'ഇത് ബെംഗളൂരു പൊലീസിൽ നിന്നാണ്, താങ്കളെ മനുഷ്യക്കടത്ത് കേസിൽ പ്രതിചേർത്തിട്ടുണ്ട്'; തട്ടിപ്പുകാർ ബന്ധപ്പെട്ടത് മെസേജിങ് ആപ്പിലൂടെ; 'ഡിജിറ്റൽ അറസ്റ്റി'ലൂടെ തട്ടിയത് ലക്ഷങ്ങൾ; സമ്മർദ്ദം താങ്ങാനാവാതെ വനിതാ ഡോക്ടർ മരിച്ചു

Update: 2025-09-18 13:27 GMT

ഹൈദരാബാദ്: പോലീസെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ നടത്തിയ 'ഡിജിറ്റൽ അറസ്റ്റി'നെ തുടർന്നുണ്ടായ സമ്മർദ്ദം താങ്ങാനാവാതെ ഹൈദരാബാദിലെ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. സെപ്റ്റംബർ 5 മുതൽ 8 വരെയാണ് തട്ടിപ്പുകാർ ഡോക്ടറെ വിളിച്ചത്. 6.60 ലക്ഷം രൂപയും ഡോക്ടർക്ക് നഷ്ടപ്പെട്ടു. ഹൈദരാബാദിലെ ഒരു സർക്കാർ ആശുപത്രിയിലെ മുൻ ചീഫ് റെസിഡന്റ് മെഡിക്കൽ ഓഫീസറായിരുന്നു മരിച്ച വനിത.

മെസേജിങ് ആപ്പിലൂടെ ബെംഗളൂരു പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഡോക്ടറെ ആദ്യം ബന്ധപ്പെട്ടത്. മനുഷ്യക്കടത്ത് കേസിൽ അവരെ പ്രതിചേർത്തിട്ടുണ്ടെന്നും വ്യാജ എഫ്‌ഐആർ കാണിക്കുകയും ചെയ്തു. തുടർന്ന്, വീഡിയോ കോളുകളിലൂടെ വ്യാജ അറസ്റ്റ് വാറന്റുകൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ഡോക്ടറുടെ മരണശേഷം അവരുടെ ഫോൺ വിളികളുടെ വിവരങ്ങൾ പരിശോധിച്ച കുടുംബമാണ് തട്ടിപ്പ് വിവരം പൊലീസിൽ അറിയിച്ചത്. മരണാനന്തരവും തട്ടിപ്പുകാരിൽ നിന്നുള്ള സന്ദേശങ്ങൾ വന്നിരുന്നതായി ഡോക്ടറുടെ മകൻ വെളിപ്പെടുത്തി. ഹൈദരാബാദ് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇത്തരം അറസ്റ്റുകൾ നിലവിലില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Tags:    

Similar News