പോലീസായോ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥനായോ എത്തി വ്യാജ റെയ്ഡ്; ജ്യോത്സ്യനെന്ന വ്യാജേന വീടുകളിൽ കയറി സ്വർണം മോഷ്ടിക്കാനും മിടുക്കൻ; ഏഴിലധികം സംസ്ഥാനങ്ങളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിഞ്ഞത് പാക്കിസ്ഥാനി ഗ്യാങ്സ്റ്ററുടെ പേരിൽ; 'ഇറാനി ഡെറ'യുടെ തലവൻ ആബിദ് അലി വലയിൽ

Update: 2026-01-11 13:35 GMT

സൂറത്ത്: വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളിയും 'ഇറാനി ഡെറ' സംഘത്തിൻ്റെ തലവനുമായ ആബിദ് അലി സൂറത്തിൽ പിടിയിൽ. ഭോപ്പാൽ സ്വദേശിയായ ഇയാളെ സൂറത്ത് ക്രൈം ബ്രാഞ്ച് ലാൽഗേറ്റ് പ്രദേശത്ത് വെച്ച് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് ചെയ്തത്. വർഷങ്ങളോളം വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഓരോ തവണയും രക്ഷപ്പെടുകയായിരുന്നു. 2020-ൽ ഭോപ്പാൽ ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ വീണ്ടും അപ്രത്യക്ഷനായി ക്രിമിനൽ ശൃംഖല നിയന്ത്രിച്ചു പോന്നു.

മധ്യപ്രദേശ്, ഹരിയാന, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ഏഴിലധികം സംസ്ഥാനങ്ങളിലെ വിവിധ കേസുകളിൽ അബിദ് അലി പിടികിട്ടാപ്പുള്ളിയായിരുന്നു. കവർച്ച, തട്ടിപ്പ്, തീവെപ്പ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും എംസിഒസിഎ പോലുള്ള കർശന നിയമങ്ങൾ പ്രകാരം നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

'രാജ് ഇറാണി', 'റെഹ്മാൻ ഡാക്കൈറ്റ്' എന്നിങ്ങനെ പല അപരനാമങ്ങളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 2000-കളിൽ കറാച്ചിയിലെ ലിയാരിയിൽ പ്രവർത്തിച്ചിരുന്ന പാകിസ്ഥാനി ഗുണ്ടാസംഘത്തിലെ റെഹ്മാൻ ബലൂച്ചിന്റെ പേരിൽ നിന്നാണ് 'റെഹ്മാൻ ഡാക്കൈറ്റ്' എന്ന വിളിപ്പേര് സ്വീകരിച്ചത്. ഈ പേര് ആളുകളിൽ ഭീതി ജനിപ്പിക്കാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. അക്ഷയ് ഖന്ന അഭിനയിച്ച 'ധുരന്ധർ' എന്ന ബോളിവുഡ് ചിത്രത്തിലും ഈ കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെയായി സംഘടിത കുറ്റകൃത്യങ്ങളിൽ സജീവമായിരുന്ന അബിദ് അലി, പലപ്പോഴും പോലീസ് ഉദ്യോഗസ്ഥനായോ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥനായോ ആൾമാറാട്ടം നടത്തി വ്യാപാരികളെ ഭീഷണിപ്പെടുത്തി കുറ്റകൃത്യങ്ങൾ ചെയ്തിരുന്നു. വ്യാജ പോലീസ് പരിശോധനകൾ നടത്തിയും, തിരക്കേറിയ സ്ഥലങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിച്ച് ശ്രദ്ധ തിരിച്ചുവിട്ടും, ജ്യോത്സ്യന്മാരായോ സന്യാസിമാരായോ വേഷം മാറി വീടുകളിൽ പൂജയ്‌ക്കെന്ന വ്യാജേന കയറി സ്വർണം മോഷ്ടിക്കുന്നതിലും ഇയാൾ വിദഗ്ദ്ധനായിരുന്നു.

കഴിഞ്ഞ മാസം ഭോപ്പാലിലെ 'ഇറാനി ഡെറ'യിൽ പോലീസ് നടത്തിയ റെയ്ഡിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞ് ഇയാൾ രക്ഷപ്പെട്ടിരുന്നു. അവിടെ നിന്നാണ് ഇയാൾ സുറത്തിലെ ബന്ധുവീട്ടിലെത്തി ഒളിവിൽ കഴിഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് സൂറത്ത് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ഓരോ തവണ അറസ്റ്റിലാകുമ്പോഴും പുതിയ പേരുകളും വ്യാജ രേഖകളും നിർമ്മിക്കുന്നതായിരുന്നു ഇയാളുടെ തന്ത്രം. 

Tags:    

Similar News