2016 ലെ സ്‌ഫോടനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയ നഷ്ടപരിഹാരം ഒരു കോടിയോളം രൂപ; അതേ പ്രതി വീണ്ടും സ്‌ഫോടക വസ്തു നിര്‍മ്മാണം നടത്തിയത് ആരുടെ പിന്തുണയോടെ? കണ്ണപുരം സ്‌ഫോടന കേസിലെ പ്രതി അനൂപ് മാലിക്ക് പടക്കനിര്‍മ്മാണത്തിനായി വെടിമരുന്ന് കൊണ്ടുവരുന്നതിന്റെ ഉറവിടം തേടി പൊലീസ്
അനൂപ് മാലിക്കിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയേക്കും
കണ്ണൂര്‍ : നാടിനെ ഞെട്ടിച്ച കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ നടന്ന സ്‌ഫോടന കേസിലെ മുഖ്യപ്രതി പ്രതി അനൂപ് മാലിക്കിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ കൂടി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ചുമത്തിയേക്കും. അനൂപ് മാലിക്ക് എവിടെ നിന്നാണ് പടക്കനിര്‍മ്മാണത്തിനായി വന്‍തോതില്‍ വെടിമരുന്ന് എത്തിക്കുന്നതെന്ന അന്വേഷണത്തിലാണ് പൊലീസ്. ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു ഇയാള്‍ക്ക് ബന്ധങ്ങളുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ മരണത്തിന് പിന്നില്‍ അനൂപ് മാലിക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയേക്കും. ആന്റി എക്‌സ്പ്‌ളോസീവ് ആക്ട് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം മറ്റു കുറ്റങ്ങള്‍ കൂടി ചുമത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ പ്രാഥമികമായി ചോദ്യം ചെയ്യും. ഇതിനു ശേഷമാണ് കണ്ണൂര്‍ കോടതി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുക. ഒളിവില്‍ പോകാന്‍ ശ്രമിക്കവേ ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. കണ്ണപുരം കീഴറയിലെ സ്‌ഫോടനം നടന്ന ഇടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും.
പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടനമുണ്ടായത്. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവസമയത്ത് അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ഈ വീട് വാടകയ്‌ക്കെടുത്തത് അനൂപ് മാലികാണ്.
2016 മാര്‍ച്ചില്‍ കണ്ണൂരിലെ പൊടിക്കുണ്ടില്‍ വന്‍ നാശമുണ്ടാക്കിയ സ്‌ഫോടനത്തിന് പിന്നിലും അനൂപ് മാലിക് ആയിരുന്നു. അനൂപിന് കോണ്‍ഗ്രസ് ബന്ധം ഉണ്ടെന്ന് അന്നുയര്‍ത്തിയ ആരോപണം ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുകയാണ് സിപിഎമ്മും ബിജെപിയും. അതേസമയം, ഈ ആരോപണം കോണ്‍ഗ്രസ് തള്ളുന്നു. പൊടിക്കുണ്ട് രാജേന്ദ്ര നഗറില്‍ നടന്ന സ്‌ഫോടനത്തില്‍ 7 വീടുകള്‍ക്ക് കാര്യമായ നാശവും 9 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടവും ഉണ്ടായിരുന്നു. പത്ത് പേരില്‍ നാലുപേര്‍ക്ക് ഗുരുതരമായ പരിക്കിമേറ്റിരുന്നു. അന്ന് അനൂപ് മാലിക്കിനെ കൂടാതെ പെണ്‍ സുഹൃത്ത് രാഹില അടക്കം മൂന്ന് പേരെയാണ് പൊലീസ് പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
നാല് കോടി രൂപയുടെ നഷ്ടമുണ്ടായി വലിയ ജനവികാരം ഉണര്‍ന്നിട്ടും പൊലീസ് അന്വേഷണം ആഴത്തില്‍ നടന്നില്ല. കെ സുധാകരനാണ് അനൂപിന് പിന്നില്‍ എന്ന ആരോപണം അന്ന് സിപിഎം ഉയര്‍ത്തി. ഉടന്‍ ഭരണം മാറി സിപിഎം അധികാരത്തിലെത്തി എങ്കിലും അന്വേഷണം പരിമിതമായിരുന്നു. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടു ആരോപണം ഉയര്‍ത്തുകയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ബിജെപിയും ഈ ആരോപണത്തെ തുണക്കുന്നുണ്ട്.
എന്നാല്‍, എല്ലാം അന്വേഷിച്ചു പുറത്തുകൊണ്ടുവരുവെന്നാണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ വെല്ലുവിളി. അനൂപ് ഉത്സവ ആവശ്യത്തിനുള്ള പടക്കങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് പൊലീസിന്റെ വിശദീകരണമെങ്കിലും നിരന്തരം രാഷ്ട്രീയ സംഘര്‍ഷവും ബോംബ് പ്രയോഗവും നടക്കുന്ന കണ്ണൂരില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. പടക്കം മാത്രമല്ല മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാനും ഇയാള്‍ സഹായം ചെയ്യുന്നുണ്ടോയെന്നുണ്ട് സംശയം ഉയരുന്നുണ്ട്.
നാടിനെ നടുക്കിയ ഒരു സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ വീണ്ടും ജനവാസ മേഖലയില്‍ ഉല്‍പ്പാദന കേന്ദ്രം തുടങ്ങി എന്നുള്ളത് ആരൊക്കെയോ കണ്ണടച്ചു എന്നുള്ളതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2016 നടന്ന സ്‌ഫോടനത്തിന്റെ പേരില്‍ ഒരു കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത്. ഇതേ പ്രതി വീണ്ടും സമാനമായ രീതിയില്‍ സ്‌ഫോടക വസ്തു നിര്‍മ്മാണം നടത്തിയത് ആരുടെ പിന്തുണയോടെയാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
കണ്ണപുരം കീഴറ യിലെ സ്‌ഫോടന കേസില്‍ അനുപ് മാലിക്കിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് അഷാമാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചാലാട് സ്വദേശിയായ അഷാം അനുപ് മാലിക്കിനായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തു വരികയായിരുന്നു. അഷാം സ്‌ഫോടനം നടക്കുന്ന സമയത്ത് വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു ഇയാള്‍ 'മേല്‍ക്കൂരയുള്‍പ്പെടെ തകര്‍ന്നു വീണതാണ് ഇയാളുടെ മരണത്തിനിടയാക്കിയത്. ഗോവിന്ദന്‍ കീഴറയെന്ന മുന്‍ അധ്യാപകന്റെ വീട് അനൂപ് മാലിക്ക് ഹാര്‍ഡ് വെയര്‍ ഇലക്ട്രിക്കല്‍ കട നടത്തിപ്പുകാരനെന്ന വ്യാജേനെ വാടകയ്‌ക്കെടുക്കുകയായിരുന്നു. വീട് വാടകയ്‌ക്കെന്ന പരസ്യം കണ്ടാണ് ഇയാള്‍ വീട്ടുടമയെ ബന്ധപ്പെടുന്നത്. രാത്രികാലങ്ങളില്‍ നിരവധിയാളുകള്‍ വാഹനത്തില്‍ വന്നു പോയിരുന്നതായി പ്രദേശവാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.