വ്യാജ പാന്‍ കാര്‍ഡ് ഉപയോഗിച്ച് വാടകയ്ക്കെടുത്ത എസ്യുവിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമം; കാറിലെ ട്രാക്കര്‍ വഴി ചതി തിരിച്ചറിഞ്ഞ് വാഹന ഉടമ; പിന്തുടര്‍ന്നെത്തി 19 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; പ്രതികളെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങള്‍; മൂന്ന് പേര്‍ അറസ്റ്റില്‍
പനാജി: ഗോവയില്‍ നിന്നും വാടകയ്ക്കെടുത്ത എസ്യുവിയുമായി മഹാരാഷ്ട്രയിലേക്ക് മുങ്ങാന്‍ ശ്രമിച്ച യുപി, ഹത്രാസ് സ്വദേശിയായ 19 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ വാഹന ഉടമയും സംഘവും അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ കപില്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ എസ്യുവിയുടെ ഉടമ ഗുരുദത്തിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഗുരുദത്ത് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഗോവ പൊലീസിന്, തിവിമിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ ഒരു യുവാവിന്റെ മൃതദേഹം കിടക്കുന്നതായി സന്ദേശം ലഭിക്കുന്നത്. മുഖത്തും കൈകളിലും മുറിവുകളുണ്ടായിരുന്നു. പൊലീസ് എത്തി മൃതദേഹം മാപുസയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. യുവാവിന്റെ പോക്കറ്റില്‍ നിന്നും ദീപക് താക്കൂര്‍ എന്ന് പേരില്‍ പാന്‍ കാര്‍ഡ് കണ്ടെത്തിയിരുന്നു. കൂടാതെ ഒരു ഒഴിഞ്ഞ മദ്യകുപ്പിയും പൊലീസ് കണ്ടെത്തി.
യുവാവിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് യുപി, ഹത്രാസ് സ്വദേശിയായ ശ്രീനിവാസ് സിങ് തന്റെ മകന്‍ കപില്‍ ചൗധരിയെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നത്. മകന്‍ ഗോവയിലേക്ക് പോയതാണെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും വിവരമൊന്നുമില്ലെന്നുമായിരുന്നു പരാതി. മകന്റെ അവസാന ലൊക്കേഷന്‍ ഗോവയിലെ തിവിമിലാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു. ശ്രീനിവാസ് സിങ് നല്‍കിയ വിവരണം തിവിമില്‍ കണ്ടെടുത്ത മൃതദേഹവുമായി പൊരുത്തപ്പെടുന്നതിനാല്‍ അദ്ദേഹത്തെ സ്ഥലത്തെത്തിക്കുകയും മരിച്ചത് തന്റെ മകനാണെന്ന് ശ്രീനിവാസ് തിരിച്ചറിയുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തിന്റെ പരാതിയില്‍ പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മരിച്ചത് കപില്‍ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ദീപക് താക്കൂര്‍ എന്ന പേരിലുള്ള പാന്‍ കാര്‍ഡ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച ഈ വ്യാജ പാന്‍ കാര്‍ഡ് ഉപയോഗിച്ച് കപില്‍ ഗുരുദത്ത് ലാവണ്ടെ എന്ന 31 വയസുകാരനില്‍ നിന്നും ഒരു മഹീന്ദ്ര ഥാര്‍ വാടകയ്ക്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
എന്നാല്‍ കാറിലെ ട്രാക്കര്‍ വഴി തന്റെ കാര്‍ ഗോവ അതിര്‍ത്തി കടന്ന് മഹാരാഷ്ട്രയിലെ ബന്ദയിലേക്ക് പോകുകയാണെന്ന് കണ്ടെത്തിയ ഗുരുദത്ത് സുഹൃത്തുക്കളായ ഡെയ്സണ്‍ ആഗ്‌നെലോ കൗട്ടീഞ്ഞോ (31), സൂരജ് (21) എന്നിവര്‍ക്കൊപ്പം മഹാരാഷ്ട്രയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ കങ്കാവലിയില്‍ വെച്ച് മൂവരും ചേര്‍ന്ന് കപിലിനെ കണ്ടെത്തുകയും തിവിമിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം രാത്രിയോടെ പരിക്കേറ്റ നിലയില്‍ യുവാവിനെ ഒരു കുന്നിന്‍ പ്രദേശത്തെ റോഡരികില്‍ ഉപേക്ഷിച്ചു. യുവാവ് മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മദ്യക്കുപ്പി വാങ്ങി പോക്കറ്റില്‍ വച്ച് സംഘം കടന്നുകളയുകയായിരുന്നു.
