ഉഴവൂര്‍ അരീക്കരയില്‍ 4.5 ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ലാറ്റുകള്‍; സ്വത്ത് കേസുകളില്‍ വിധി ഭാര്യയ്ക്ക് അനുകൂലമാകുമോ എന്ന ഭയം; വിയ്റ്റ്‌നാമിയുമായി ജെസി നടത്തിയ വാട്‌സാപ്പ് ചാറ്റില്‍ കാരണം ഉണ്ട്; ഇളയ മകനേയും കൊല്ലാന്‍ സാം ലക്ഷ്യമിട്ടു; കാണക്കാരി കൊലയില്‍ അവിഹിതം ചോദ്യം ചെയ്യലിന് അപ്പുറമുള്ള കാരണങ്ങള്‍; ആ മൊബൈലില്‍ എല്ലാ രഹസ്യവും ഭദ്രം
ഏറ്റുമാനൂര്‍: കാണക്കാരി ജെസി വധക്കേസിലെ പ്രതി ഭര്‍ത്താവ് സാം കെ.ജോര്‍ജിന്റെ വനിതാ സുഹൃത്തുക്കളെ കണ്ടെത്താന്‍ അന്വേഷണം. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇറാന്‍, യുഎഇ എന്നിവിടങ്ങളിലെ സ്ത്രീകളുമായി സാമിന് ബന്ധങ്ങളുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരില്‍ ആരെയെങ്കിലും അപായപ്പെടുത്തിയോ എന്നും അന്വേഷിക്കും. ജെസിയുമായുള്ള വിവാഹത്തിനുമുന്‍പ് സാമിന്റെ പങ്കാളിയായിരുന്ന സ്ത്രീയെ കാണാനില്ലെന്ന തിരിച്ചറിവാണ് ഇതിനു കാരണം. ഒന്നിലേറെ സ്ത്രീകളെ സാം വകവരുത്താനുള്ള സാധ്യത പോലീസിന് മുന്നിലുണ്ട്. സാം എംജി യൂണിവേഴ്‌സിറ്റി ക്യാംപസിലെ പാറക്കുളത്തില്‍ എറിഞ്ഞ ജെസിയുടെ ഫോണ്‍ കണ്ടെടുത്തത് അതി നിര്‍ണ്ണായകമാണ്. കാണക്കാരിയിലെ വീടിന്റെ ഒന്നാംനിലയില്‍ മുന്‍പ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്‌നാം യുവതി ജെസിയുമായി നടത്തിയ വാട്‌സാപ് ചാറ്റിലെ വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. ജെസിയെയും ഇളയമകനെയും കൊല്ലാന്‍ സാം ലക്ഷ്യമിടുന്നുണ്ടെന്ന വെളിപ്പെടുത്തലും ഇതിലുണ്ട്. ഈ ചാറ്റുകള്‍ക്ക് പുറമെ സ്വത്തിന്റെ ഉടമസ്ഥത, സാമിന്റെ മറ്റു ബന്ധങ്ങള്‍ എന്നിവയിലേക്കും ഫോണുകളില്‍ തെളിവുകള്‍ വിരല്‍ ചൂണ്ടുമെന്നാണ് പ്രതീക്ഷ.
സാമിന്റെ ആദ്യ ഭാര്യയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. വിവാഹശേഷം ജെസിയും സാമും താമസിക്കുന്ന വീട്ടില്‍ ഇവര്‍ എത്തിയെന്നും സാമുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഏല്‍പിച്ച് മടങ്ങിയെന്നുമാണ് സാമിന്റെ മൊഴി. ഇവര്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നും തമിഴ്‌നാട്ടില്‍ താമസിക്കുന്നുണ്ടെന്നും സാം പറഞ്ഞെങ്കിലും ഇതിനു തെളിവുകളൊന്നുമില്ല. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇറാന്‍, യുഎഇ എന്നിവിടങ്ങളിലെ സ്ത്രീകളുമായി സാമിന് ബന്ധങ്ങളുണ്ടായിരുന്നു. വിദേശത്ത് വച്ച് തുടങ്ങിയതാണ് ഈ ബന്ധങ്ങള്‍. ടീം എമര്‍ജന്‍സി കേരള എന്ന മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് പാറക്കുളത്തിന്റെ 40 അടി താഴ്ചയില്‍ നിന്ന് ജെസിയുടെ ഫോണ്‍ മുങ്ങിയെടുത്തത്. സാമിനെതിരെയുള്ള പ്രധാന തെളിവുകള്‍ ഫോണില്‍നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ജെസി ഉപയോഗിച്ചിരുന്ന 2 ഫോണുകള്‍ കുളത്തില്‍ എറിഞ്ഞെന്നാണ് സാം പൊലീസിന് നല്‍കിയ മൊഴി. 6 പേരടങ്ങിയ തിരച്ചില്‍ സംഘം ഇന്നലെ ഒന്നര മണിക്കൂര്‍ തിരഞ്ഞ് ഒരു ഫോണ്‍ കണ്ടെത്തി. 26ന് രാത്രി കാണക്കാരിയിലെ വീട്ടില്‍ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്നതിന് ശേഷം ജെസിയുടെയും തന്റെയും ഫോണുകള്‍ സാം സ്വിച്ച് ഓഫ് ചെയ്ത് കയ്യില്‍ കരുതിയിരുന്നു. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂപോയിന്റില്‍ മൃതദേഹം ഉപേക്ഷിച്ച് തിരികെവരുന്ന വഴി 27ന് പകല്‍ ക്യാംപസിലെത്തി ജെസിയുടെ ഫോണുകള്‍ മാത്രം കുളത്തില്‍ എറിഞ്ഞതായാണ് മൊഴി. 2 ഫോണുകളും എടുത്ത് ജെസി മറ്റെവിടേക്കെങ്കിലും പോയതാകാമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു തന്റെ ശ്രമമെന്ന് സാം പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘം അതു മുഖവിലയ്‌ക്കെടുത്തിട്ടില്ല.
