ജോലി തേടിയെത്തി; മുന്‍ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ ചാടി വീണ് അടിവയറ്റില്‍ ഇടിച്ചു; സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും ബംഗാള്‍ മുന്‍ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇന്നലെ രാത്രി സാള്‍ട്ട് ലേക്ക് പ്രദേശത്തെ എംഎല്‍എയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ 30 വയസ്സുകാരനായ അഭിഷേക് ദാസ് എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാത്രി 9 മണിയോടെ ജ്യോതിപ്രിയ മല്ലിക്കിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അഭിഷേക് ദാസ് പെട്ടെന്ന് മുന്‍ മന്ത്രിയുടെ നേരെ ചാടിവീഴുകയും അടിവയറ്റില്‍ ഇടിക്കുകയും ആയിരുന്നു.
അടിയേറ്റ് വയറ്റില്‍ പിടിച്ച് ഒരു നിമിഷം സ്തബ്ധനായി നിന്ന ജ്യോതിപ്രിയ ബഹളം വച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും സമീപത്തുള്ള മറ്റുള്ളവരും ഓടിയെത്തി യുവാവിനെ കീഴടക്കുകയായിരുന്നു. പ്രതിയെ പിന്നീട് ബിധാന്‍നഗര്‍ പൊലീസിനു കൈമാറി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലക്കാരനാണെന്നും ജോലിയ്ക്കായി ജ്യോതിപ്രിയ മല്ലിക്കിനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചോദ്യം ചെയ്യലിനിടെ യുവാവ് പറഞ്ഞു.
നഗരത്തിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവാവ് ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. പെട്ടെന്ന് മുന്നോട്ടു ചാടി വന്ന് അടിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നു ജ്യോതിപ്രിയ പറഞ്ഞു. അയാള്‍ മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. മുന്‍പ് ഒരിക്കലും അയാളെ കണ്ടിട്ടില്ല. മണ്ഡലത്തില്‍ നിന്നുള്ള ആരെങ്കിലും തന്നെ ആക്രമിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും ജ്യോതിപ്രിയ പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് വനം മന്ത്രിയായിരിക്കെ, അഴിമതി കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ജ്യോതിപ്രിയയെ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്തേത് ആയിരുന്നു കേസ്. ഇതിനു പിന്നാലെയാണ് ജ്യോതിപ്രിയയ്ക്കു മന്ത്രിസ്ഥാനം നഷ്ടമായത്.