പറക്കാട്ടുമല ഡിവിഷനില്‍ ബിജെപിക്കായി നാമനിര്‍ദ്ദേശം നല്‍കിയ ഗിരീഷ് ബാബു; കോണ്‍ഗ്രസുമായുള്ള ഡീലില്‍ പത്രിക പിന്‍വലിച്ചെന്ന് സിപിഎം ആരോപണം; ജെയ്‌സി എബ്രഹാമിനെ കൊന്നു തള്ളിയ ക്രൂരന്റെ രാഷ്ട്രീയവും ചര്‍ച്ചകളിലേക്ക്; കുടുംബവുമായി പരിഞ്ഞ് ധൂര്‍ത്തിന്റെ വഴിയേ പോയി; ഖദീജ കാമുകിയായപ്പോള്‍ കൊലപാതകി; കൂനംതൈയിലെ വില്ലന്റെ കഥ
കളമശേരി: കൂനംതൈയിലെ ഫ്‌ലാറ്റില്‍ അമ്പത്തഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗിരീഷ് ബാബു ആര്‍എസ്എസ്-ബിജെപി സജീവപ്രവര്‍ത്തകനെന്ന് ആരോപണം. കളമശേരി നഗരസഭയിലേക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറക്കാട്ടുമല ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഇയാള്‍ പത്രിക നല്‍കിയിരുന്നുവെന്നാണ് സിപിഎം പറയുന്നത്. സിപിഎം സ്ഥാനാര്‍ഥിയായ പി വി ഉണ്ണിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനുവേണ്ടി അവസാനനിമിഷം പിന്‍മാറിയെന്നും പറയുന്നു. തെരഞ്ഞെടുപ്പില്‍ ഉണ്ണിക്കായിരുന്നു ജയം. പ്രതി ഗിരീഷ് ബാബുവിനെ കളമശേരി പൊലീസ് ചൊവ്വ വൈകിട്ടോടെ കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് കാക്കനാട്ടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോയി. ബുധന്‍ രാവിലെ ഇയാളെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുക്കും
ബിജെപി പ്രാദേശിക, അഖിലേന്ത്യ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ സ്ഥിരമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, കളമശേരി കൗണ്‍സിലറും മണ്ഡലം നേതാവുമായ പ്രമോദ് തൃക്കാക്കര തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഗിരീഷ് ബാബുവിന്റെ ഫെയ്സ്ബുക് പേജിലുണ്ടെന്നും സിപിഎം പറയുന്നു. കങ്ങരപ്പടി നാണിമൂല ലെനിന്‍ റോഡില്‍ ആറുവര്‍ഷംമുമ്പ് വാങ്ങിയ വീട്ടിലായിരുന്നു ഇയാള്‍ കുടുംബമായി താമസിച്ചിരുന്നത്. കുടുംബവുമായി പിരിഞ്ഞതോടെ ആറുമാസമായി കാക്കനാട് മൈത്രിപുരത്ത് സഹോദരനും അമ്മയ്ക്കുമൊപ്പമായിരുന്നു. കൊച്ചി കരുവേലിപ്പടി സ്വദേശിയാണ്.
കളമശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ പിടിയിലിയിരുന്നു. പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശിനി ജെയ്‌സി എബ്രഹാം (55) കൊല്ലപ്പെട്ട കേസില്‍ ഇവരുടെ സുഹൃത്തുക്കളായ തൃക്കാക്കര സ്വദേശി ഗിരീഷ്ബാബു, തൃപ്പൂണിത്തുറ സ്വദേശി ഖദീജ എന്നിവരാണ് പിടിയിലായത്. ജയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ് പ്രതി ഗിരീഷ് ബാബു. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ജെയ്സിയുടെ പരിചയക്കാരനായിരുന്നു ഗിരീഷ്. ജെയ്സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കുന്നതിനായിരുന്നു കൊലയെന്ന് പൊലീസ് അറിയിച്ചു. കൊല ആസൂത്രണം ചെയ്തത് ഖദീജയുടെ വീട്ടില്‍വച്ചായതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്.പണവും സ്വര്‍ണവും ജെയ്സിയുടെ പക്കല്‍ ഉണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ് ഇയാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഹെല്‍മറ്റ് ധരിച്ച് ബാഗുമായി അപ്പാര്‍ട്ട്‌മെന്റില്‍ ഗിരീഷ് എത്തുന്നതിന്റെയും തിരികെ വസ്ത്രം മാറി ഹെല്‍മറ്റ് ധരിച്ച് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍പൊലീസിന് ലഭിച്ചിരുന്നു. അപ്പാര്‍ട്ടുമെന്റിലെ ഈ ദൃശ്യങ്ങളുടെ വെളിച്ചത്തിലാണ് അന്വേഷണം നടന്നത്.
