ഹിമാലയന്‍ മാസ്റ്റര്‍ ഡോ. അഷറഫ് എന്ന യുട്യൂബ് ചാനല്‍ വഴി ആളെക്കൂട്ടി; ക്ലാസില്‍ പങ്കെടുത്താല്‍ ബിസിനസില്‍ അഭിവൃദ്ധിയും ആഗ്രഹിച്ച കാര്യം നടക്കുമെന്നും വിശ്വസിപ്പിച്ചു; കൂടുതല്‍ മാര്‍ക്ക് നേടാനും വഴി ക്ലാസ് തന്നെ; ഹിമാലയത്തില്‍ നിന്ന് അദ്ഭുതസിദ്ധിയെന്ന് പറഞ്ഞ് തട്ടിയത് 12 കോടി; ആറ് പേര്‍ക്കെതിരെ കേസ്

ഹിമാലയന്‍ മാസ്റ്റര്‍ ഡോ. അഷറഫ് എന്ന യുട്യൂബ് ചാനല്‍ വഴി ആളെക്കൂട്ടി

Update: 2025-02-09 03:02 GMT

കണ്ണൂര്‍: പാതിവില തട്ടിപ്പിന്റെ വാര്‍ത്തകള്‍ നിറയവേ കണ്ണൂരില്‍ നിന്നും മറ്റൊരു തട്ടിപ്പു കഥകൂടി. ഹിമാലയത്തില്‍ നിന്ന് അദ്ഭുതസിദ്ധിയെന്ന പേരു പറഞ്ഞാണ് പുതിയ തട്ടിപ്പ്. ആത്മീയതയുടെ മറവില്‍ കോടികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹിമാലയന്‍ മിസ്റ്റിക് തേര്‍ഡ് ഐ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഡോ. അഷ്‌റഫ്, കെ.എസ്. പണിക്കര്‍, അനിരുദ്ധന്‍, വിനോദ് കുമാര്‍, സനല്‍, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട് എന്നിവരുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ഒട്ടേറെപേരില്‍നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്തതായി മമ്പറം സ്വദേശിയായ റിട്ട. അധ്യാപകന്‍ പ്രശാന്ത് മാറോളിയുടെ പരാതിയിലാണ് കേസെടുത്തത്. ചട്ടുകപ്പാറ സ്വദേശി എം.പി. ഹിമോജും പരാതി നല്‍കിയിട്ടുണ്ട്. ഹിമാലയന്‍ മാസ്റ്റര്‍ ഡോ. അഷറഫ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും കുട്ടികള്‍ക്ക് അധികം അധ്വാനമില്ലാതെ കൂടുതല്‍ മാര്‍ക്ക് നേടാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ഇത്തരം വാഗ്ദാനങ്ങളില്‍ വിശ്വസിച്ചവര്‍ കെണിയില്‍ വീഴുകയായിരുന്നു. ക്ലാസില്‍ പങ്കെടുക്കുന്നതിന് ഗഡുക്കളായി പണം ഈടാക്കി. തിബറ്റിലും നേപ്പാളിലും മറ്റുമുള്ള ബുദ്ധസന്യാസികളില്‍നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞിരുന്നത്. അജന്ത എല്ലോറ, ഇടുക്കി, ലക്ഷദ്വീപ്, ബെംഗളൂരു എന്നിവിടങ്ങളില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോയും പണം തട്ടി. ഗുരുവിന്റെ ഊര്‍ജവലയത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ പല കഴിവുകളും ഉണരുമെന്ന് വിശ്വസിപ്പിച്ചാണ് വിനോദയാത്രയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

ക്ലാസില്‍ പങ്കെടുക്കുന്നതിന് ഗഡുക്കളായാണ് തട്ടിപ്പിനിരയായവര്‍ പണം നല്‍കിയത്. ടിബറ്റിലും നേപ്പാളിലും മറ്റുമുള്ള ബുദ്ധസന്ന്യാസികളില്‍നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നാണ് ഇവര്‍ ക്ലാസുകളില്‍ പറഞ്ഞിരുന്നത്. അടിസ്ഥാന ക്ലാസിന് 15,000 രൂപവരെ വാങ്ങും. പിന്നീടുള്ള ഓരോ ക്ലാസിനും ഫീസ് കൂടുമെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തട്ടിപ്പ് സംഘത്തിന്റെ പ്രധാനിയായ അഷറഫ് ബാബ ഹിമാലയന്‍ മാസ്റ്റര്‍ എന്ന പേരിലാണ് ക്ലാസുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിമാലയത്തില്‍നിന്നാണ് അദ്ഭുതസിദ്ധി ലഭിച്ചതെന്നും 100 ഗുരുക്കന്‍മാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്നും പറഞ്ഞതായി ക്ലാസില്‍ പങ്കെടുത്ത പരാതിക്കാരമായ എം.പി. ഹിമോജ് പറയുന്നു.

ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും കുട്ടികള്‍ക്ക് അധികം അധ്വാനമില്ലാതെ കൂടുതല്‍ മാര്‍ക്ക് വാങ്ങാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്.

Tags:    

Similar News