വാഷിങ്ടണിലെ സൈനിക താവളത്തിന് മുകളില്‍ ഡ്രോണ്‍ ഭീതി; അജ്ഞാത ഡ്രോണുകള്‍ വട്ടമിട്ടത് മാര്‍ക്കോ റൂബിയോയും പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന ഫോര്‍ട്ട് മക്‌നെയര്‍ സൈനിക താവളത്തിന് മുകളില്‍; സുരക്ഷാവേലി ഭേദിച്ച് ഡ്രോണുകള്‍ എത്തിയതില്‍ ഞെട്ടല്‍; ഡ്രോണുകളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം

വാഷിങ്ടണിലെ സൈനിക താവളത്തിന് മുകളില്‍ ഡ്രോണ്‍ ഭീതി

Update: 2026-03-19 08:51 GMT

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം മുറുകുന്നതിനിടെ അമേരിക്കന്‍ ഭരണകൂടത്തെ മുള്‍മുനയിലാക്കി സൈനിക താവളത്തിന് മുകളില്‍ ഡ്രോണുകളുടെ സാന്നിധ്യം. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവര്‍ താമസിക്കുന്ന വാഷിങ്ടണിലെ ഫോര്‍ട്ട് മക്‌നെയര്‍ സൈനിക താവളത്തിന് മുകളിലാണ് അജ്ഞാത ഡ്രോണുകള്‍ വട്ടമിട്ടത്. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ ലംഘനം വൈറ്റ് ഹൗസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

എവിടെ നിന്നും ഏത് വഴി വന്ന ഡ്രോണുകളാണെന്ന് യുഎസ് ഇന്റലിജന്‍സിന് കണ്ടെത്താനായിട്ടില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയും പെന്റഗണിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ താമസസ്ഥലവും സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും വെറും മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് വൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്.

ഒന്നിലധികം ഡ്രോണുകളാണ് ഈ മേഖലയില്‍ കണ്ടെത്തിയത്. ഇതോടെ മാര്‍ക്കോ റൂബിയോയേയും ഹെഗ്‌സെതിനേയും ഉള്‍പ്പെടെ താമസം മാറ്റാനുള്ള ശ്രമവും നടന്നിരുന്നു. എന്നാലിതുവരെ ഉദ്യോഗസ്ഥര്‍ താമസം മാറിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം തന്നെ സ്ഥാനമൊഴിയുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉള്‍പ്പെടെയുള്ള നിരവധി ട്രംപ് ഭരണകൂട ഉദ്യോഗസ്ഥര്‍ ഈ മേഖലയിലെ സൈനിക താവളങ്ങളിലേക്ക് നേരത്തേ താമസം മാറിയിരുന്നു.

സുരക്ഷാവീഴ്ചയില്‍ ഇതുവരെ പ്രതികരിക്കാന്‍ പ്രസിഡന്റ് ട്രംപോ ഭരണകൂടമോ തയാറായിട്ടില്ല. ഒറ്റ രാത്രിയില്‍ തന്നെ നിരവധി ഡ്രോണുകള്‍ കണ്ടെത്തിയതോടെ മേഖലയിലെ സുരക്ഷ ശക്തമാക്കിയതിനൊപ്പം തിരിച്ചടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈറ്റ് ഹൗസില്‍ അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മാര്‍ക്കോ റൂബിയോയെയും പീറ്റ് ഹെഗ്‌സെത്തിനെയും ഇവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. ഇവരുടെ താമസം സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഡ്രോണുകളുടെ ഉറവിടം കണ്ടെത്താന്‍ എഫ്.ബി.ഐയും മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനമായ മാക്ഡില്‍ എയര്‍ഫോഴ്‌സ് ബേസ് ഉള്‍പ്പെടെയുള്ള താവളങ്ങളില്‍ കനത്ത ജാഗ്രത തുടരുകയാണ്. സംഭവത്തില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ പെന്റഗണ്‍ വക്താവ് വിസമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News