വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍; അഞ്ചും പത്തും വയസ് വീതമുള്ള രണ്ടു കുട്ടികളും; അയല്‍പക്കക്കാരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ സംശയം; ചോദിച്ചപ്പോള്‍ ഇറങ്ങിയോടി വൈഷ്ണവി; കൂടലിലെ ഇരട്ടക്കൊലയിലേക്ക് നയിച്ചത് വാട്സാപ്പ് മെസേജ്
വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍
പത്തനംതിട്ട: കലഞ്ഞൂര്‍ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഫോണില്‍ കണ്ട വാട്സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയം. കോന്നി കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
ഭാര്യ മാറി കിടക്കുന്നത് കണ്ട് അന്വേഷിച്ചെത്തിയ ബൈജു വൈഷ്ണവിയുടെ കൈവശം മറ്റൊരു മൊബൈല്‍ഫോണ്‍ കണ്ടെത്തി. ഇത് പരിശോധിച്ചപ്പോള്‍ വാട്സാപ്പില്‍ നിന്ന് അയല്‍ക്കാരനായ വിഷ്ണുവുമായി ചാറ്റ് ചെയ്യുകയാണെന്ന് മനസിലാക്കി. നിനക്ക് അവനുമായി എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ വൈഷ്ണവി ഇറങ്ങിയോടുകയും വിഷ്ണുവിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു.
കൈയില്‍ വാക്കത്തിയുമായി എത്തിയ ബൈജു വൈഷ്ണവിയെ പുറത്തേക്ക് വിളിച്ചെങ്കിലും ഇറങ്ങി ചെന്നില്ല. തുടര്‍ന്ന് വലിച്ചിറക്കി മുറ്റത്തിട്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെയും വെട്ടി. ഗുരുതര പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
തുടര്‍ന്ന് കുളിച്ച് വസ്ത്രം മാറിയ ബൈജു സുഹൃത്തിനെ വിളിച്ച് താന്‍ ഭാര്യയെയും സുഹൃത്തിനെയും വെട്ടി എന്ന വിവരം അറിയിച്ചു. കൂടല്‍ പോലീസ് എത്തിയപ്പോള്‍ അനുസരണയോടെ പോലീസിനൊപ്പം പോവുകയായിരുന്നു. നായര്‍ സമുദായത്തില്‍പ്പെട്ട വൈഷ്ണവിയെ ഈഴവ സമുദായക്കാരനായ ബൈജു പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
ഇവര്‍ക്ക് 10, അഞ്ച് വയസ് വീതമുള്ള രണ്ട് കുട്ടികളുണ്ട്. വിഷ്ണു കുറിഞ്ഞി സ്വദേശിയാണ്. അവിവാഹിതനായ ഇയാള്‍ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിഷ്ണുവും ബൈജുവും ആശാരിപ്പണിക്കാരാണ്. ഇരുവരും ഒന്നിച്ച് പണിക്ക് പോകുന്നവര്‍ ആയിരുന്നു. ബൈജു നിലവില്‍ കൂടല്‍ സ്റ്റേഷനിലാണുള്ളത്.
ഭാര്യക്ക് വിഷ്ണുവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ബൈജു കൊലപാതകം നടത്തിയതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. യുവതിയുടെ സുഹൃത്തായ അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. ഇന്നലെ രാത്രി ഏറെ വൈകിയാണ് പത്തനംതിട്ട കലഞ്ഞൂരില്‍ ഇരട്ട കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ ആണെന്നും പൊലീസ് പറയുന്നു.
ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈജുവിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും തെളിവു ശേഖരിക്കലും ഇന്നു നടക്കും. സുഹൃത്തുക്കളായവര്‍ തമ്മിലുണ്ടായ തര്‍ക്കവും കൊലപാതകവും കണ്ട ഞെട്ടലിലാണ് കലഞ്ഞൂര്‍ വാസികള്‍.