പിതാവിന്റെ മരണത്തിന് കാരണം അമ്മയുടെ 'ബ്ലാക്ക് മാജിക്'; ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകളുടെ ക്രൂരത; 55കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം; ആ പ്രതികാരത്തിൽ 33കാരി വലയിലായത് ഇങ്ങനെ
ബംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിൽ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പിതാവിന്‍റെ മരണത്തിന് കാരണം അമ്മയുടെ 'ബ്ലാക്ക് മാജിക്' ആണെന്ന ജ്യോത്സ്യന്റെ വാക്കുകൾ വിശ്വസിച്ച് 55 വയസ്സുകാരിയായ അമ്മ പുഷ്പാവതിയെ ഉറക്കത്തിനിടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 33 വയസ്സുകാരിയായ സുചിത്രയാണ് പോലീസിന്റെ പിടിയിലായത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഏകദേശം ഒന്നര വർഷം മുൻപ് സുചിത്രയുടെ പിതാവ് മരിച്ചിരുന്നു. ഇതിന് പിന്നിൽ അമ്മ ദുർമന്ത്രവാദം നടത്തിയതാണെന്ന് ഒരു ജ്യോത്സ്യൻ സുചിത്രയെ വിശ്വസിപ്പിച്ചു. ജ്യോതിഷിയുടെ ഈ വാദങ്ങൾ പൂർണ്ണമായും വിശ്വസിച്ച യുവതി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിന് ശേഷം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ സുചിത്ര ശ്രമിച്ചു.
പതിവിലും നേരത്തെ ശവസംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് ഗ്രാമവാസികളിൽ സംശയമുണ്ടാക്കി. തുടർന്ന് അവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംസ്‌കാരം നടക്കുന്നതിന് മുമ്പ് സ്ഥലത്തെത്തിയ പോലീസ് സുചിത്രയെ ചോദ്യം ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ സുചിത്ര കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കൊലപാതക പദ്ധതിയെക്കുറിച്ച് സുചിത്രയുടെ ഭർത്താവിന് എന്തെങ്കിലും അറിവുണ്ടായിരുന്നോ എന്നും പോലീസ് വിശദമായി പരിശോധിച്ചുവരുന്നു.