കുവൈത്ത് ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്തു മുങ്ങി നടക്കുന്ന മലയാളികള്‍ക്ക് എട്ടിന്റെ പണി വരുന്നു; കുവൈറ്റ് അല്‍ അലി ബാങ്കിന്റെ കേസുകള്‍ ക്രൈംബ്രാഞ്ചിലേക്ക്; അറസ്റ്റിനു വഴി തുറക്കുന്ന ഉത്തരവുമായി ഹൈക്കോടതി; സ്ത്രീകള്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകും; സ്വത്തുകളും കണ്ടുകെട്ടപ്പെടും; നിര്‍ണായകമായത് അഡ്വ. തോമസ് ആനക്കല്ലുങ്കലിന്റെ ഇടപെടല്‍

കുവൈത്ത് ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്തു മുങ്ങി നടക്കുന്ന മലയാളികള്‍ക്ക് എട്ടിന്റെ പണി വരുന്നു

Update: 2026-03-02 05:59 GMT

കൊച്ചി: കുവൈറ്റിലെ അല്‍ അലി ബാങ്കില്‍ നിന്നെടുത്ത വമ്പന്‍ വായ്പകള്‍ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കേരള ക്രൈം ബ്രാഞ്ചിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വായ്പ തട്ടിപ്പ് കാരണം അനിശ്ചിതത്വത്തിലായ കോടിക്കണക്കിന് ദിനാര്‍ തിരിച്ചുപിടിക്കുന്നതിനു വേണ്ടി കുവൈറ്റ് ബാങ്കുകള്‍ മാസങ്ങളായി കേരളത്തില്‍ നടത്തിവരുന്ന നിയമനടപടികളുടെ ഫലമായാണ് ഹൈക്കോടതിയില്‍ നിന്നും നിര്‍ണായക ഉത്തരവ് നേടിയത്. കേസ് നിര്‍ണായക ഘട്ടത്തിലേക്കു കടന്നതോടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിതമായിട്ടുണ്ട്.

വായ്പയെടുത്ത ശേഷം കുവൈറ്റ് വിട്ട് വിദേശത്തേക്ക് താമസം മാറി തട്ടിപ്പ് നടത്തിയ ഈ വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനെ അധികാരപ്പെടുത്തിയുള്ള ഹൈക്കോടതിയുടെ ഉത്തരവുണ്ടായത് അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റിന്റെ ഹര്‍ജിയിലാണ്. ഇതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത തെളിഞ്ഞത്. വഞ്ചിക്കപ്പെട്ട കുവൈറ്റ് ബാങ്കുകള്‍ വായ്പ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ എല്ലാവര്‍ക്കെതിരെയും അടുത്ത മാസം മുതല്‍ ക്രിമിനല്‍ നടപടി ഊര്‍ജിതമാക്കാനുള്ള നീക്കത്തിലാണ്.

ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ ക്രിമിനല്‍ നിയമ നടപടിക്കു വിധേയരാകുന്ന വ്യക്തികള്‍ക്ക് ഇന്ത്യയിലേക്കും പുറത്തേക്കും യാത്രാ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ അവര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാനും നിലവില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ തങ്ങുന്ന വിദേശ രാജ്യങ്ങളില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള അവകാശം നേടാനും തടസം വരും. ഇതിനകം തന്നെ ഇമിഗ്രന്റ് പദവി ലഭിച്ചവര്‍ക്കും ആ രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വൈഷമ്യങ്ങള്‍ നേരിടേണ്ടിവരാം. ഇന്ത്യയില്‍ അവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ താമസിക്കുന്ന രാജ്യവുമായും പങ്കിടുന്നതിനാലാണിത്.

വിദേശത്തുനിന്ന് വായ്പ്പയെടുത്ത പണം ഇന്ത്യയിലേക്ക് അനധികൃതമായെത്തിക്കുകയും വഴിമാറ്റി ചെലവഴിക്കുകയും ചെയ്തതു സംബന്ധിച്ച് കുടിശികക്കാര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കാനുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു. ഒരു വായ്പാ തട്ടിപ്പിനെത്തുടര്‍ന്ന് യുഎഇയിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പി.എസ്.സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കാസര്‍ഗോഡുള്ള ദമ്പതികളുടെയും മകന്റെയും ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കൊച്ചിയിലെ ഇ.ഡി സോണല്‍ ഓഫീസ് ഈയിടെ കണ്ടുകെട്ടിയിരുന്നു.

