'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..'; ഷൈനിയെ വാട്സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; ആത്മഹത്യാ പ്രേരണക്ക് തെളിവുമായി പോലീസ്

'എന്ന് ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..';

Update: 2025-03-25 04:06 GMT

കോട്ടയം: മലയാളികളുടെ മനസ്സാക്ഷിയെ നടുക്കിയ സംഭവമായിരുന്നു ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത്. ഈ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിലെ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. ഇവര്‍ ആത്മഹത്യ ചെയ്തത് നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. നോബിക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടു.

ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതുവരെ ജീവിതത്തില്‍ പൊരുതി ജീവിച്ച ഷൈനി തളര്‍ന്നു പോയത് സ്വന്തം മക്കളെ പോലും തള്ളിപ്പറഞ്ഞുള്ള നോബിയുടെ വാക്കുകളായിരുന്നു. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോണ്‍ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഭര്‍തൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.

കടുത്ത സാമ്പത്തിക പ്രയാസത്തിലും മറ്റുമാണ് ഷൈനി ജീവിച്ചു പോന്നത്. ഭര്‍ത്താവിന്റെ സഹായം ഇല്ലാതെ കുട്ടികളെ പഠിപ്പിച്ചു വരികയായിരുന്നു. ഒരു ജോലി ലഭിക്കാന്‍ പലവഴികളും തേടിയെങ്കിലും അതൊന്നും ലഭിച്ചില്ല. ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷൈനി. ഇതിനിടെയാണ് വിവാഹ മോചനം നല്‍കാന്‍ തയ്യാറാകാതെ ഭര്‍ത്താവ് ഒളിച്ചു കളി തുടങ്ങിയത്. ഇതെല്ലാം അവരെ കടുത്ത ബുദ്ധിമുട്ടിലാക്കി.

ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ചത് രാത്രി പത്തരയ്ക്കാണ്. വാട്‌സ് ആപ്പില്‍ വിളിച്ച് നോബി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. 'നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാന്‍ നാട്ടിലേക്ക് വരണമെങ്കില്‍ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ' എന്നാണ് നോബി ചോദിച്ചത്. ഈ വാക്കുകളാണ് അതുവരെ പിടിച്ചു നിന്ന ഷൈനിയുടെ ചങ്കില്‍ തറച്ചത്. ഈ ഫോണ്‍വിളിച്ചു നേരം പുലരുമ്പോള്‍ നോബി കേട്ടത് കൂട്ട ആത്മഹത്യയുടെ വാര്‍ത്തയായിരുന്നു.

അതിക്രൂരമായ ഈ വാക്കുകള്‍ ആത്മഹത്യാ പ്രേരണക്ക് കാരണായി എന്നാണ് പോലീസ് പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതി നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടതും. പണവും സ്വാധീനവും ഉള്ളതിനാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. നോബിക്ക് ജാമ്യം കൊടുത്താല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തും പതിനൊന്നും വയസ്സുള്ള രണ്ടു പെണ്‍മക്കളുടെ മരണത്തിന് കാരണക്കാരനാണ് പ്രതി. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായതിനാല്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയില്‍ നിരാശ ഉണ്ടാകും. സ്വന്തം മക്കളുടെ കാര്യങ്ങള്‍ പോലും നടത്താത്ത ക്രൂരമനസുള്ള ആളാണ് പ്രതിയെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചാല്‍ സമൂഹത്തില്‍ മറ്റ് നോബിമാര്‍ക്ക് പാഠമാകുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന പ്രതി ജാമ്യം കിട്ടിയാല്‍ വിദേശത്ത് ഒളിവില്‍ പോകുമെന്നും തിരികെ വരാന്‍ സാധ്യതയില്ലെന്നുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫെബ്രുവരി 28 ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. കോട്ടയം നിലമ്പൂര്‍ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. ഏറ്റുമാനൂര്‍ സ്റ്റേഷന് മുമ്പുള്ള പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം.

പള്ളിയില്‍ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബി എസ് സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.

നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്ന് സുഹൃത്തിനോട് ഷൈനി സുഹൃത്തുക്കളോടായി പറഞ്ഞിരുന്നു.

Tags:    

Similar News