ഭര്‍ത്താവിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണം അറിഞ്ഞ് ഓടിയെത്തിയ ഡോക്ടറായ മരുമകള്‍ കണ്ടത് പഠനം പൂര്‍ത്തിയാക്കാത്ത സഹപാഠിയെ; ലൂക്കിലെ കള്ളം തെളിയിച്ചത് ഡോ മാളവിക; വ്യാജ ചികില്‍സകര്‍ കേരളത്തില്‍ നിറയുന്നതിന് തെളിവായി കടലുണ്ടി സംഭവം

വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതുവെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

Update: 2024-10-01 06:34 GMT

കോഴിക്കോട്: വീണ്ടും വ്യാജ ഡോക്ടര്‍ ചര്‍ച്ച. കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതുവെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്കിനെ സ്ഥിരമായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആര്‍.എം.ഒ.യുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് എത്തുന്നത്. ചികില്‍സാ പിഴവിലെ രോഗിയുടെ മരണമാണ് നിര്‍ണ്ണായകമായത്. മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കള്‍ക്ക് തുടക്കത്തില്‍ പരാതി ഇല്ലായിരുന്നു. പിന്നീട് ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തി. മകന്റെ ഭാര്യ സഹപാഠിയായ അബു എബ്രഹാം ലൂക്കിനെ തിരിച്ചറിഞ്ഞതോടെയാണ് കള്ളക്കളി പുറത്തായത്. ഈ പെണ്‍കുട്ടിയാണ് വ്യാജനെ കണ്ടെത്തിയത്.

തിരുവല്ല സ്വദേശിയായ അബു എബ്രഹാം ലൂക്ക് 2011-ലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എം.ബി.ബി.എസ്. പഠനത്തിനായി എത്തുന്നത്. സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റു. തുടര്‍ന്ന് മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ചികിത്സ തുടങ്ങി. ഈ രജിസ്റ്റര്‍ നമ്പറിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയിട്ടില്ല. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച അബു എബ്രഹാം ലൂക്ക് പിന്നീട് കോഴിക്കോട് തന്നെ തുടര്‍ന്നു. ഇതിനിടെയാണ് കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ചത് ആര്‍.എം.ഒയായി പ്രവര്‍ത്തിച്ച വ്യാജ ഡോക്ടറുടെ ചികിത്സ മൂലമെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. കടലുണ്ടി പൂച്ചേരിക്കുന്ന് പച്ചാട്ട് ഹൗസില്‍ പച്ചാട്ട് വിനോദ് കുമാറാണ് (60) കഴിഞ്ഞ 23ന് മരിച്ചത്.

കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്റര്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കി. അബു പി. സേവ്യര്‍ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം ചോദിച്ചപ്പോള്‍, തനിക്ക് 'രണ്ട് പേര് ഉണ്ട്' എന്നാണ് മറുപടി നല്‍കിയത്. മുമ്പ് ജോലി ചെയ്ത ആശുപത്രിയിലും അന്വേഷിച്ചു. പരാതി കിട്ടിയതോടെ അന്വേഷണമായി. ഇതോടെ എംബിബിഎസിലെ വ്യാജനെ തിരിച്ചറിഞ്ഞു. എം.ബി.ബി.എസ്. പാസ്സായില്ല എന്ന് മനസ്സിലായതും നടപടിയും വന്നു. എം.ബി.ബി.എസ്. കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പരീക്ഷയ്ക്കായി ഇയാള്‍ അവധി എടുത്ത് പോകാറുണ്ടായിരുന്നു.

മരിച്ച വിനോദ് കുമാറിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ഫറോഖ് എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ അബു അബ്രഹാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ അഞ്ചു വര്‍ഷമായി ആര്‍.എം.ഒയാണ് അബു അബ്രഹാം. സംഭവത്തെ തുടര്‍ന്ന് ഇയാളെ ആര്‍.എം.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കി. നേരത്തെ ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുള്ള വിനോദ്കുമാറിനെ 23ന് പുലര്‍ച്ചെ 4.30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ടി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ ചുമതലയിലുണ്ടായിരുന്ന അബു അബ്രഹാം പ്രാഥമിക ചികിത്സ നല്‍കാതെ രക്തപരിശോധനയും ഇ.സി.ജിയും നിര്‍ദ്ദേശിച്ചു.

ബന്ധുക്കളോട് പുറത്ത് പോകാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് അരമണിക്കൂറിനകം വിനോദ് കുമാര്‍ മരിച്ചു. വിനോദ് കുമാര്‍ മരിച്ചതില്‍ സംശയം തോന്നി മകനും പി.ജി ഡോക്ടറുമായ അശ്വിന്‍ പി.വിനോദും ഡോക്ടറായ ഭാര്യ മാളവികയും നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എം.ബി.ബി.എസ് ഫൈനല്‍ പരീക്ഷ പാസായിട്ടില്ലെന്ന് വ്യക്തമായത്. ഡോക്ടറുടെയും ആശുപത്രിയുടെയും അനാസ്ഥയാണ് മരണത്തിന് കാരണമെന്നും കര്‍ശന നടപടി വേണമെന്നും ഭാര്യ പി.സൂരജ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News