വെള്ളക്കോട്ടും സ്റ്റെതസ്കോപ്പുമായി എത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജൻ ചമഞ്ഞ് യുവതി; സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് കാന്റീനിൽ കയറി ഊണ്; ഒടുവിൽ സാരി മാറി രക്ഷപ്പെടാൻ നോക്കിയ പെരുന്നക്കാരി 'ഇവ' കുടുങ്ങി

Update: 2026-02-13 14:01 GMT

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ ആണെന്ന് വ്യാജേനയെത്തിയ യുവതിയെ പിടികൂടി സുരക്ഷാ ജീവനക്കാർ. വെള്ളിയാഴ്ച രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് സംഭവം. ഇവ എന്ന പേരിൽ ഡോക്ടർ ചമഞ്ഞെത്തിയ പെരുന്ന സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. നിലവിൽ ഇവർ പേരൂർക്കടയിലാണ് താമസമെന്ന് പറയപ്പെടുന്നു.

സിനിമയെ വെല്ലുന്ന ആൾമാറാട്ടം:

രാവിലെ ആശുപത്രിയിലെത്തിയ യുവതി താൻ സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്നാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. ആശുപത്രിയിലെ മറ്റ് ഡോക്ടർമാരോട് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ന്യൂറോ സർജൻ അവിടെയില്ലെന്ന് വ്യക്തമായി. ഇതോടെ സെക്യൂരിറ്റി ജീവനക്കാർ തിരച്ചിൽ ആരംഭിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

വേഷം മാറി രക്ഷപ്പെടാൻ ശ്രമം:

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയ യുവതി പിന്നീട് പടികളിറങ്ങി താഴെ വന്ന് കാന്റീനിൽ കയറി ആഹാരം കഴിച്ചു. തുടർന്ന് വേഷം മാറി മറ്റൊരു സാരി ധരിച്ചെത്തിയ ഇവർ, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ വനിതാ സെക്യൂരിറ്റി ജീവനക്കാർ ഓട്ടോ തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.

സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തിനാണ് യുവതി ഡോക്ടർ ചമഞ്ഞ് ആശുപത്രിയിൽ എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Tags:    

Similar News