കാശിനോട് ആക്രാന്തം മൂത്ത് അലക്‌സ് മാത്യു കവടിയാറിലെ മനോജിന്റെ വീട്ടില്‍ എത്തുമ്പോള്‍, വിജിലന്‍സ് സംഘം ഒളിച്ചിരുന്നു; മുമ്പും പണം വാങ്ങിയ ധൈര്യത്തിലും ഉത്സാഹത്തിലും വന്ന ഐ ഒ സി ഡി ജി എം സ്വപ്‌നം കണ്ടത് 10 ലക്ഷം; ഗ്യാസ് ഏജന്‍സി ഉടമ വിജിലന്‍സിനെ സമീപിച്ചത് അലക്‌സിനെ കൊണ്ട് പൊറുതി മുട്ടിയതോടെ

അലക്‌സ് മാത്യു കവടിയാറിലെ മനോജിന്റെ വീട്ടില്‍ എത്തുമ്പോള്‍, വിജിലന്‍സ് സംഘം ഒളിച്ചിരുന്നു

Update: 2025-03-15 17:16 GMT

തിരുവനന്തപുരം: ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ ഐ ഒ സി ഡി ജി എം, കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി ഉടമനോജിനോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാന്‍ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് ഐ ഒ സി ഡി ജി എം അലക്‌സ് മാത്യുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അലക്‌സ് മാത്യുവിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരം വരുന്ന വഴി മറ്റൊരാളില്‍ നിന്നും കൈക്കൂലി വാങ്ങിയതായാണ് സംശയം.

മറഞ്ഞു നിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ ഇതേ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. അലക്‌സ് മാത്യുവിന്റെ കടവന്ത്രയിലെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. അലക്‌സ് മാത്യുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി മനോജ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. മനോജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് അലക്സ് മാത്യു കൈക്കൂലി പണം കൈപ്പറ്റിയത്. നേരത്തെയും മനോജിന്റെ വീട്ടിലെത്തി ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങിയിരുന്നു.

ഐഒസിക്ക് കീഴില്‍ നിരവധി ഗ്യാസ് ഏജന്‍സികളുടെ ഉടമയാണ് മനോജ്. എന്നാല്‍ പുതുതായി വന്ന മറ്റു ഗ്യാസ് ഏജന്‍സികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളില്‍ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും ഇരുപതിനായിരത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാന്‍ പണം നല്‍കണമെന്നുമായിരുന്നു അലക്‌സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

ഇത്രയും കാശിനോട് ആക്രാന്തമുള്ള മനുഷ്യനെ കണ്ടിട്ടില്ല

അഞ്ച് വര്‍ഷമായി പനമ്പള്ളി നഗറിലുള്ള ഐ ഒ സി ഓഫീസിലാണ് അലക്സ് മാത്യു. 2013 മുതല്‍ ഇയാള്‍ പരാതിക്കാരനായ മനോജില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. ഒടുവില്‍ വീട്ടില്‍ വന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിപ്പെടാന്‍ മനോജ് തീരുമാനിച്ചത്.

ഇത്രയേറെ പണത്തോട് ആക്രാന്തമുള്ള മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് മനോജ് പറഞ്ഞു. തിരിച്ച് തരാമെന്ന് പറഞ്ഞ് മുമ്പ് പലതവണ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് തന്റെ കയ്യില്‍ നിന്ന് പണം ചോദിച്ച് വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും തിരികെ തന്നിട്ടില്ലെന്നും മനോജ് പറയുന്നു. കടവന്ത്ര ചിലവന്നൂര്‍ സ്വദേശിയാണ് അലക്സ്.

തിരുവനന്തപുരം കടയ്ക്കലില്‍ വൃന്ദാവന്‍ ഏജന്‍സീസ് എന്ന പേരില്‍ ഗ്യാസ് ഏജന്‍സിയുണ്ട്. ഈ പ്രദേശത്ത് ആദ്യം വന്ന ഗ്യാസ് ഏജന്‍സി മനോജിന്റേതാണ്. ഇപ്പോള്‍ അവിടെ മൂന്ന് ഏജന്‍സികളും കൂടി വന്നു. ഒരു ഏജന്‍സി പുതിയതായി വരുമ്പോള്‍ പഴയ ഏജന്‍സിയില്‍ നിന്നുള്ള ഉപഭോക്താക്കളെ പുതിയ ഏജന്‍സികളിലേക്ക് വിഭജിച്ച് കൊടുക്കുന്ന ജോലി അലക്സ് മാത്യുവിന്റേതാണ്.

50000 ഉപഭോക്താക്കളുള്ള മനോജിന്റെ ഏജന്‍സിയില്‍ നിന്ന് 25000 പേരെ മറ്റ് ഏജന്‍സികള്‍ക്ക് വിഭജിച്ച് നല്‍കി. ഇനിയും ഉപഭോക്താക്കളെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അലക്സ് മാത്യു രണ്ട് മാസം മുമ്പ് മനോജില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെയാണ് മനോജ് വിജിലന്‍സിന് പരാതി നല്‍കിയത്.

തിരുവനന്തപുരത്ത് എത്തുമ്പോള്‍ പണം നല്‍കണമെന്നായിരുന്നു മനോജും അലക്‌സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാല്‍ മനോജ് ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്‌സ് മാത്യു പണം കൈപ്പറ്റിയ ഉടന്‍ വിജിലന്‍സെത്തി പരിശോധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു

Tags:    

Similar News