വെബ്‌സീരിസുകള്‍ കണ്ട് കഞ്ചാവിനോട് കമ്പം, ഇന്റര്‍നെറ്റില്‍ നിന്ന് കഞ്ചാവ് കൃഷിയുടെ വിവരങ്ങള്‍ തേടി, വിത്തുകള്‍ എത്തുന്നത് മുതല്‍ വില്‍പ്പന വരെ ഇന്റനെറ്റില്‍, ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും വളര്‍ത്തി; പിടിക്കപ്പെടുമെന്ന് ഭയന്ന് ഫ്‌ളാറ്റിനകത്ത് ഫുള്‍ സ്‌പെക്ട്രം ഗ്രോ ലൈറ്റുകളും, എസിയും വച്ച് കഞ്ചാവ് കൃഷി; യുവാവ് പിടിയില്‍
നോയിഡ: അധ്യാധുനിക സംവിധാനങ്ങളോടെ കഞ്ചാവ് കൃഷി നടത്തുകയായിരുന്ന യുവാവ് പിടിയില്‍. ഫുള്‍ സ്‌പെക്ട്രം ഗ്രോ ലൈറ്റുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് ഫ്‌ളാറ്റില്‍ ശാസ്ത്രീയമായി കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഫ്‌ളാറ്റില്‍ വളര്‍ത്തുന്ന ചെടികള്‍ ഡാര്‍ക്ക് വെബ്ബ് ഉപയോഗിച്ചാണ് വിറ്റിരുതെന്ന് യുവാവ് പറഞ്ഞു. ഓരോ ചെടിക്കും 50,000 മുതല്‍ 60,000 രൂപ വരെ കിട്ടിയിരുന്നു എന്നും അയാള്‍ വെളിപ്പെടുത്തി.
ഗ്രേറ്റര്‍ നോയിഡയിലായിരുന്നു വന്‍ സന്നാഹങ്ങളോടെയുള്ള ഫ്‌ലാറ്റ് കണ്ടെത്തിയത്. മീററ്റ് സ്വദേശിയായ രാഹുല്‍ ചൗധരി എന്നയാളായിരുന്നു ഇവിടെ താമസം. ഇംഗ്ലീഷ് ബിരുദധാരിയായ ഇയാള്‍ ചില വെബ്‌സീരിസുകള്‍ കണ്ടത് മുതലാണത്രെ കഞ്ചാവ് കൃഷിയോട് കമ്പം തോന്നിയത്. പിന്നീട് ഇന്റര്‍നെറ്റില്‍ നിന്ന് കൃഷിയുടെ വിവരങ്ങള്‍ തേടി. വിത്തുകള്‍ എത്തിക്കുന്നത് മുതല്‍ പരിപാലനവും ഏറ്റവുമൊടുവില്‍ വില്‍പ്പന വരെ എല്ലാം ഇന്റര്‍നെറ്റ് സഹായത്തോടെയായിരുന്നു.
ഒരു ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റില്‍ നിന്ന് പ്രീമിയം ഇനത്തില്‍പ്പെടുന്ന കഞ്ചാവ് ചെടികളുടെ വിത്ത് വാങ്ങി. പേപാല്‍ വഴിയാണ് ഇതിന് പണം നല്‍കിയത്. ശേഷം ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും ഇവ വളര്‍ത്തി. എന്നാല്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് ചെടികളെയൊന്നും സൂര്യപ്രകാശം കാണിക്കാന്‍ യുവാവ് ധൈര്യപ്പെട്ടിരുന്നില്ല. പകരം ചൂടും വെളിച്ചവും കൃത്രിമമായി കിട്ടാന്‍ ഫുള്‍ സ്‌പെക്ട്രം ലൈറ്റുകളും വളര്‍ച്ചയ്ക്ക് ആവശ്യമായ താപനില കൃത്യമായി ക്രമീകരിക്കാന്‍ എയര്‍ കണ്ടീഷണറുകളും ക്രമീകരിച്ചു.
നാല് മാസം മുമ്പാണ് കൃഷി തുടങ്ങിയത്. ഏകദേശം 100 മുതല്‍ 110 ദിവസം കൊണ്ട് ഒരു ചെടി വില്‍പ്പനയ്ക്ക് തയ്യാറായാവും. 5000 രൂപ മുതല്‍ 7000 രൂപ വരെയാണ് ഓരോ ചെടിയും പരിപാലിക്കാന്‍ ചെലവ് വരുന്നതെന്നും ഇത് ഡാര്‍ക്ക് വെബ്ബ് വഴി വില്‍ക്കുമ്പോള്‍ 60,000 രൂപ വരെ കിട്ടുമെന്നാണ് യുവാവ് ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്നും ഡിസിപി പറഞ്ഞു. ഇതുവരെ 20 ചെടികള്‍ വിറ്റു. ഇനി 80ഓളം ചെടികള്‍ ബാക്കിയുണ്ടായിരുന്നു. കൃഷിക്ക് ഉപയോഗിച്ചിരുന്ന നിരവധി രാസ വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.