സ്ത്രീധനം നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നിറക്കി വിടുമെന്ന് ഭർതൃ വീട്ടുകാരുടെ ഭീഷണി; പ്രസവത്തിന് ചെലവ് നൽകാൻ വിസമ്മതിച്ച പ്രവാസിയായ ഭർത്താവ്; 20 പവൻ സ്വർണം ബലമായി ഊരി വാങ്ങി; ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതി നേരിട്ടത് കടുത്ത പീഡനം; ദുബായിക്കാരനെതിരെ അന്വേഷണം

Update: 2025-05-08 06:22 GMT

ആലപ്പുഴ: സ്ത്രീധന തുക ആവശ്യപ്പെട്ട് യുവതിയെ ഭർതൃ വീട്ടുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. 23കാരിയായ യുവതിയുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവാണ് കേസിലെ മുഖ്യ പ്രതി. ഭർതൃ പിതാവും, മാതാവുമാണ് കേസിലെ മറ്റ് പ്രതികൾ. വീടിൻറെ പണി പൂർത്തിയാക്കാനാണ് യുവതിയിൽ നിന്നും പ്രതികൾ സ്ത്രീധനം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്നും ഇവർ ഭീഷണിപ്പെടുത്തി. സ്ത്രീധനവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരെയും പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തി.

2020ലാണ് ആലപ്പുഴ സ്വദേശിനിയെ യുവാവ് വിവാഹം ചെയ്യുന്നത്. ദുബായിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. വിവാഹ ശേഷം ഭർതൃ വീട്ടിൽ വലിയ മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നാണ് യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒരു മാസം കഴിഞ്ഞ് പ്രതി ജോലിക്കായി ഗൾഫിലേക്ക് മടങ്ങി. ഈ കാലയളവിൽ പരാതിക്കാരിയെ പ്രതി ഫോണിൽ പോലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നില്ല. തുടർന്ന് വീട്ടുകാരുടെ നിർബന്ധപ്രകാരം യുവതിയെ ഇയാൾ ദുബായിലേക്ക് കൊണ്ട് പോയി. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം യുവതിയെ ഇയാൾ തിരികെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്യുകയായിരുന്നു. യുവതി ഗർഭിണി ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭർതൃ വീട്ടിൽ നിന്നും പീഡനങ്ങൾ ആരംഭിക്കുന്നത്.

പ്രസവത്തിനായുള്ള ചെലവുകൾ നൽകാൻ പോലും വീട്ടുകാർ തയ്യാറായില്ല. വീട് പുതുക്കി പണിയാനായി പണം ആവശ്യമുണ്ടെന്നും, അതിനാൽ സ്ത്രീധനം നൽകണമെന്നുമായിരുന്നു വീട്ടുകാരുടെ ആവശ്യം. ഭർത്താവിന്റെ മാതാവും, പിതാവും ഇതിന്റെ പേരിൽ യുവതിയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. വീട് പണിയുന്നതിന്റെ പേരിൽ യുവതിയുടെ 20 പവൻ സ്വർണം ഭർതൃ വീട്ടുകാർ ബലമായി ഊരി വാങ്ങി. ഇത്കൂടാതെ 5 ലക്ഷം രൂപ പണമായി നൽകണമെന്നുമായിരുന്നു വീട്ടുകാരുടെ ആവശ്യം. എന്നാൽ ഇത്രയും പണം തരാൻ കഴിയില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞതോടെ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നും ഇറക്കി വിടുമെന്നായിരുന്നു ഭീഷണി. യുവതിയുടെ വീട്ടുകാർ പല തവണ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വീട്ടുകാർ വഴങ്ങാൻ തയ്യാറായില്ല. സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും യുവതിയെ ഭർതൃ വീട്ടുകാർ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പിതാവിന്റെ സഹോദരനെയും ഭർതൃ വീട്ടുകാർ ബന്ധപ്പെട്ടു. പണം നൽകാനുള്ള ബുദ്ധിമുട്ടുകൾ വ്യക്തമാക്കിയതോടെ ഇയാളെയും വീട്ടുകാർ അസഭയം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീധനം നൽകാതെ ഭർതൃ വീട്ടിൽ താമസിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് യുവതി പോലീസിനെ സമീപിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 61(2), 85, 115, 316, 318, 323, 324, 3(5) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Tags:    

Similar News