വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി കെണിയുമായി വീണ്ടും ഉത്തരേന്ത്യന്‍ സംഘം; സമയോചിത ഇടപെടലിലൂട സൈബര്‍ തട്ടിപ്പ് ശ്രമം തകര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍; നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു മുതിര്‍ന്ന പൗരന്റെ ബാങ്കിലെത്തിയത് വഴിത്തിരിവായി
വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി കെണിയുമായി വീണ്ടും ഉത്തരേന്ത്യന്‍ സംഘം
വൈപ്പിന്‍: വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് ഭീഷണിപ്പെടുത്തി കസ്റ്റമറുടെ പക്കല്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച ഉത്തരേന്ത്യന്‍ സംഘത്തിന്റെ നീക്കത്തെ സമര്‍ത്ഥമായി പൊളിച്ചടുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക് വൈപ്പിന്‍ ബ്രാഞ്ചിലാണ് സംഭവം. ബാങ്ക് അധികൃതര്‍ പറയുന്നതിങ്ങനെ;
ഉച്ചയോടുകൂടി അക്കൗണ്ട് ഉടമസ്ഥനായ മുതിര്‍ന്ന പൗരന്‍ ബാങ്കിനുള്ളിലേക്ക് കയറുകയും അധികമാരോടും സംസാരിക്കാതെ തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ആര്‍ടിജിഎസ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിവരങ്ങളെല്ലാം നല്‍കിയതിന് ശേഷം മുതിര്‍ന്ന പൗരന്‍ തിരികെ പോയി. ഇടപാടുകാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട ബ്രാഞ്ച് മാനേജര്‍ റെസ്വിന്‍ ആര്‍ നാഥ് പണമയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ഉത്തരേന്ത്യയിലുള്ള അക്കൗണ്ട് ആണെന്ന് മനസിലാക്കിയ മാനേജര്‍ പുറത്തു ഭയപ്പാടോടെ നില്‍ക്കുകയായിരുന്ന ഇടപാടുകാരനില്‍ നിന്നും വിവരങ്ങള്‍ തിരക്കി. രാവിലെ 9 മണിമുതല്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും നിയമനടപടികളില്‍നിന്നും രക്ഷനേടണമെങ്കില്‍ പണമയക്കണമെന്നും തട്ടിപ്പ് സംഘം അറിയിച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന പൗരന്‍ ബാങ്കിലെത്തിയത്. ഡിജിറ്റല്‍ അറസ്റ്റ് ചെയ്തെന്ന വിവരം പുറത്തു പറയരുതെന്നും സംഘം ഭീഷണിപ്പെടുത്തി. പരിഭ്രാന്തനായ ഇടപാടുകാരനെ ആശ്വസിപ്പിച്ച മാനേജര്‍ റെസ്വിന്‍ ആര്‍ നാഥ്, നടന്നത് ഒരു സൈബര്‍ തട്ടിപ്പ് ശ്രമമാണെന്നും സംഘത്തെ കൃത്യമായി പ്രതിരോധിക്കാമെന്നും ബോധ്യപ്പെടുത്തി.
തുടര്‍ന്ന്, വിശദമായ പരാതി സൈബര്‍ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നല്‍കി. ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങള്‍ ഇ-ലോക്ക് ചെയ്തതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. നേരത്തെ, മറ്റൊരു ബാങ്കിലുണ്ടായിരുന്ന 78000 രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. ഇതിനെതിരെ പരാതി നല്‍കാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍ ഇടപാടുകാരനെ സഹായിച്ചു. മാനേജരുടെ സമയോചിത ഇടപെടലില്‍ കൂടുതല്‍ തുക നഷ്ടപെടാത്തതിന്റെ ആശ്വാസത്തിലാണ് മുതിര്‍ന്ന പൗരന്‍ ബാങ്കില്‍നിന്നും ഇറങ്ങിയത്.
ഡിജിറ്റല്‍ അറസ്റ്റ്, വെര്‍ച്വല്‍ അറസ്റ്റ്, സൈബര്‍ അറസ്റ്റ് എന്നിങ്ങനെ ഭീഷണിപ്പെടുത്തി വരുന്ന കോളുകളോട് പ്രതികരിക്കരുതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സമചിത്തത വീണ്ടെടുത്ത്, കൃത്യമായ ഇടങ്ങളില്‍ പരാതി നല്‍കിയാല്‍ ഇത്തരം സംഘങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാം. പ്രായമായ ആളുകളാണ് ഇത്തരം ചതിക്കുഴിയില്‍ അകപ്പെടുന്നതെന്നും തട്ടിപ്പിനെതിരെ വലിയരീതിയില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
