രണ്ടാം കെട്ടിന് പിന്നാലെ ക്രൂരത; ഭാര്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ് മുങ്ങി; രണ്ട് ദിവസം പട്ടിണിയിൽ; ഒടുവിൽ സഹോദരൻ ഭക്ഷണം നൽകിയത് ബാൽക്കണി വഴി; എല്ലാം നാടകമെന്ന് മറുഭാഗം; വീഡിയോ ദൃശ്യങ്ങളുമായി ഭർത്താവിന്റെ കുടുംബം

Update: 2026-02-05 09:44 GMT

ഹാസൻ: കർണാടകയിലെ ഹാസനിൽ കെ.ആർ.പുരം ലേഔട്ടിൽ ഭാര്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ് കടന്നുകളഞ്ഞതായി യുവതിയുടെ പരാതി. മുഹമ്മദ് ഉമർ എന്നയാൾ തന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നെന്നും യുവതി നിദ നാസ് ആരോപിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി താനും കുഞ്ഞും വീടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തിറങ്ങാൻ കഴിയാതെ സഹായം തേടുകയാണെന്നും നിദ നാസ് പറഞ്ഞു.

ഭർത്താവ് വാതിൽ പൂട്ടി പുറത്തുപോയ ശേഷം ആരും സഹായത്തിനെത്തിയില്ലെന്നും അവർ വ്യക്തമാക്കി. പത്ത് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ടാം വിവാഹശേഷം ഭർത്താവിന് തന്നോട് ബഹുമാനമില്ലെന്നും ജീവിതം നരകതുല്യമായെന്നും നിദ കൂട്ടിച്ചേർത്തു. ഈ ദിവസങ്ങളിൽ ഭക്ഷണം സഹോദരൻ ബാൽക്കണി വഴി എത്തിച്ചുനൽകുകയായിരുന്നു. മുമ്പ് ഇതേക്കുറിച്ച് പോലീസിൽ പരാതി നൽകിയപ്പോൾ തനിക്കെതിരെ കുറ്റം ചുമത്തിയതിനാൽ നടപടിയുണ്ടായില്ലെന്നും നിദ ആരോപിച്ചു.

അതേസമയം, മുഹമ്മദ് ഉമറിന്റെ കുടുംബം നിദ നാസിന്റെ ആരോപണങ്ങൾ നിഷേധിച്ചു. ആരെയും വീടിനുള്ളിൽ പൂട്ടിയിട്ടിട്ടില്ലെന്നും യുവതി അനാവശ്യമായി നാടകം കളിക്കുകയാണെന്നും അവർ പറഞ്ഞു. നിദ സ്വന്തം ഇഷ്ടപ്രകാരം ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയെന്നും ഇപ്പോൾ തിരികെ വന്ന് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഭർത്താവിൻ്റെ വീട്ടുകാർ അവകാശപ്പെട്ടു. അർദ്ധരാത്രിയിൽ നിദ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടക്കുന്നതിന്റെ വീഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവം നടന്നത് ഹാസൻ ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. മഹിളാ ധ്വനി സംഘം അധ്യക്ഷ അന്നപൂർണഗൗഡ യുവതിക്ക് സഹായവുമായി എത്തിയിട്ടുണ്ട്. പോലീസ് ഇരുവിഭാഗത്തിൽ നിന്നും മൊഴിയെടുത്തു. വീഡിയോ തെളിവുകളും മറ്റ് രേഖകളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Similar News