സാം കെ. ജോര്‍ജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പലതവണ പറഞ്ഞിട്ടും ജെസി കേട്ടില്ലെന്നാണ് പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു. ജെസിക്ക് മാറി താമസിക്കാനായി അഞ്ചു വീടു കണ്ടെത്തി. വാടക നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ജെസി പിന്നാലെ നടന്നു ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് സാം പൊലീസിനോട് പറഞ്ഞത്. കാര്‍ കഴുകികൊണ്ടിരിക്കെയായിരുന്നു കൊലപാതകത്തിന് കാരണമായ പ്രകോപനം. സിറ്റൗട്ടിലിരുന്ന തന്നോട് വഴക്കിട്ട ജെസി വാക്കത്തികൊണ്ട് വെട്ടിയെന്നാണ് സാം പൊലീസിനോട് പറഞ്ഞത്. വെട്ട് കൈ കൊണ്ട് തടഞ്ഞ ശേഷം കാറില്‍ സൂക്ഷിച്ച മുളക് സ്‌പ്രേയെടുത്ത് ജെസിക്ക് നേരെ പ്രയോഗിച്ചു. മുറിയിലേക്ക് ഓടിയ ജെസിയെ പിന്നീട് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നും സാം വിശദീകരിച്ചു. ഞാന്‍ തുണി ഉപയോഗിച്ചാണ് ശ്വാസം മുട്ടിച്ചത്. മരണം ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നു കാറിന്റെ ഡിക്കിയില്‍ തള്ളിയെന്നും സാം പറഞ്ഞു. മൃതദേഹം ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂപോയിന്റിലാണ് സാം ഉപേക്ഷിച്ചത്. പിന്നീട് കഞ്ഞിക്കുഴിയിലെത്തി കാര്‍ കഴുകാന്‍ നല്‍കി. ബസ് കയറി എംജി സര്‍വകലാശാലാ ക്യാംപസില്‍ എത്തി ജെസിയുടെ ഫോണ്‍ ക്യാംപസിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിനു സമീപത്തെ കുളത്തില്‍ എറിയുകയായിരുന്നു.
സാമിന് മറ്റു സ്ത്രീകളോടുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍ നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലാവുന്നത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലിസ് പിന്നീട് വിട്ടയച്ചിരുന്നു. സാം കെ ജോര്‍ജിന്റെ കാറില്‍ നിന്നു രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി പൊലിസ് കഴിഞ്ഞ ദിവസം കാര്‍ പിടിച്ചെടുത്തിരുന്നു. രക്തക്കറയും മുടിയും കാറില്‍നിന്ന് പ്രാഥമിക പരിശോധനയില്‍ ലഭിച്ച വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്കു നല്‍കിയിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിലുള്ള കാര്‍ വാഷിങ് സെന്ററില്‍ പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി. സാം ഉപേക്ഷിച്ച മുളകുസ്‌പ്രേയുടെ ടിന്നും ഇവിടെനിന്നു കണ്ടെടുത്തു. ഈ സ്‌പ്രേ ജെസിയുടെ മുഖത്ത് പ്രയോഗിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ചുകയറി കൊലപാതകം നടത്തിയത്.
കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വര്‍ഷമായി സാമും ജെസിയും താമസിച്ചിരുന്നത്. സെപ്തംബര്‍ 26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും കൈയില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ വച്ച് മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. കൊലപാതകത്തിന് 10 ദിവസം മുന്‍പ് ഇയാള്‍ ചെപ്പുകുളത്തെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കിയതായും പൊലിസ് പറയുന്നു. ഉഴവൂര്‍ അരീക്കരയില്‍ ഇയാള്‍ക്ക് 4.5 ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ലാറ്റുകളുമുണ്ട്. സ്വത്ത് സംബന്ധിച്ച് ഭാര്യയുമായുള്ള കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളുടെ വിധി ജെസിക്ക് അനുകൂലമായേക്കാം എന്ന തോന്നലുമാവാം കൊലപാതകത്തിനു കാരണമായതായി പൊലിസ് പറയുന്നു. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ കുറവിലങ്ങാട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരുന്നത്.