ജെസിയുമായി തര്‍ക്കമുണ്ടായത് കാര്‍ കഴുകുന്നതിനിടെ; കാണക്കാരിയിലെ കൊലപാതകത്തിന് ഉപയോഗിച്ച തോര്‍ത്തുകള്‍ കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി; സ്‌കൂബാ ടീം ഫോണ്‍ വീണ്ടെടുത്തത് എംജി സര്‍വകലാശാല ക്യാമ്പസിലെ 40 അടി താഴ്ചയുള്ള കുളത്തില്‍ നിന്ന്

കാണക്കാരി കൊലപാതകം: ജെസിയുടെ ഫോണ്‍ കണ്ടെത്തി

Update: 2025-10-07 09:48 GMT

കോട്ടയം: കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ കുളത്തില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. നാല്‍പ്പത് അടി താഴ്ചയുള്ള കുളത്തില്‍ സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. കൊലപാതകത്തിന് ശേഷം പ്രതിയായ ഭര്‍ത്താവ് സാം കെ. ജോര്‍ജ് ഫോണ്‍ ഇവിടെ ഉപേക്ഷിച്ചുവെന്ന് മൊഴി നല്‍കിയിരുന്നു. പ്രതിയായ സാം കെ.ജോര്‍ജിനെ ഇന്നലെ ഈ സ്ഥലത്ത് കൊണ്ടുവന്നിരുന്നെങ്കിലും കുളത്തിന്റെ ആഴം കാരണം അന്ന് പരിശോധന നടത്താന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ മാസം 26-നാണ് ജെസിയെ സാം കെ. ജോര്‍ജ് കൊലപ്പെടുത്തിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടക്കുമ്പോള്‍ സാം ജെസിയുടെ നേര്‍ക്ക് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും തുടര്‍ന്ന് മുറിയിലേക്ക് വലിച്ചിഴച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം ഇടുക്കി തൊടുപുഴയിലെ ചെപ്പുകുളത്ത് ഉപേക്ഷിച്ച പ്രതി, ഇറാനിയന്‍ യുവതിക്കൊപ്പം കടന്നുകളഞ്ഞു. പിന്നീട് ഇയാളെ മൈസൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സെപ്തംബര്‍ 26-ന് വൈകിട്ട് അമ്മയെ ഫോണില്‍ കിട്ടാതായതോടെ മക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തല്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സഹായകമാകും

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന രണ്ട് തോര്‍ത്തുകള്‍ പൊലീസ് കഴിഞ്ഞ ദിവസം കണ്ടടുത്തിരുന്നു. കാണക്കാരിയിലെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സാം കെ.ജോര്‍ജ് ഈ തോര്‍ത്തുകള്‍ ഒളിപ്പിച്ചുവെച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. കാര്‍ കഴുകാന്‍ ഉപയോഗിച്ചിരുന്ന ചുവപ്പ്, വെള്ള നിറങ്ങളിലുള്ള തോര്‍ത്തുകളാണ് കണ്ടെടുത്തത്. താന്‍ കാര്‍ കഴുകുന്നതിനിടെ യുവതിയുമായി വഴക്കുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് സാം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കണ്ടെടുത്ത തോര്‍ത്തുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതിനിടെ, യുവതിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് സാമിന് ഉണ്ടായിരുന്ന പങ്കാളിയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ദിവസംപത്തനംതിട്ട കൈപ്പട്ടൂരിലെ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തി.

Tags:    

Similar News