വിദേശത്തുനിന്നും ലഭിച്ചത് കോടികളുടെ സാമ്പത്തിക സഹായം; വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രാജ്യത്തുടനീളം യാത്ര ചെയ്തു; ശാസ്ത്രജ്ഞനെന്ന വ്യാജേന ചോര്‍ത്തിയത് ആണവ രഹസ്യങ്ങള്‍; ജാർഖണ്ഡുകാരൻ അക്തർ ഹുസൈൻ ഖുതുബുദ്ദീന് ഐ.എസ്.ഐ.യുമായി ബന്ധമുണ്ടെന്ന് സംശയം

Update: 2025-11-03 16:44 GMT

മുംബൈ: ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്) ശാസ്ത്രജ്ഞന്‍ ചമഞ്ഞതിന്‌ 60കാരന്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അക്തർ ഹുസൈൻ ഖുതുബുദ്ദീൻ എന്നയാളെയാണ് കഴിഞ്ഞയാഴ്ച പൊലീസ് പിടികൂടിയത്. ഇയാൾ വിദേശത്തേക്ക് ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തൽ. ഇയാൾക്ക് 1995 മുതൽ വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചതായും, ആണവായുധങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.

ജാർഖണ്ഡ് സ്വദേശിയായ അക്തർ ഹുസൈനി, ബാർക്ക് ശാസ്ത്രജ്ഞനെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രാജ്യത്തുടനീളം യാത്ര ചെയ്തതായാണ് കണ്ടെത്തൽ. ഇയാളിൽ നിന്ന് പത്തിലധികം ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഭൂപടങ്ങളും വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്ക് വ്യാജ പാസ്പോർട്ടുകൾ, ആധാർ, പാൻ കാർഡുകൾ എന്നിവയും കണ്ടെടുത്തു. ഒരു വ്യാജ തിരിച്ചറിയൽ കാർഡിൽ 'അലി റാസ ഹുസൈൻ' എന്നും മറ്റൊന്നിൽ 'അലക്‌സാണ്ടർ പാമർ' എന്നും പേര് രേഖപ്പെടുത്തിയിരുന്നു.

അക്തർ ഹുസൈനിയുടെ സഹോദരൻ ആദിലിനെയും ഡൽഹിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹുസൈനി സഹോദരന്മാർക്ക് 1995 മുതൽ വിദേശ സഹായം ലഭിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. തുടക്കത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഇവർക്ക് ലഭിച്ചിരുന്നതെങ്കിലും, 2000-ത്തിന് ശേഷം ഇത് കോടികളായി ഉയർന്നു. ബാർക്കുമായും മറ്റ് ആണവ നിലയങ്ങളുമായും ബന്ധപ്പെട്ട രഹസ്യ രൂപരേഖകൾ കൈമാറിയതിനാണ് ഈ പണം നൽകിയതെന്ന് സംശയിക്കുന്നു.

അക്തർ ഹുസൈനിയുടെ പേരിൽ കണ്ടെത്തിയ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇവർ ഉപയോഗിച്ചിരുന്ന മറ്റ് ബാങ്ക് അക്കൗണ്ടുകൾ പോലീസ് ക്ലോസ് ചെയ്തിട്ടുണ്ട്. പണം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇരുവരും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും ഐ.എസ്.ഐ.യുമായി ബന്ധമുണ്ടായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.

'മുഹമ്മദ് ആദിൽ', 'നസിമുദ്ദീൻ സയ്യിദ് ആദിൽ ഹുസൈനി' എന്നീ പേരുകളിൽ രണ്ട് വ്യാജ പാസ്പോർട്ടുകൾ ഇവർ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഏകദേശം 30 വർഷം മുൻപ് വിറ്റ ജംഷഡ്പൂരിലെ വീടിൻ്റെ വിലാസമാണ് പാസ്പോർട്ടുകളിൽ നൽകിയിരുന്നത്. ഈ വ്യാജ രേഖകളും തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ച് വിദേശയാത്രകൾ നടത്തിയതായി പോലീസ് സംശയിക്കുന്നു. 

Tags:    

Similar News