പ്രതികള്‍ മനഃപൂര്‍വ്വം, സത്യസന്ധതയില്ലാതെ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസിലെ പ്രധാന ആരോപണം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി അവര്‍ വായ്പകള്‍ എടുത്തു. തുടര്‍ന്ന് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റിയ ശേഷം കുവൈറ്റ് വിട്ട്് മറ്റ് രാജ്യങ്ങളില്‍ സ്ഥിര ജോലി നേടി. ഇവര്‍ക്കെതിരെ അല്‍ അലി ബാങ്ക് പരാതി നല്‍കിയതോടെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 പ്രകാരം ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഈ കേസുകളില്‍ ആരോപിച്ചിട്ടുള്ളത്.എഡിജിപി ക്രൈം ബ്രാഞ്ചിന്റെ മേല്‍നോട്ടത്തില്‍ നിഷ്പക്ഷവും ഫലപ്രദവുമായ അന്വേഷണം നടത്താന്‍ കുറ്റമറ്റ സേവന ചരിത്രമുള്ള ഒരു ഉദ്യോഗസ്ഥനെ ഉടന്‍ നിയോഗിക്കണമെന്ന് ഹൈക്കോടതിയോട് അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റ് അപേക്ഷിച്ചിരുന്നു.

ബാങ്ക് പ്രതിനിധികള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക് മാറ്റണമെന്നും ഒരു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും ജസ്റ്റിസ് കെ. ബാബു നിര്‍ദ്ദേശിച്ചു. അല്‍ അലി ബാങ്കിന്റെ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ മുഹമ്മദ് അല്‍ ഖത്താന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. അന്തര്‍ദേശീയമായി പരിണതഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാകയാല്‍ ഈ കേസുകള്‍ ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റണമെന്നതായിരുന്നു പ്രധാന ആവശ്യം.

ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവു വന്നതിന്റെ തൊട്ടു പിന്നാലെ ഈ കേസുകളിലൊന്നിലെ പ്രതിയായ ടോണി തന്റെ പേരിലുണ്ടായിരുന്ന 7734860 രൂപ (25783 കുവൈറ്റി ദിനാര്‍) വരുന്ന കുടിശിക തുക പൂര്‍ണമായി തിരിച്ചടച്ചു. അങ്കമാലി പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ചു രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഇതോടെ പിന്‍വലിച്ചതായി ബാങ്ക് വക്താവ് പറഞ്ഞു.ടോണിയെപ്പോലെ കേസ് നടപടി ഒഴിവാക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ പേര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മലയാളികള്‍ കുവൈറ്റ് ബാങ്കുകളെ കബളിപ്പിച്ച കേസുകളില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ച് നിയമ-ക്രമസമാധാന വകുപ്പിന്റെ എഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന പോലീസ് ഈ കേസുകള്‍ ഒരുമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും അദ്ദേഹം വാദിച്ചു.