ജെയ്‌സിയുടെ തലയില്‍ പത്തോളം മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നില്‍ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും സംഭവദിവസം പൊലീസ് പറഞ്ഞിരുന്നു. ബാഗില്‍ ഡംബലുമായാണ് ഗിരീഷ് വന്നത്. ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചാണ് ജെയ്സിയെ കൊലപ്പെടുത്തിയത്. രണ്ട് പവന്‍ ആഭരണവും മൊബൈലും തട്ടിയെടുക്കാനാണ് കൊല നടത്തിയത്. ജെയ്‌സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും സ്ഥലത്ത് നിന്നും കാണാതായിരുന്നു. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ച യുവാവ് ഞായറാഴ്ച രാവിലെ 10.20ന് അപ്പാര്‍ട്ട്മെന്റിന് മുന്നിലെ റോഡിലൂടെ നടന്ന് പോകുന്നതായി കണ്ടെത്തി. 12.50ന് ഇയാള്‍ തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അപ്പോഴും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷര്‍ട്ടാണ് തിരികെ വരുമ്പോള്‍ ധരിച്ചിരുന്നത്. പെരുമ്പാവൂര്‍ സ്വദേശിയാണ് ജെയ്സിയുടെ ഭര്‍ത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്സി അകന്നാണ് കഴിയുന്നത്. വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാല്‍ കാനഡയിലുള്ള ജെയ്സിയുടെ മകള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജെയ്സിയുടെ മകള്‍ വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.
ജെയ്സിയെ കൊലപ്പെടുത്താന്‍ ഗിരീഷ് ബാബുവും ഖദീജയും നടത്തിയതു വന്‍ ആസൂത്രണവും ഗൂഢാലോചനയുമാണ്. കൊലയ്ക്കു രണ്ടു മാസം മുന്‍പു തന്നെ ഇരുവരും ആസൂത്രണം ആരംഭിച്ചിരുന്നു. ശ്രമം പാളിപ്പോകാതിരിക്കാന്‍ ഗിരീഷ് ബാബു കൊലയ്ക്കു രണ്ടാഴ്ച മുന്‍പേ ഡ്രസ് റിഹേഴ്സല്‍ നടത്തിയതായും പൊലീസ് കണ്ടെത്തി. കൊല നടത്തിയ ശേഷം തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഗിരീഷ് ബാബു എടുത്തു. വിരലടയാളം വീട്ടിലെങ്ങും പതിയാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്ത ഗീരീഷ് ബാബു ജെയ്സിയെ വിവസ്ത്രയാക്കിയ ശേഷം സ്വയം വിവസ്ത്രനായാണു കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി. വസ്ത്രങ്ങളില്‍ രക്തം തെറിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
ഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി ജെയ്സിയെ ബന്ധപ്പെട്ടു ഫ്ലാറ്റില്‍ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാര്‍ക്ക് ഇത്തരത്തില്‍ സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ഏജന്റ് ആയിരുന്നു ജെയ്സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി. ജെയ്‌സിയെ കൊന്ന് സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനുസമീപത്തെ വീട്ടില്‍നിന്ന് 17ന് രാവിലെ സഹോദരന്റെ ബൈക്കില്‍ ഗിരീഷ് ബാബു പലവഴികളിലൂടെ സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ്‌ലൈന്‍ റോഡിലെത്തി. അവിടെനിന്ന് രണ്ട് ഓട്ടോകള്‍ മാറിക്കയറി ജെയ്‌സിയുടെ ഫ്ലാറ്റിലെത്തി.
കൈയിലുണ്ടായിരുന്ന മദ്യം ജെയ്‌സിക്കൊപ്പം കഴിച്ചു. മദ്യലഹരിയിലായ ജെയ്‌സി കട്ടിലില്‍ കിടന്നു. ഈ സമയം പ്രതി ബാഗില്‍ കരുതിയ ഡംബല്‍ എടുത്ത് അവരുടെ തലയില്‍ പലതവണ അടിച്ചു. നിലവിളിച്ചപ്പോള്‍ മുഖം തലയണവച്ച് അമര്‍ത്തിപ്പിടിച്ച് മരണം ഉറപ്പാക്കി. കൊലപാതകശേഷം ജെയ്‌സിയുടെ രണ്ട് ഫോണുകളും കൈയിലുണ്ടായിരുന്ന രണ്ടുപവന്റെ രണ്ട് വളകളും മോതിരവും കവര്‍ന്നു. ഫ്ലാറ്റിന്റെ വാതില്‍ കൈയിലുണ്ടായിരുന്ന മറ്റൊരു താക്കോല്‍ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടി. 17ന് പകല്‍ 12.30നും ഒന്നിനുമിടയിലായിരുന്നു കൊലപാതകം. കിടപ്പുമുറിയില്‍ ഡംബെല്‍സ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയില്‍ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. സിസിടിവിയിലൂടെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് എത്തിയത്. മുറിയില്‍ നിന്നു പോകുമ്പോള്‍ മറ്റൊരു വസ്ത്രം ധരിച്ചാണു പ്രതി പുറത്തിറങ്ങിയതും. ജെയ്സിയെ രണ്ടു മാസം ഫോണില്‍ ബന്ധപ്പെടാതിരിക്കാനും പ്രതി മുന്‍കരുതലെടുത്തു. കുളിമുറിയില്‍ മറിഞ്ഞു വീണുള്ള അപകടമരണമാണെന്നു പൊലീസ് കരുതാന്‍ വേണ്ടതെല്ലാം പ്രതി ചെയ്തുവെന്നു പൊലീസ് പറയുന്നു.