ആതിരയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയില്‍ വച്ചെന്ന മൊഴിയില്‍ ഇനി തെളിവെടുപ്പ്; ലൈംഗിക ബന്ധത്തിനിടെയുള്ള കൊലയില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ വിശകലനം അനിവാര്യത; ജോണ്‍സണ്‍ ഔസേപ്പുമായി പോലീസ് തിരുവനന്തപുരത്തേക്ക്

Update: 2025-01-27 15:26 GMT

തിരുവനന്തപുരം: കഠിനംകുളം കൊലക്കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പുമായി തെളിവെടുപ്പിന് പോലീസ്. ഉടന്‍ ജോണ്‍സണിനെ കഠിനംകുളത്ത് എത്തിക്കും. കനത്ത സുരക്ഷയൊരുക്കിയാകും തെളിവെടുപ്പ് നടത്തുക. വിഷം കഴിച്ചതിനെ തുടര്‍ന്ന് ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജോണ്‍സണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോണ്‍സണ്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസിലാണ് ജോണ്‍സണെ കസ്റ്റഡിയിലെടുത്തത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ എലി വിഷത്തിന്റെ അംശം കണ്ടെത്താനായില്ല. എന്നാല്‍ ചില ഗുളികകള്‍ അധികമായി ജോണ്‍സണ്‍ കഴിച്ചിരുന്നു.

വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ ജനുവരി 21നാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്ര പൂജാരിയായ ഭര്‍ത്താവ് അമ്പലത്തിലേയ്ക്കും കുഞ്ഞ് സ്‌കൂളിലും പോയ സമയത്ത് വീട്ടിലെത്തിയ ജോണ്‍സണ്‍ കുത്തിക്കൊല്ലുകയായിരുന്നു. ആതിര ചായ ഉണ്ടാക്കുന്ന സമയം നോക്കി പ്രതി കൈയില്‍ കുരുതിയിരുന്ന കത്തി കട്ടിലില്‍ മെത്തയുടെ അടിയില്‍ ഒളിപ്പിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തി ഉപയോഗിച്ച് ആതിരയെ കുത്തിക്കൊല്ലുകയായിരുന്നു. കുറിച്ചിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ആതിര അതിന് വഴങ്ങിയിരുന്നില്ല. ഇതിന്റെ ദേഷ്യത്തില്‍ ആതിരയെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ദൃക്‌സാക്ഷികളില്ലാത്തതു കൊണ്ടു തന്നെ ഈ കേസില്‍ തെളിവെടുപ്പ് നിര്‍ണ്ണായകമാണ്. ശാസ്ത്രീയ വിശകലനങ്ങളിലൂടെ കോടതിയില്‍ കുറ്റകൃത്യം തെളിയിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതല്‍ എല്ലാം എടുത്താകും തെളിവെടുപ്പ് നടത്തുക.

വസ്ത്രത്തില്‍ രക്തം പുരണ്ടതിനാല്‍ ധരിച്ചിരുന്ന ഷര്‍ട്ട് വീട്ടില്‍ തന്നെ ഉപേക്ഷിച്ച ശേഷം ആതിരയുടെ ഭര്‍ത്താവിന്റെ മറ്റൊരു വസ്ത്രം ധരിച്ച് ആതിരയുടെ സ്‌കൂട്ടറില്‍ തന്നെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ആതിരയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയില്‍ വച്ചായിരുന്നെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. കഠിനംകുളത്തു നിന്നുള്ള അന്വേഷണ സംഘത്തിനാണ് ഇയാള്‍ മൊഴി നല്‍കിയത്. കൊല നടന്ന ദിവസം ജോണ്‍സണ്‍ പെരുമാതുറയിലെ വാടക മുറിയില്‍ നിന്നു രാവിലെ 6ന് നടന്നാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയതെന്നു പൊലീസ് പറഞ്ഞു. രാവിലെ എട്ടരയോടെ ആതിര മകനെ സ്‌കൂള്‍ ബസില്‍ കയറ്റി വിടുന്നതു വരെ ഈ ഭാഗത്ത് ഇയാള്‍ കറങ്ങി നടന്നു. ഇതിനിടെ ആതിരയുമായി ഫോണില്‍ സംസാരിച്ചു. ക്ഷേത്ര പൂജാരിയായ, ആതിരയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ജോണ്‍സണ്‍ വീട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ആതിരയോട് ചായ ആവശ്യപ്പെട്ടു. ആതിര അടുക്കളയിലേക്ക് പോയ സമയത്ത് ഇയാള്‍ കിടപ്പുമുറിയില്‍ കയറി. കൈവശം കരുതിയിരുന്ന കത്തി മെത്തയ്ക്കടിയില്‍ ഒളിപ്പിച്ചു.

ഇവിടെ വച്ചാണ് ആതിരയുടെ കഴുത്തറുത്തതെന്നും ജോണ്‍സണ്‍ പൊലീസിനു മൊഴി നല്‍കി. ആതിരയുടെ മരണം ഉറപ്പാക്കിയ ശേഷം, മൃതദേഹം കിടന്ന കട്ടിലിന്റെ താഴെ പ്രതി തന്റെ ചോരപുരണ്ട ഷര്‍ട്ട് ഒളിപ്പിച്ചു. ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച ശേഷം ആതിരയുടെ ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ടു. കൊലയ്ക്കു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതായും ജോണ്‍സണ്‍ മൊഴി നല്‍കി. പിടിയിലാകുമ്പോള്‍ അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടുണ്ടെന്നും കീടനാശിനി കുടിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഉദരം വൃത്തിയാക്കി. കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗുളിക അമിത അളവില്‍ ഉള്ളില്‍ ചെന്നിട്ടുണ്ടെന്നു വ്യക്തമായി.

Tags:    

Similar News