ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ കുറിച്ച് കുടുംബത്തെ അറിയിച്ചു; പിന്നാലെ ബെംഗളൂരുവില്‍ ഐടി ജീവനക്കാരിയുടെ മരണം; മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കി കുടുംബം
ബെംഗളുരുവില്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം
കണ്ണൂര്‍: ബംഗളൂരുവില്‍ ഐടി ജീവനക്കാരിയായ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം പരാതി നല്‍കി. കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എ.സ്‌നേഹ രാജന്‍(35)യെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് സ്നേഹയുടെ ഭര്‍ത്താവ് ഹരി എസ് പിള്ള മരണവിവരം സ്നേഹയുടെ കുടുംബത്തെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്‌നേഹയ്ക്ക് ഇല്ലാതിരുന്നതാണ് കുടുംബത്തില്‍ സംശയമുണര്‍ത്തിയത്. ഇതിന് പിന്നാലെ കുടുംബം ദുരൂഹതയാരോപിച്ച് സര്‍ജാപൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
വര്‍ഷങ്ങളായി ബെംഗളൂരൂവിലാണ് സ്‌നേഹ താമസിക്കുന്നത്. ഭര്‍ത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകന്‍ ശിവാങ്ങും ഇവര്‍ക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അമിതമായ ഛര്‍ദിയെ തുടര്‍ന്ന് സ്‌നേഹയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്‌നേഹയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍, മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സര്‍ജാപുര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്‌നേഹയും ഹരിയും തമ്മില്‍ ഇടയ്ക്കിടെ വാക്തര്‍ക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവുമായുണ്ടായ വഴക്ക് സംബന്ധിച്ച് സ്‌നേഹ മരണത്തിന് തലേ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും പറയുന്നു.
വിമുക്തഭടന്‍ രാജന്‍ ആലക്കാട്ടിന്റെയും സുലോചനയുടേയും മകളാണ് സ്‌നേഹ. മഡിവാള മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിച്ച സ്‌നേഹയുടെ മൃതദേഹം രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് സ്‌നേഹയുടെ ബന്ധുക്കള്‍.