'ചന്ദ്ര'യുടെ വിശ്വരൂപം കാണാൻ തിയറ്ററിലേക്ക് ഓടിയ മാതാപിതാക്കൾ; ഉന്തിയും തള്ളിയും അകത്ത് കയറിയപ്പോൾ അറിഞ്ഞത് മറ്റൊരു സത്യം; അവിടെ നിന്നും ഇറങ്ങി ഓടുന്നതിനിടെ മറന്നുവെച്ചത് സ്വന്തം രക്തത്തെ; ഒടുവിൽ ജീവനക്കാരുടെ ഇടപെടലിൽ രക്ഷ

Update: 2025-09-15 10:09 GMT

ഗുരുവായൂർ: മലയാളത്തിൽ പുതിയതായി പുറത്തിറങ്ങിയ 'ലോക' സിനിമയുടെ ടിക്കറ്റ് ലഭിക്കാനുള്ള നെട്ടോട്ടത്തിനിടെ ഏഴുവയസ്സുകാരനായ മകനെ തിയേറ്ററിന് മുന്നിൽ മറന്നുവെച്ച് കുടുംബം. സംഭവം നടന്നത് ശനിയാഴ്ച രാത്രി ഗുരുവായൂരിലാണ്. 'ലോകം' എന്ന സിനിമ കാണാനെത്തിയ ചാവക്കാട് സ്വദേശികളായ സംഘം, ടിക്കറ്റ് കിട്ടാതെ വന്നതോടെ സമീപത്തെ മറ്റൊരു തിയേറ്ററിലേക്ക് മാറിയിരുന്നു. എന്നാൽ, തിടുക്കത്തിനിടയിൽ ഇവർ കുട്ടി കൂടെയുണ്ടെന്ന് ശ്രദ്ധിച്ചില്ല.

ദേവകി തിയേറ്ററിന് മുന്നിൽ സിനിമ കാണാൻ ടിക്കറ്റ് കിട്ടാതെ കൂട്ടം തെറ്റിയ കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട തിയേറ്റർ ജീവനക്കാരാണ് സംഭവം ആദ്യം അറിഞ്ഞത്. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്, തങ്ങൾ വന്ന ട്രാവലർ സംഘം മറ്റൊരു തിയേറ്ററിലേക്ക് പോയ വിവരം ജീവനക്കാർക്ക് ലഭിച്ചത്. തുടർന്ന്, ജീവനക്കാർ പടിഞ്ഞാറേ നടയിലെ അപ്പാസ് തിയേറ്ററുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും അപ്പാസ് തിയേറ്ററിൽ സിനിമ തുടങ്ങി ഇടവേള സമയം അടുത്തിരുന്നു.

അപ്പാസ് തിയേറ്റർ അധികൃതർ സിനിമ നിർത്തിവെച്ച്, "ട്രാവലറിൽ സിനിമ കാണാൻ വന്നവർ ശ്രദ്ധിക്കുക, കൂട്ടത്തിലൊരു കുട്ടിക്ക് തെറ്റുപറ്റി മറ്റൊരു തിയേറ്ററിൽ ഉണ്ട്" എന്ന അറിയിപ്പ് നൽകി. ഈ അറിയിപ്പ് കേട്ട് ട്രാവലർ സംഘം പുറത്തിറങ്ങി, കുട്ടിയെ അന്വേഷിച്ച് ദേവകി തിയേറ്ററിലേക്ക് തിരിച്ചെത്തി. ഇതിനിടയിൽ, തിയേറ്റർ ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചിരുന്നു.

പോലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും, മാതാപിതാക്കൾ തിരിച്ചെത്തിയതോടെ കുട്ടിയെ കൈമാറി. സിനിമ കാണാൻ പോയതിനിടെ ഇങ്ങനെയൊരു സംഭവം ഉണ്ടായത് ബന്ധപ്പെട്ടവരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു.

അതേസമയം, ബോക്സ് ഓഫീസ് കളക്ഷനിലും ടിക്കറ്റ് വിൽപനയിലും പുതിയ റെക്കോർഡുകൾ സ്ഥാപിച്ച് ‘ലോക’ സിനിമ മുന്നേറുന്നു. ബുക്ക് മൈ ഷോയിൽ ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ ടിക്കറ്റ് വിൽപനയാണ് ‘ലോക’ സ്വന്തമാക്കിയത്. 18 ദിവസത്തിനുള്ളിൽ 4.52 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഇത് ‘തുടരും’ സിനിമയുടെ 4.51 ലക്ഷം ടിക്കറ്റ് വിൽപന എന്ന മുൻ റെക്കോർഡിനെ മറികടന്നാണ്.

ചിത്രം റിലീസ് ചെയ്ത് 19 ദിവസത്തിനുള്ളിൽ 250 കോടി രൂപയുടെ ആഗോള കളക്ഷൻ നേടി ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചു. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് ചിത്രം ഇതുവരെ 90 കോടി രൂപയോളം കളക്ഷൻ നേടി. വിദേശത്തു നിന്നു മാത്രം 100 കോടി രൂപയാണ് ചിത്രം നേടിയത്.

Tags:    

Similar News