മത്സ്യബന്ധന കയറ്റുമതി ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന വാഗ്‌ദാനം; ആദ്യ നിക്ഷേപത്തിൽ ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റി ദമ്പതികൾ; പിന്നീട് കൈപ്പറ്റിയത് ലക്ഷങ്ങൾ; ഒടുവിൽ മുതലുമില്ല ലാഭവുമില്ല; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും അസഭ്യ വർഷവും; പ്രതിയെ പിടികൂടാനാകാതെ പോലീസ്
കൊച്ചി: ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ പ്രതികളെ പിടികൂടാൻ പോലീസ് മടിക്കുന്നത് ഉന്നത അധികാരികളുടെ സമ്മർദ്ദം കാരണമെന്ന് സൂചന. എറണാകുളം കലൂർ സ്വദേശിയായ ഫിറോസ് ഖാൻ (40) എന്നയാളുടെ പരാതിയിലാണ് കേസ്. മലപ്പുറം വെളിയംകോട് സ്വദേശി മുഹമ്മദ് ഫാസിൽ (30), ഭാര്യ ഫാത്തിമ (26) എന്നിവർക്കെതിരെയാണ് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരനിൽ നിന്നും 66,3000 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. എറണാകുളം, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് സമാനമായി നിരവധിപേരെ പ്രതികൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.
സുഹൃത്ത് വഴിയാണ് പ്രതികളായ ദമ്പതികളെ ഫിറോസ് ഖാൻ പരിചയപ്പെടുന്നത്. തങ്ങളുടെ മത്സ്യബന്ധന കയറ്റുമതി ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ലാഭ വിഹിതം നൽകാമെന്നായിരുന്നു ദമ്പതികളായ ഫാസിലും, ഫാത്തിമയും ഫിറോസ് ഖാനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ശേഷം പരാതിക്കാരനിൽ നിന്നും ദമ്പതികൾ 75,000 രൂപ കൈപ്പറ്റി. ഇതിന്റെ ലാഭവീതം കൃത്യമായി നൽകി പ്രതികൾ പരാതിക്കാരന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. പിന്നീടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. നിക്ഷേപമായി വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാമെന്ന ദമ്പതികളുടെ വാഗ്‌ദാനത്തിൽ ഫിറോസ് കബളിപ്പിക്കപ്പെടുകയായിരുന്നു. 59,3000 ലക്ഷം രൂപയാണ് രണ്ടാം തവണ പ്രതികൾ ഫിറോസിൽ നിന്നും കൈപ്പറ്റുന്നത്.
മുതലും ലാഭവിഹിതവും ചേർത്ത് 66,3000 ലക്ഷം രൂപയാണ് പ്രതികൾ പരാതിക്കാരന് മടക്കി നൽകേണ്ടിയിരുന്നത്. എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് താൻ വലിയൊരു തട്ടിപ്പിനിരയായ കാര്യം ഫിറോസിന് മനസ്സിലാകുന്നത്. പ്രതികൾ പരാതിക്കാരന്റെ അമ്മയെ ഫോണിലൂടെ അസഭ്യം പറയുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സമാനമായ രീതിയിൽ പ്രതികൾ നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന. ഭാരതീയ ന്യായ സംഹിതയിലെ 406, 420, 294(ബി), 506 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഒന്നാം പ്രതി മുഹമ്മദ് ഫാസിൽ ഗോവയിലാണെന്നാണ് സൂചന.