ക്രൂരപീഡനത്തിന് ഇരയായത് ആറു വയസ്സുകാരി; പ്രതികളായ മൂന്ന് പേർക്കും പ്രായം 15 വയസ്സിൽ താഴെ; പ്രതിയായ മകനെ കയ്യോടെ പോലീസിന് കൈമാറി അമ്മ; അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ച് തെരുവിലിറങ്ങി നാട്ടുകാർ
ഡൽഹി: ജൻപുരയിൽ ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. 15 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ ചേർന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18-നാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്.
പെൺകുട്ടിയുടെ അവസ്ഥ കണ്ട് മനംനൊന്ത് പ്രതികളിൽ ഒരാളുടെ അമ്മ തന്നെയാണ് സ്വന്തം മകനെ പോലീസിൽ ഏൽപ്പിച്ചത്. പ്രതികളെല്ലാം പെൺകുട്ടിയുടെ അയൽവാസികൾ തന്നെയാണ്.പെൺകുട്ടിയെ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഭജൻപുരയിലെ നാട്ടുകാർ കഴിഞ്ഞ നാല് ദിവസമായി തെരുവിൽ ശക്തമായ പ്രതിഷേധത്തിലാണ്.
പ്രതികളായ മൂന്ന് ആൺകുട്ടികളും ഫാക്ടറി തൊഴിലാളികളാണെന്ന് പോലീസ് വ്യക്തമാക്കി. തുടർനടപടികൾ കസ്റ്റഡിയിലെടുത്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തി.
കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ കൗൺസിലിംഗും മറ്റ് പരിചരണങ്ങളും നൽകിവരികയാണെന്ന് പോലീസ് അറിയിച്ചു. ഉത്തരവാദികളായ എല്ലാവർക്കും മാതൃകാപരമായ കഠിനശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.