുവന്ന സുജാത ഭട്ടിന് അങ്ങനെ ഒരു മകള്‍ ഇല്ലന്നും അവര്‍ക്ക് മനോവിഭ്രാന്തിയാണെന്നും തെളിഞ്ഞു. ലോറിക്കാരന്‍ മനാഫ് അടക്കം വിഷയം കത്തിച്ചവരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ പൂര്‍ണ്ണമായും തീര്‍ന്നു എന്ന കരുതിയ ധര്‍മ്മസ്ഥല കേസിന് ഇന്നലെ വീണ്ടും ജീവന്‍വെച്ചിരിക്കയാണ്.
ഇന്നലെ നേത്രാവതി നദിക്കരയിലെ വന്‍മേഖലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് തലയോട്ടികളും നൂറ് എല്ലുകളും കണ്ടെത്തിയെന്നാണ് ഇന്ത്യാ ടുഡെ അടക്കമുള്ള ഈ വിഷയം നിരന്തരം ഫോളോ ചെയ്യുന്ന മാധ്യമങ്ങള്‍ പറയുന്നത്. ചില കന്നഡ മാധ്യമങ്ങളിലും വാര്‍ത്ത വന്നിട്ടുണ്ട്. ധര്‍മസ്ഥലയ്ക്കടുത്ത ബംഗളഗുഡെയില്‍നിന്നും കണ്ടെത്തിയതെന്നാണ് വിവരം.
ക്ഷേത്ര ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ ഈ പ്രദേശത്ത് മൃതദേഹങ്ങള്‍ കുഴിച്ചട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മേഖലയില്‍ പരിശോധന നടത്തിയത്. കയര്‍, വാക്കിങ് സ്റ്റിക്ക്, വിഷക്കുപ്പി, ഐഡന്റിറ്റി കാര്‍ഡ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസറുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. അതേസമയം ഇവ മനുഷ്യന്റേത് തന്നെയാണോ എന്നതില്‍ വ്യക്തതയില്ല. ലഭിച്ച അസ്ഥി ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യാചകരുടെ മൃതദേഹങ്ങള്‍
എന്നാല്‍ നാട്ടുകാരെ ഉദ്ധരിച്ച കന്നഡ മാധ്യമങ്ങള്‍ പറയുന്നത് മറ്റൊരു വിവരമാണ്. ധര്‍മ്മസ്ഥലയില്‍ സൗജന്യ ഭക്ഷണം നല്‍കുന്നതിനാല്‍ ഒരുപാട് അഗതികളും യാചകരും മുമ്പ് ഇങ്ങോട്ട് എത്തിയിരുന്നുവെന്നാണ്. ശ്രീ പരമേശ്വര സന്നിധിയായതുകൊണ്ട് കാശില്‍ പോവാന്‍ പണമില്ലാത്ത പല വയോധികരും, അവസാന കാലം ഇവിടെയാണ് ചിലവിടാറുള്ളത്. വൃദ്ധരായ മാതാപിതാക്കളെ ഇവിടെ നടതള്ളുന്ന രീതിയും മുമ്പ് ഉണ്ടായിരുന്നു. ഇങ്ങനെ മരിക്കുന്ന വയോധികരുടെയും യാചകരുടെയുമൊക്കെ മൃതദേഹങ്ങള്‍ നേത്രാവതി നദിക്കരയെുള്ള വനമേഖലയിലാണ് സംസ്‌ക്കരിക്കാറുള്ളത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടെ വര്‍ഷങ്ങളായി ശ്മശാന ഭൂമിയാണെന്നും നാട്ടുകാര്‍ പറയുന്നു. ആത്മഹത്യചെയ്യാനായും മുമ്പ് നിരവധിപേര്‍ ഈ വനഭൂമി തിരഞ്ഞെടുത്തിരുന്നു. ഇതിന് ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്നാണ് കന്നഡ മാധ്യമങ്ങളും, വിശ്വാസികളും പറയുന്നത്. അല്ലാതെ മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ പറഞ്ഞതുപോലെയല്ല കാര്യങ്ങളെന്നും
ഇവര്‍ പറയുന്നു.
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നല്‍കിയെന്ന് ആരോപിച്ചാണ് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്ക് വഴങ്ങി ധര്‍മസ്ഥലയിലെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ചിന്നയ്യ പറയുന്ന 13 സ്ഥലങ്ങളില്‍ കുഴിച്ചിട്ടും കാര്യമായ ഒന്നും കിട്ടിയിട്ടില്ല.