നടന് സൗബിന് ഷാഹിറിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന; പരിശോധിക്കുന്നത് പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍; 200 കോടി കടന്ന മഞ്ഞുമ്മല്‍ ബോയ്സിന്റെ സാമ്പത്തിക വിജയത്തില്‍ കള്ളപ്പണ ഇടപാടെന്ന ആരോപണത്തിന് പിന്നാലെ ഐ ടി റെയ്ഡ്
നടന് സൗബിന് ഷാഹിറിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന
കൊച്ചി: നടനും സംവിധായകനും നിര്‍മ്മാതാവുമായ സൗബിന് ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രണ്ട് സിനിമാ നിര്‍മ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ പേരില്‍ വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണം സൗബിന് ഷാഹിര്‍ നേരിട്ടിരുന്നു. ഈ ആരോപണത്തിന് ഇഡിയുടെ അന്വേഷണവും നടന് നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്‍കംടാക്സിന്റെ കൊച്ചി യൂണിറ്റും അന്വേഷണം നടത്തുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ലഭിക്കുന്ന വിവരം.
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ സിറാജ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്കിയ പരാതി. നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.
എന്നാല്‍ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ഥമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് പിന്നീട്് സെറ്റില്‍ ചെയ്യുകയാണ് ഉണ്ടായി.
ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ ഗുഹയില്‍ കൂട്ടത്തില്‍ ഒരാള്‍ അകപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയം.
ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.