വിദേശ രാജ്യങ്ങളില്‍ അന്വേഷണം ആവശ്യമുള്ള കേസുകളാണിതെന്നും അന്താരാഷ്ട്ര തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് സങ്കീര്‍ണ്ണ ഘടകങ്ങള്‍ ഉണ്ടാകാമെന്നും ചൂണ്ടിക്കാട്ടി കേസുകള്‍ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ഡിജിപി നേരത്തെ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രതികളില്‍ ചിലര്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്ന് ക്രമസമാധാന വകുപ്പിന്റെ എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാരണങ്ങളാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നതെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ബാങ്കുകളുടെ കണക്കനുസരിച്ച്, വായ്പ്പയെടുത്ത് മുങ്ങിയവരില്‍ ഭൂരിഭാഗവും കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു. ഇവരില്‍ പലരും അയര്‍ലന്‍ഡ്, യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയതായി പിന്നീട് ബാങ്കുകള്‍ കണ്ടെത്തി. അപേക്ഷകരുടെ ജോലിയും ശമ്പളവും അടിസ്ഥാനമാക്കിയാണ് വായ്പകള്‍ നല്‍കിയിരുന്നത്. അവരില്‍ ചിലര്‍ മാസങ്ങള്‍ക്കുള്ളില്‍ രഹസ്യമായി ജോലി ഉപേക്ഷിച്ചുവെന്നും അവര്‍ക്ക് നല്‍കിയ വായ്പ തുകയില്‍ നിന്ന് മൈഗ്രേഷന്‍ ചെലവുകള്‍ പോലും കണ്ടെത്തിയെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസുകളുടെ പ്രളയത്തെത്തുടര്‍ന്ന് കുവൈറ്റിലെ ബാങ്കുകള്‍ കേരളീയര്‍ക്കുള്ള വായ്പാ നയങ്ങള്‍ കര്‍ശനമാക്കിയതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന 12 കേസുകളിലെ പ്രതികളില്‍ നിന്ന് തിരിച്ചുപിടിക്കേണ്ട ആകെ തുക ഏകദേശം 10 കോടി രൂപയാണെന്ന് അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റ് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് ബാങ്ക് കുവൈറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സര്‍ക്കാരും അത് അംഗീകരിച്ചു. തുടര്‍ന്ന് ഡിജിപി ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഗള്‍ഫ് ബാങ്ക് കുവൈറ്റ് സമര്‍പ്പിച്ച കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ സുമിത മേരി സാമിനെതിരെ കുവൈറ്റ് അല്‍ അലി ബാങ്ക് നല്‍കിയ പരാതി പ്രകാരം, നിലവിലെ കുടിശ്ശിക 61,90,929 രൂപ (20636.43 കുവൈറ്റ് ദിനാര്‍) ആണ്. ജോജോ മാത്യുവിനെതിരായ പരാതിയില്‍ 86,45,937 രൂപയും സിജോമോന്‍ ഫിലിപ്പിനെതിരായ പരാതിയില്‍ 73,17,060 രൂപയും കുടിശ്ശികയുണ്ട്. അയര്‍ക്കുന്നം സ്വദേശി ടോണി പൂവേലില്‍ ലൂക്കിനെതിരെ 81,57,920 രൂപ വഞ്ചിച്ചതായി പരാതിയുണ്ട്.

കോട്ടയം ജില്ലയിലെ വെള്ളൂര്‍ സ്റ്റേഷനില്‍ റോബി മാത്യു പ്രതിയായുള്ള കേസില്‍ കുടിശ്ശിക 63,17,270 രൂപയാണ്. കടുത്തുരുത്തിയില്‍ റെജിമോന്‍ ഫിലിപ്പിനെതിരെയും പരാതിയുണ്ട്. തുക 80,66,637 രൂപ. വൈക്കം പോലീസ് സ്റ്റേഷനില്‍ ജിഷ വര്‍ഗീസ് പ്രതിയായുള്ള കേസ് പ്രകാരം കുടിശ്ശിക 86,68,338 രൂപയാണ്. തലയോലപ്പറമ്പ് സ്റ്റേഷനില്‍ പ്രിയദര്‍ശ് മാമ്പള്ളില്‍ വാസവനെതിരെ നല്‍കിയ കേസില്‍ 1,17,46,077 രൂപ.

ബിബിന്‍ കുര്യാക്കോസിനെ പ്രതിയാക്കി എറണാകുളം ജില്ലയിലെ പോത്താനിക്കാട് സ്റ്റേഷനില്‍ ബാങ്ക് നല്‍കിയ പരാതിയില്‍ വായ്പ കുടിശ്ശിക 91,21,851 രൂപയാണ്. ലിസി ഷാജിക്കെതിരെ കോതമംഗലം പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസില്‍ 91,77,663 രൂപയും. പുത്തന്‍കുരിശ് സ്റ്റേഷനിലുള്ള കേസിലെ പ്രതി അനൂപ് ജോണ്‍ കാവനാലിന്റെ കുടിശ്ശിക തുക 86,52,321 രൂപയാണ്.

നേരത്തെ, 700 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട 1425 മലയാളികള്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.പ്രതികളില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും അവരില്‍ പലരും ആരോഗ്യ മേഖലയില്‍ നിന്നുള്ളവരാണെന്നും ബാങ്ക് പ്രതിനിധികള്‍ പറയുന്നു. കൂടാതെ, ഈ രീതിയില്‍ രഹസ്യമായി രാജ്യം വിട്ട ആയിരക്കണക്കിന് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കേരളീയരാണെന്ന് അവര്‍ പോലീസിനെ അറിയിച്ചിരുന്നു.

Tags:    

Similar News