സോഷ്യല്‍ മീഡിയ പ്രണയം ക്ലൈമാക്‌സില്‍ കൊലപാതകമായി; ട്യൂഷന്‍ സെന്റര്‍ പൂട്ടി കാമുകിക്കൊപ്പം പോയ ജോബിന് കിട്ടിയത് എട്ടിന്റെ പണി; വീടുപണി കഴിഞ്ഞപ്പോള്‍ ഷേര്‍ളിക്ക് പുതിയ സുഹൃത്ത്; കാഞ്ഞിരപ്പള്ളിയിലെ ഇരട്ടമരണത്തില്‍ ദുരൂഹതയേറുന്നു; കൊലയും ആത്മഹത്യയും എന്ന വാദത്തില്‍ ഉറച്ച് പോലീസും; കൂവപ്പള്ളിയില്‍ നടന്നത് ലീവിംഗ് ടുഗദര്‍ ചതിയോ?
കോട്ടയം: കൂവപ്പള്ളിയിലേത് കൊലയും ആത്മഹത്യയും എന്ന തിയറി സജീവമാക്കി പോലീസ്. യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് ആരോപണം. പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പില്‍ നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ട്യൂഷന്‍ സെന്റര്‍ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. ഇത് തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയെന്ന് പോലീസ് പറയുന്നു.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസും അറിയിച്ചു. ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു(45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നു പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ രണ്ടു പേരേയും കൊന്നതാണ് എന്ന് ജോബിന്റെ കുടുംബം പറയുന്നു. ഇതിലേക്ക് പോലീസ് അന്വേഷണം നീളുന്നില്ല.
സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുമ്പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുമ്പു ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്കു കാരണമായതെന്നു പോലീസ് പറയുന്നു.
ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും ഷേര്‍ളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേര്‍ളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാള്‍ വീടു പണിക്കും മറ്റുമായി തന്റെ ബാങ്ക് നിക്ഷേപമെടുത്തു നല്‍കിയത്. ഇതുകൂടാതെ ജോബ് കോട്ടയം താഴത്തങ്ങാടിയില്‍ വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഷേര്‍ളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷന്‍ സെന്റര്‍ നിര്‍ത്തിയതെന്നും പോലീസ് പറയുന്നു.
ജോബിനെ ഒഴിവാക്കാന്‍ ഷേര്‍ളി ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്റെ നിലപാട്. ഇതിനിടെ, കലഹം രൂക്ഷമായതോടെ ജോബിനെതിരേ കാഞ്ഞിരപ്പള്ളി പോലീസില്‍ ഷേര്‍ളി പരാതി നല്‍കി. എന്നാല്‍, പോലീസ് വിശദമായ ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ സഹകരിക്കാന്‍ ഷേര്‍ലി താത്പര്യം കാണിച്ചില്ല. ഇതിനിടെ, തന്റെ പണം തരണമെന്ന കടുത്ത നിലപാട് ജോബ് സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്നം വളഷായി. ഇതിനിടെ, ഷേര്‍ലി മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നു ജോബും ഷേര്‍ലിയുടെ ആദ്യ ഭര്‍ത്താവിന്റെ മകനും ചേര്‍ന്നു കൊച്ചിയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആ യാത്രയിലും തിരികെ വന്ന ശേഷവും ഇരുവരും തമ്മിലെ തര്‍ക്കം രൂക്ഷമായി.
ജോബ് തന്നെ വക വരുത്തുമെന്ന് അടുത്തിടെ പരിചയത്തിലായ സുഹൃത്തിനെ ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഷേര്‍ളി ഫോണില്‍ അറിയിച്ചിരുന്നു. തിരികെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെയാണ് ഇദ്ദേഹമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും തുടര്‍ന്ന് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യത്തില്‍ പങ്കില്ലെന്നു കണ്ടതിനാല്‍ വിട്ടയച്ചു. ഈ സുഹൃത്തിനെതിരെ ഒരു തെളിവും ഇല്ലെന്ന നിലപാടിലാണ് പോലീസ്. ഇതു ജോബിന്റെ കുടുംബം അംഗീകരിക്കുന്നില്ല.
