ക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ സ്പിരിറ്റ് എത്തുന്നു; രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് ദേശീയ പാതയില്‍ കാത്തുനിന്നു; പിന്നാലെ മുന്തിരി ലോഡുമായി പിക്കപ്പ് ലോറിയെത്തി; പരിശോധനയിൽ പിടിച്ചെടുത്തത് 2600 ലിറ്റര്‍ സ്പിരിറ്റ്; രണ്ട് പേർ പിടിയിൽ

Update: 2024-12-04 05:11 GMT

തൃശ്ശൂർ: ബംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡില്‍ ഒളിപ്പിച്ചെത്തിയ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയത് സാഹസികമായി. രഹസ്യ വിവരത്തെ തുടർന്ന് തൃശൂര്‍ മണ്ണുത്തി ദേശീയ പാതയിൽ നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി. പ്രദീപ്, ഹരി എന്നിവരാണ് പിടിയിലായത്. 2600 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് പിടിച്ചെടുത്തത്. പരിശോധനക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ കൊടുങ്ങല്ലൂര്‍ സ്വദേശിക്കായി തെരച്ചിലാരംഭിച്ചു.

ക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എക്സൈസിന്‍റെ വിവിധ സ്ക്വാഡുകള്‍ മണ്ണൂത്തി ദേശീയ പാതയില്‍ പരിശോധന നടത്തിയത്. ഈ സമയത്താണ് ബംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡുമായി പിക്കപ്പ് ലോറി എത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ വാഹനം ദേശീയപാതയുടെ അരികിലൊതുക്കുകയും മറ്റൊരു കാര്‍ അടുത്തുവന്നു നിര്‍ത്തുകയും ചെയ്തു. സംശയം തോന്നിയ എക്സൈസ് സംഘം വാഹനം ബ്ലോക്ക് ചെയ്യുകയായിരുന്നു.

തുടർന്ന് കാറില്‍ നിന്നിറങ്ങിയ കൊടുങ്ങല്ലൂര്‍ സ്വദേശി തിരികെക്കയറി കാര്‍ വെട്ടിച്ചെടുത്ത് കടന്നു. പിക്കപ്പില്‍ നിന്ന് മുന്തിരി ലോഡ് ഇറക്കി നടത്തിയ പരിശോധനയിലാണ് എഴുപത്തിയൊമ്പത് കന്നാസുകളിലായി സൂക്ഷിച്ച 2600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. വ്യാജ വിദേശ മദ്യ നിര്‍മാണത്തിനാണ് സ്പിരിറ്റെത്തിച്ചതെന്നാണ് നിഗമനം. രക്ഷപെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ജിതിനായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി. 

Tags:    

Similar News