പാക്കിസ്ഥാന് വേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുത്തു യുവാക്കള്‍; ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍; ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ഏജന്റുമാര്‍ വഴി വിസ നേടി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു; യാത്രയ്ക്കിടെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സ്റ്റാഫുമായി അടുത്തബന്ധം സ്ഥാപിച്ചു

ചാരവൃത്തി നടത്തിയ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ

Update: 2025-05-17 11:31 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയവര്‍ അറസ്റ്റില്‍. ശത്രുരാജ്യത്തിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന ആസ്ഥാനമായുള്ള ഒരു ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ശൃംഖല ഇവര്‍ക്കുള്ളതായും അവര്‍ പാക്കിസ്ഥന്റെ ഏജന്റുമാരായും, സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് ആരോപച്ചു.

പ്രതികളില്‍ ഒരാള്‍ 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ്. ഇവര്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം 2023ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. യാത്രയ്ക്കിടെ, ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി അവര്‍ അടുത്ത ബന്ധം സ്ഥാപിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷാക്കിര്‍ എന്ന റാണ ഷഹബാസിനെ ജാട്ട് രണ്‍ധാവ എന്ന പേരിലാണ് ജ്യോതി ഫോണില്‍ സേവ് ചെയ്തത്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ബാലിയില്‍ ഇരുവരും ദിവസങ്ങളോളം ഒന്നിച്ച് കഴിഞ്ഞിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 152, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.


 



ജ്യോതിയെ കൂടാതെ പഞ്ചാബിലെ മലേര്‍കോട്ലയില്‍ നിന്നുള്ള 32 വയസ്സുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന്, പാക്‌സിതാന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനെ സന്ദര്‍ശിച്ചിരുന്നു. ചാറ്റുകളിലൂടെയും വീഡിയോ കോളുകളിലൂടെയുമാണ് ഡാനിഷും ഗുസാലയും പ്രണയബന്ധം ആരംഭിക്കുന്നത്. തുടക്കത്തില്‍ വാട്‌സാപ്പ് വഴി ആയിരുന്നെങ്കിലും ടെലിഗ്രാമിലേക്ക് മാറുന്നതാണ് സുരക്ഷിതമെന്ന് ഡാനിഷ് അഭിപ്രായപെട്ടതായി ഗുസാല മൊഴി നല്‍കി. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്. വൈകാരിക ബന്ധങ്ങള്‍, സമ്മാനങ്ങള്‍, വ്യാജ വിവാഹ വാഗ്ദാനങ്ങള്‍ എന്നിവയിലൂടെ മതപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ദുര്‍ബലരായ വ്യക്തികളെ വഴിതെറ്റിച്ച ഒരു വലിയ ചാരവൃത്തിയുടെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പട്യാലയിലെ ഖല്‍സ കോളേജിലെ വിദ്യാര്‍ത്ഥിയായ ദേവേന്ദ്ര സിംദ് ധില്ലണ്‍ (25) ആണ് അറസ്റ്റിലായമറ്റരാള്‍. ഇന്ത്യയുടെ നീക്കങ്ങളെ കുറിച്ചും തന്ത്രപ്രധാനമായ വിവരങ്ങളെ കുറിച്ചും പാകിസ്താന് പങ്കുവച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. പിസ്റ്റളുകളുടെയും തോക്കുകളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്ക് വഴി പാകിസ്താന് പങ്കുവച്ചിരുന്നു. പട്യാല കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയാണ് യുവാവ്. ദേവേന്ദ്ര സിംഗിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിയും പാക് ഉദ്യോഗസ്ഥരും തമ്മിലുള്ള പണമിടപാടിനെ കുറിച്ച് കണ്ടെത്തുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ്.


 



കഴിഞ്ഞ വര്‍ഷം കര്‍താര്‍പൂര്‍ വഴി പാക്കിസ്ഥാനിലേക്ക് പോയതായും പാകിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരോട് ഇന്ത്യയിലെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥിക്ക് പാക് ഇന്റലിജന്‍സ് ഏജന്‍സി പണം നല്‍കിയിരുന്നു. പട്യാല സൈനിക കന്റോണ്‍മെന്റിന്റെ ചിത്രങ്ങളും പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കി. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താന് വിവരങ്ങള്‍ കൈമാറിയതിന് വലിയ തുകയാണ് യുവാവ് കൈപ്പറ്റിയത്. സഹോദരന്റെയും പ്രതി ജോലി ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറുടെയും അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്.

Tags:    

Similar News