ആനന്ദകുമാറിന് മാസംതോറും 10 ലക്ഷം നല്‍കിയിരുന്നുവെന്ന് അനന്തുകൃഷ്ണന്റെ മൊഴി; അന്വേഷണം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാനിലേക്ക് വ്യാപിപ്പിച്ചു പോലീസ്; ആ രാജിയും പരിശോധിക്കും; പാതിവില ഓഫര്‍ തട്ടിപ്പില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് അന്വേഷണം വേണമെന്ന് എന്‍ജിഒകള്‍
ആനന്ദകുമാറിന് മാസംതോറും 10 ലക്ഷം നല്‍കിയിരുന്നുവെന്ന് അനന്തുകൃഷ്ണന്റെ മൊഴി;
കൊച്ചി: സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ.എന്‍.ആനന്ദകുമാറിന് നേരേയും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. അറസ്റ്റിലായത് അനന്തുകൃഷ്ണന്‍ ആണെങ്കിലും മുഖ്യസൂത്രധാരനായി നിന്നത് ആനന്ദകുമാറാണെന്ന വിധത്തിലാണ് സംഭവങ്ങള്‍ പുറത്തുവരുന്നത്. അതേസമയം അനന്തുവിന്റെ മൊഴിയും പരിശോധിക്കും. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നല്‍കിയിരുന്നുവെന്ന് അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ആനന്ദകുമാറിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം അനന്തുകൃഷ്ണനാണെന്ന് നേരത്തെ ആനന്ദകുമാര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് രാജിവെച്ചതാണെന്നും പിന്നീട് സംഭവിച്ച കാര്യങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതി കോണ്‍ഫെഡറേഷന് മുന്നില്‍ അവതരിപ്പിച്ചത് അനന്തുകൃഷ്ണനാണ്. പണം മുഴുവന്‍ വാങ്ങിയതും അനന്തുവിന്റെ അക്കൗണ്ടിലേക്കാണെന്നും ആനന്ദകുമാര്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാതെ വന്നതോടെയാണ് ഫെഡറേഷനില്‍ നിന്ന് രാജിവെച്ചതെന്നും ആനന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാ മാസവും നിശ്ചിത തുക ആനന്ദകുമാറിന് നല്‍കിയിരുന്നുവെന്നാണ് അനന്തുകൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴി. പിന്നീട് അദ്ദേഹവുമായി തെറ്റിയെന്നും സ്‌കൂട്ടര്‍ വിതരണവുമായി ബന്ധപ്പെട്ടാണ് തെറ്റിയതെന്നും അനന്തു പോലീസിനോട് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ കേന്ദ്രപദ്ധതികളാണ് അനന്തുലക്ഷ്യമിട്ടിരുന്നത്. അതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. തുടര്‍ന്നാണ് സിഎസ്ആര്‍ ഫണ്ടിലേക്ക് പോയത്. എന്നാല്‍ സിഎസ്ആര്‍ ഫണ്ടായി ഒരു രൂപ പോലും അനന്തുവിന് ലഭിച്ചിട്ടില്ല.
കേസില്‍ ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. പറവൂരില്‍ വന്ന കേസില്‍ ജനസേവ ട്രസ്റ്റിന്റെ ഭാരവാഹികളായ ഡോ. മധു, മേരി എന്നിവരും അനന്തുകൃഷ്ണനൊപ്പം പ്രതികളാണ്. അതേസമയം പാതി വില ഓഫര്‍ തട്ടിപ്പില്‍ സെക്രട്ടറി അനന്തു കൃഷ്ണനില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്നും കൂടുതല്‍ പേരുടെ പങ്കിലേക്കും അക്കൗണ്ടിലേക്കും അന്വേഷണം വേണമെന്നും നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ അംഗമായ എന്‍ജിഒകള്‍ ആവശ്യപ്പെട്ടു.
