അടിച്ചുഫിറ്റായി കാല്‍ നിലത്തുറയ്ക്കാതെ കാറോടിച്ചു; പാര്‍ക്കു ചെയ്ത 15 ഓളം ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ ആക്രമിക്കാനും ശ്രമം; പെണ്‍സുഹൃത്ത് സ്റ്റിയറിംഗ് പിടിച്ചുതിരിച്ചതെന്ന് യുവാവ്; കേസെടുത്ത് പൊലീസ്
കൊച്ചിയില്‍ മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം
കൊച്ചി: കൊച്ചി കുണ്ടന്നൂര്‍ ജംക്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. അടിച്ചുഫിറ്റായി കാല്‍ നിലത്തുറയ്ക്കാതെ കാറോടിച്ച യുവാവ് വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 വാഹനങ്ങളാണ് ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരിലായിരുന്നു അപകടം. സംഭവത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന മഹേഷ് സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കാറില്‍ വരുമ്പോഴായിരുന്നു അപകടം. കുണ്ടന്നൂര്‍ ജംക്ഷനിലെ രാത്രികാല കടകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തി ചായ കുടിക്കുന്ന ഒട്ടേറപ്പേരുണ്ട്. ഇത്തരത്തില്‍ എത്തിയവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിടത്തേക്ക് മഹേഷിന്റെ കാര്‍ പാഞ്ഞുകയറിയത്.
ഇടിയേറ്റ വാഹനങ്ങളില്‍ മിക്കതിനും വലിയ തോതില്‍ കേടുപാടുകളുണ്ടെങ്കിലും ആളപായം സംഭവിച്ചിട്ടില്ല. വാഹനാപകടം ഉണ്ടായ ഉടന്‍ നാട്ടുകാര്‍ തടിച്ചുകൂടിയതോടെ പൊലീസും സ്ഥലത്തെത്തി. എന്നാല്‍ കാറിനു പുറത്തിറങ്ങിയ മഹേഷ് നാട്ടുകാരെ തെറിവിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് ഉടന്‍ തന്നെ ഇയാളെ വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്ന് കൊണ്ടുപോകുകയായിരുന്നു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് കേസെടുത്ത ശേഷം മരട് പൊലീസ് മഹേഷിനെ ജാമ്യത്തില്‍ വിട്ടയച്ചു.
അപകടം ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി കാറിന് പുറത്തിറക്കുമ്പോള്‍ ലഹരി തലയ്ക്കുപിടിച്ചിരുന്ന മഹേഷിന് കാലുകള്‍ നിറത്തുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു മഹേഷ്. കുണ്ടന്നൂര്‍ ഭാഗത്ത് നിരവധി തട്ടുകടകളുണ്ട്. ഇതിലൊരു കടയിലേക്ക് കാര്‍ ഇടിച്ചുകയറുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ എത്തിയവരുടെ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുകൊണ്ടാണ് കാര്‍ തട്ടുകടയിലേക്ക് പാഞ്ഞത്. ഒട്ടുമിക്ക വാഹനങ്ങള്‍ക്കും കാര്യമായ കേടുണ്ട്.
താന്‍ കാര്‍ ഓടിക്കുന്നതിനിടെ പെണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടാവുകയും ഇതിന്റെ ദേഷ്യത്തില്‍ അവര്‍ സ്റ്റിയറിംഗ് പിടിച്ചുതിരിച്ചപ്പോള്‍ നിയന്ത്രണം തെറ്റി അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് മഹേഷ് പയുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥി പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിന്‍ ജേക്കബ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചിരുന്നു. സിഎംഎസ് കോളേജിന് സമീപത്തുനിന്ന് തുടങ്ങിയ അപകട പരമ്പര കുടമാളൂര്‍ കോട്ടക്കുന്നുവരെ തുടര്‍ന്നു. ഒടുവില്‍ നാട്ടുകാരാണ് ജൂബിനെ പിടികൂടിയത്. ഇയാള്‍ക്ക് പരിക്കേറ്റിരുന്നു.