ദിഷ സാലിയന്റെ മരണം; വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് പിതാവ്; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; കേസില്‍ സിബിഐ അന്വേഷണം വേണം

Update: 2025-03-28 05:16 GMT

മുംബൈ: ബോളിവുഡ് നടന്‍ സുഷാന്ത് സിങ്ങിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട്, മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെ, പിതാവ് സതീഷ് സാലിയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മകളുടെ മരണത്തില്‍ മുന്‍ മന്ത്രി കൂടിയായ എംഎല്‍എ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങളുമടക്കം ചിലര്‍ക്കു പങ്കുണ്ടെന്നാരോപിച്ച്, ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സതീഷ് സാലിയന്‍ ആവശ്യമുന്നയിച്ചു.

അന്വേഷണം ആവശ്യമെങ്കില്‍ താന്‍ നുണ പരിശോധനയ്ക്കു തയാറാണെന്നും, അതിനു പ്രതിഭാഗത്തുള്ളവര്‍, പ്രത്യേകിച്ച് ആദിത്യ താക്കറെ തയ്യാറാകുമോ എന്നും, സതീഷ് സാലിയന്‍ ചോദിച്ചു. ശിവസേന (ഉദ്ധവ്) നേതാവും എംപിയുമായ അരവിന്ദ് സാവന്ത്, സതീഷ് സാലിയന്‍ നുണപരിശോധനയ്ക്കു വിധേയനാകണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട്, സൂരജ് പഞ്ചോളി, ഡിനോ മോറിയ, അന്നത്തെ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് എന്നിവര്‍ക്കെതിരെയും പരാതിയിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മുംബൈ പൊലീസ് പരാതി സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഏപ്രില്‍ 2-നാണ് ബോംബെ ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. 2020 ജൂണില്‍ മലാഡിലെ ഫ്ലാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് വീണാണ് ദിഷ സാലിയന്‍ മരിച്ചത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മാനേജരുമായിരുന്ന ദിഷയുടെ മരണത്തിന് ഒരു ആഴ്ചയ്ക്കകമാണ്, സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ദിഷ മരിക്കുന്നതിന് മുന്‍പ് സംഘടിപ്പിച്ച ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍, ആദിത്യ താക്കറെ അടക്കം ചിലര്‍ പങ്കെടുത്തിരുന്നെന്നും, അവിടെ മകളോട് പീഡനമുണ്ടായെന്നുമാണ് സതീഷ് സാലിയന്റെ ആരോപണം.

Tags:    

Similar News