അനന്തു കൃഷ്ണന്‍ ആരംഭിച്ച സീഡ് സൊസൈറ്റികളുടെ അക്കൗണ്ടുകള്‍ മാത്രമല്ല, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും പരിശോധിക്കണമെന്നാണ് ആവശ്യം. കൂട്ടായ്മയില്‍ അംഗമായ സന്നദ്ധ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നു നടക്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
വര്‍ഷങ്ങളായി ഗ്രാമപ്രദേശങ്ങളില്‍ ചെറിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന സന്നദ്ധ സംഘടനകളെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ അംഗമാക്കിയത് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറാണെന്ന് സംഘടനകള്‍ പറയുന്നു. തുടക്കം മുതല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയിരുന്നതും മുഖ്യപ്രതി അനന്തുകൃഷ്ണനെ കൂട്ടായ്മയ്ക്ക് പരിചയപ്പെടുത്തിയതും ആനന്ദകുമാറാണ്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ കോണ്‍ഫെഡറേഷന്റെ ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ നടത്തിയത്.
അനന്തുകൃഷ്ണനെ സംഘടനയ്ക്കു മുന്നില്‍ പരിചയപ്പെടുത്തിയതും സെക്രട്ടറിയാക്കിയതും ആനന്ദകുമാറാണ്. പിന്നീട് അനന്തുകൃഷ്ണന്‍ എന്ന ഒറ്റ വ്യക്തിയിലേക്ക് സാമ്പത്തിക ഇടപാടുകള്‍ പരിമിതപ്പെടുത്തിയതിനു പിന്നില്‍ ആരുടെ ഇടപെടലാണെന്നു കണ്ടെത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. ഭരണസമിതി എടുത്ത തീരുമാനത്തില്‍ നിന്നു വ്യത്യസ്തമായ തീരുമാനങ്ങളുമായി അനന്തുകൃഷ്ണന്‍ മുന്നോട്ടു പോകുമ്പോള്‍ ഭരണസമിതി തടയുകയോ അംഗ സംഘങ്ങളെ അറിയിക്കുകയോ ചെയ്തില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു.
അനന്തുകൃഷ്ണന്‍ ആരംഭിച്ച സീഡ് സൊസൈറ്റികള്‍ കോണ്‍ഫെഡറേഷനില്‍ അംഗമായിരുന്നില്ല. എന്നിട്ടും സീഡ് സംഘങ്ങള്‍ എങ്ങനെ കോണ്‍ഫെഡറേഷന്റെ ലേബലില്‍ പ്രവര്‍ത്തിച്ചു? സെക്രട്ടറിയായിരുന്ന അനന്തു കൃഷ്ണന്‍ തന്നെ ഉപകരണങ്ങള്‍ വാങ്ങുന്ന കണ്‍സല്‍ട്ടന്‍സി കമ്പനിയുടെ സിഇഒയും ആയത് എങ്ങനെ? അനന്തുകൃഷ്ണന്‍ സംഭാവന നല്‍കിയത് ആര്‍ക്കെല്ലാം? തുടങ്ങിയ ചോദ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.
ആദ്യ ഘട്ടത്തില്‍ കോണ്‍ഫെഡറേഷന്‍ നന്നായി നടത്തിയിരുന്ന പദ്ധതിയില്‍ ഒട്ടേറെ പേര്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് കോണ്‍ഫെഡറേഷനെ മറികടന്ന് അനന്തുകൃഷ്ണന്‍ സ്വന്തമായി ഉണ്ടാക്കിയ സീഡ് സംഘങ്ങളെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കിത്തുടങ്ങി. ഓരോ ഇടപാടിനും കമ്മിഷന്‍ ലഭിക്കുമെന്നായപ്പോള്‍ സീഡ് സംഘങ്ങള്‍ വന്‍ തോതില്‍ ആളുകളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു. ഗുണഭോക്താക്കളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ കൃത്യസമയത്ത് ഉപകരണങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഈ പ്രതിസന്ധി ചെയര്‍മാന്‍ ആനന്ദകുമാര്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു. അനന്തുകൃഷ്ണന്റെ അസ്റ്റിനു ശേഷവും കെ.എന്‍.ആനന്ദകുമാറിനെ വീട്ടിലെത്തി കണ്ട് നിവേദനം നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിക്കാന്‍ തയാറായില്ലെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു.