ഗോകുലം ഗോപാലനെ തേടി ഇഡി എത്തിയത് എമ്പുരാന്‍ ഇഫക്ടില്‍ അല്ല; ഇഡിക്ക് വഴിവെട്ടിയത് മഞ്ഞുമ്മല്‍ ബോയ്‌സിനെ മറയാക്കി കള്ളപ്പണം വെളിപ്പിച്ചത്; തമിഴ്‌നാട്ടിലെ തീയറ്റര്‍ കളക്ഷന്റെ പേരില്‍ ശ്രീ ഗോകുലം മൂവിസ് കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തല്‍; റിപ്പോര്‍ട്ടര്‍ ടിവിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പരിശോധനയില്‍

ഗോകുലം ഗോപാലനെ തേടി ഇഡി എത്തിയത് എമ്പുരാന്‍ ഇഫക്ടില്‍ അല്ല

Update: 2025-04-04 07:08 GMT

കൊച്ചി: എമ്പുരാന്‍ സിനിമയുടെ നിര്‍മാണ ചുമതല അവസാന നിമിഷം ഏറ്റെടുത്ത ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെല്ലാം ഇഡി പരിശോധന നടക്കുകയാണ്. ചെന്നൈയിലെയും കൊച്ചിയിലെയും ഓഫീസുകളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. ഇതോടെ സംഘപരിവാറിനെ പ്രകോപിപ്പിച്ച എമ്പുരാന്‍ ഇഫക്ടാണോ ഇതിന് പിന്നെലെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഇഡി പരിശോധന ഇപ്പോള്‍ നടക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ സാമ്പത്തിക ഇടപാടകളുമായി ബന്ധപ്പെട്ടാണെന്നാണ് മറുനാടന് ലഭിച്ച വിവരം.

മലയാളത്തില്‍ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വിതരണക്കാരായിരുന്നു ശ്രീ ഗോകുലം മൂവീസ്. ഈ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ കള്ള ടിക്കറ്റ് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരന്റെയും പേരില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭ വിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇഡിയുടെ കേസിലേക്ക് എത്തിയത്.

കേരളത്തിലെ തിയേറ്റര്‍ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇ ഡിയ്ക്ക് രണ്ട് സിനിമാ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ പറവ ഫിലിംസിന്റെ ഉടമസ്ഥരായ ഷോണ്‍ ആന്റണിയെയും സൗബിന്‍ ഷാഹിറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവീസ് സിനിമയുടെ ടിക്കറ്റ് കലക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗോകുലം ഗോപാലനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന് സമാനമായി മറ്റു പല സിനിമകളുടെയും റേറ്റിംഗ് ഉയര്‍ത്തി കാണിക്കാന്‍ പിന്നില്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇവരുടെ പരാതി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളില്‍ ചിലതും ഈ ലോബിയുടെ നിയന്ത്രണത്തിലാണെന്നും പരാതി ഉയര്‍ന്നിരുന്നു.

തമിഴ്‌നാട്ടിലെ വിതരണ ചുമതലയുണ്ടായിരുന്ന ഗോകുലം മൂവീസ് തീയറ്ററുകളുമായി ഒത്തുകളിച്ചു കള്ളപ്പണം വെളിപ്പിച്ചെന്നാണ് ആക്ഷേപം.

പ്രദര്‍ശനത്തിന് അഞ്ചും ആറും മണിക്കൂര്‍ മുന്‍പുതന്നെ ബുക്കിങ് ആപ്പില്‍ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകള്‍ പകുതിയില്‍ അധികം ഒഴിഞ്ഞ സീറ്റുകളോടെ പ്രദര്‍ശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അടക്കമാണ് ഇ.ഡിക്കു പരാതി ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പു തന്നെ ലക്ഷക്കണക്കിനു രൂപയുടെ സൗജന്യ ടിക്കറ്റുകള്‍ ലോബിയുടെ കൈവശം എത്തും.

ഇതു മുഴുവന്‍ സിനിമയുടെ യഥാര്‍ഥ ടിക്കറ്റ് കലക്ഷനായി കണക്കില്‍ വരും എന്നതാണ് തന്ത്രം ഇത്തരം ലോബിയുമായി സഹകരിക്കാന്‍ തയാറാകാത്ത നിര്‍മാതാക്കളുടെ സിനിമകളെ തിയറ്ററില്‍ നിന്നു പിന്‍വലിക്കാന്‍ ചരടുവലിക്കുന്നതായും പരാതിയില്‍ ഉയര്‍ന്നിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മറവില്‍ വന്‍ കള്ളപ്പണം വെളിപ്പിക്കല്‍ നടന്നെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലാണ് ഗോകുലത്തില്‍ ഇഡി എത്തിയതും. അതേസമയം റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളുമായുള്ള ഗോകുലം ഗോപാലിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടര്‍ ചാനലില്‍ ഗോകുലം ഗോപാലന് പ്രത്യക്ഷത്തില്‍ നിക്ഷേപങ്ങളൊന്നും ഇല്ല. എന്നാല്‍, ചാനല്‍ ഉടമകളായവരുമായി ചേര്‍ന്ന് രണ്ട് നക്ഷത്ര ഹോട്ടലുകളുടെ നടത്തിപ്പില്‍ ഗോകുലം ഗോപാലന് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഗോകുലത്തിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇഡി പരിശോധന എത്തുന്നത്.

ഗോകുലത്തിന്റെ ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് ഇഡി പരിശോധന നടത്തിയത്. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ 'എമ്പുരാന്‍' 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.

വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവാണ് ഗോകുലം ഗോപാലാന്‍. ലൈയ്ക്ക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരന്‍ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. പ്രേക്ഷകര്‍ സ്നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു.

Tags:    

Similar News