ഭർതൃവീട്ടിൽ നിന്ന് 35 പവനും പണവും കവർന്നു; മോഷണം പോയെന്ന് വരുത്തിത്തീർക്കാൻ കേസ് കൊടുക്കാൻ മുൻകൈയെടുത്തു; പോലീസിനെ 'പറ്റിക്കാൻ' ജോലി കിട്ടിയെന്ന് പറഞ്ഞ് മുങ്ങി; ഒടുവിൽ കോർത്തുശ്ശേരിക്കാരി ആതിര പിടിയിൽ

Update: 2026-02-26 16:34 GMT

പൂച്ചാക്കൽ: ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല എസ് എൽ പുരം കോർത്തുശ്ശേരി സ്വദേശിനി ആതിര ജി (26) യെയാണ് പൂച്ചാക്കൽ പൊലീസ് വ്യാഴാഴ്ച കോട്ടയത്തുനിന്ന് പിടികൂടിയത്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് മണപ്പുറം കൊച്ചുപറമ്പിൽ രഘുനാഥിന്റെ വീട്ടിൽ നിന്നാണ് ആതിര കവർച്ച നടത്തിയത്.

മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ചു വീട്ടിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയിൽ നിന്ന് 30,000 രൂപയും മാല, വള, കൊലുസ്, ഡയമണ്ട് സ്റ്റഡ് എന്നിവയടങ്ങുന്ന 35 പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. ഇതിൽ ഭർത്താവിന്റെ സഹോദരിയുടെ സ്വർണാഭരണങ്ങളും ഉൾപ്പെടുന്നു. 2022-ലാണ് ആതിരയുടെ വിവാഹം നടന്നത്.

ഭർതൃവീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് മോഷണം. 2024 നവംബറിലാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. മോഷണം നടന്ന സമയത്ത് ഒന്നും അറിയാത്തതുപോലെ ആതിര അഭിനയിക്കുകയും, പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കാൻ മുൻകൈയെടുക്കുകയും ചെയ്തിരുന്നു എന്ന് ഭർത്താവ് പറയുന്നു. പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തനിക്ക് ജോലി ലഭിച്ചെന്നും സൗകര്യാർത്ഥം സ്വന്തം വീട്ടിൽ നിൽക്കാമെന്നും പറഞ്ഞ് ആതിര മാറിത്താമസിച്ചു.

പൊലീസ് അന്വേഷണം ആതിരയിലേക്ക് നീളുമെന്ന് ഉറപ്പായതോടെ, ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി താനാണ് മോഷണം നടത്തിയതെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ടി യുടെ നിർദേശാനുസരണം ഐ എസ് എച്ച് ഒ ഷെഫീക്ക്, എസ് ഐ വീനസ്, എ എസ് ഐ ലിജിമോൾ, സി പി ഒ മാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    

Similar News