മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ വഴി തെളിച്ചത് ഇഡിയുടെ വരവിന്; കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെയും ചോദ്യം ചെയ്‌തേക്കും; മാസപ്പടി ഡയറിയിലേക്കും അന്വേഷണം നീളാന്‍ സാധ്യത
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ വഴി തെളിച്ചത് ഇഡിയുടെ വരവിന്
കൊച്ചി: മാസപ്പടി കേസില്‍, അതിവേഗ നടപടികളുമായി ഇഡി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജികും, സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട കേസില്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കാനാണ് നീക്കം.
കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്‌തേക്കും. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇപ്പോള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. അതിനിടെ, കുറ്റപത്രത്തിന്റെ പകര്‍പ്പ് വാങ്ങി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്.
ഇഡി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷാണ് എസ്എഫ്‌ഐഒ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകും.
സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ ഒരുവര്‍ഷം മുന്‍പ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ ഇനി ആ പ്രശ്‌നമില്ല. ഇതോടെ മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയോ പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തോ അന്വേഷണം ഊര്‍ജിതമാക്കാനാണ് ഇഡി നീക്കം. കുറ്റപത്രം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്.
സിഎംആര്‍എല്‍, എക്സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തത്. അതേസമയം സിഎംആര്‍എലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ആദ്യ ബെഞ്ചിലേക്ക് കൈമാറി. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നീക്കം.
2018-19ല്‍ കൊച്ചിന്‍ മിനല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ ( സിഎംആര്‍എല്‍) നിന്ന് സേവനങ്ങളൊന്നും കൈമാറാതെ എക്സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി അനധികൃതൃമായി വാങ്ങിയെന്നാണ് കേസ്. 2023 ലെ ഒരു ആദായനികുതി കേസിനെ തുടര്‍ന്ന് വീണ വിവിധ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞാഴ്ചയാണ് വീണയ്ക്ക് എതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് എസ്എഫ്ഐഒ കൊച്ചി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
' കേസിന്റെ രേഖകള്‍ തേടി എസ്എഫ്ഐക്ക് ഞങ്ങള്‍ എഴുതിയിട്ടുണ്ട്. എസ്എഫ്ഐഒയുടെ കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. രേഖകള്‍ പരിശോധിച്ച ശേഷം കേസെടുക്കും'-മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 പ്രകാരമാണ് എസ്എഫ്ഐഒ വീണയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഇത് പിഎംഎല്‍എയുടെ കീഴില്‍ വരുമെന്നാണ് ഇഡി പറയുന്നത്. നേരത്തെ മാസപ്പടികേസില്‍ സി എം ആര്‍ എല്‍, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. മാസപ്പടി കേസില്‍ ഇഡി കൂടി എത്തുന്നതോടെ കോര്‍പ്പറേറ്റ് ഫ്രോഡ് എന്നതിനപ്പുറം സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലേക്ക് കൂടി അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.