പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്; പരിശോധനയ്ക്ക് ഡല്‍ഹിയില്‍ നിന്നും ഉദ്യോഗസ്ഥരും; ഒറ്റപ്പാലത്ത് പരിശോധന പ്രവാസി വ്യവസായിയുടെ ആഢംബര ഭവനത്തില്‍; ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത് എം.കെ ഫൈസിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍; ഗള്‍ഫില്‍ നിന്നും പി.എഫ്.ഐക്ക് ഫണ്ടെത്തുന്ന വഴി തേടി അന്വേഷണം

പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

Update: 2025-03-20 09:39 GMT

തിരുവനന്തപുരം: രാജ്യമെമ്പാടും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സംസ്ഥാനത്ത് പാലക്കാടും കോട്ടയത്തും ആണ് ഇഡി റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐയുടെയും പിഎഫ്‌ഐയുടെ ഫണ്ട് വരുന്ന വഴികളിലൂടെയാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് സൂചന. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയില്‍ പ്രവാസി വ്യവസായിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കബീര്‍ എന്നയാളുടെ ആഢംബര ഭവനത്തിലാണ് റെയ്ഡ് നടക്കുന്നത്. പ്രവാസിയാണ് കബീര്‍. ഇയാളുടെ ബന്ധുവിനെ തേടിയാണ് എത്തിയതെന്നും സൂചനയുണ്ട്.

ഫെഡറല്‍ ബാങ്കിലെ മൂന്ന് ജീവനക്കാരും റെയ്ഡിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ഡല്‍ഹി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. കോട്ടയത്ത് വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ എസ്ഡിപിഐ നേതാവ് നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് പരിശോധന. രാവിലെ 9.30 ഓടെയാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയത്. മിച്ചഭൂമി കോളനിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. എസ്ഡിപിഐ നേതാവായ നിഷാദ് നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ ഡിവിഷണല്‍ സെക്രട്ടറി ആയിരുന്നു.

പിഎഫ്‌ഐക്ക് വിദേശത്തു നിന്നും വന്‍തോതില്‍ ഫണ്ട് എത്തിയിരുന്നു. ഇത് ഇപ്പോള്‍ എസ്ഡിപിഐക്കായാണ് എത്തുന്നത്. എസ് ഡി പി ഐയും നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം പിരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം വെളിയില്‍ വരാത്ത രീതിയിലുള്ള പണപ്പിരിവുകളും പ്രവര്‍ത്തനങ്ങളും സജീവമാകുന്നതായാണ് റിപ്പോര്‍ട്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത പേരുകളിലാണ് ധനസമാഹരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹവാല വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും പണകൈമാറ്റം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ സമാന പാര്‍ട്ടി സംഘടനകള്‍ രൂപീകരിച്ചതായി കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം( ഐഎഫ്എഫ്), ഇന്ത്യന്‍ സോഷ്യല്‍ ഫോറം ( ഐഎസ്എഫ്) എന്നീ പേരുകളിലായിരുന്നു സംഘടനകള്‍ രൂപീകരിച്ചത്. ഐഎഫ്എഫ് പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലും ഐഎസ്എഫ് എസ് ഡി പി ഐയുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. റമദാന്‍ കളക്ഷന്‍ എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ധനശേഖരണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണെന്നുമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

ഈ ഫണ്ടിന്റെ വഴിയടക്കുകയാണ് അന്വേഷണ ഏജന്‍സികളുടെ ദൗത്യം. അതിനിടെ മിന്നല്‍ ഹര്‍ത്താലിലെ ആക്രമണവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കെഎസ്ആര്‍ടിസിക്ക് 2.42 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഹര്‍ത്താലില്‍ സര്‍വീസ് മുടങ്ങിയതടക്കമുള്ള നഷ്ടം പരിഹരിക്കാനുള്ള തുകയാണിതെന്ന് ഹൈക്കോടതി നിയോഗിച്ച ക്ലെയിം കമീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഹര്‍ത്താലിന് മുമ്പുള്ള ഏഴുദിവസത്തെ കെഎസ്ആര്‍ടിസിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയാണ്. ഹര്‍ത്താല്‍ദിനത്തിലെ വരുമാനം 2,13,21,983 രൂപമാത്രം. സര്‍വീസ് മുടങ്ങിയതിനാല്‍ ഡീസല്‍ ഇനത്തില്‍ 1,22,60,309 രൂപ ലാഭമുണ്ടെങ്കിലും മറ്റു ക്ലെയ്മുകളില്‍ 10,08,160 രൂപ നഷ്ടം വന്നിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥ നഷ്ടം 2,42,58,376 രൂപയാണെന്നാണ് കണ്ടെത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചായിരുന്നു 2022 സെപ്തംബര്‍ 23ന് മിന്നല്‍ ഹര്‍ത്താല്‍. ഹൈക്കോടതി നിരോധിച്ചിട്ടുള്ള മിന്നല്‍ ഹര്‍ത്താലില്‍ 59 കെഎസ്ആര്‍ടിസി ബസുകളാണ് തകര്‍ത്തത്. നിരവധി സര്‍വീസ് തടഞ്ഞു. അക്രമത്തില്‍ 10 ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റിരുന്നു. നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News