പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് ആല്‍വിന്റെ മരണം; കാര്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയുടേത്; ആശയക്കുഴപ്പം ഉണ്ടാക്കിയത് വാഹനം പേരിലേക്ക് മാറ്റാതിരുന്നത്; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യവുമായി ആല്‍വിന്റെ കുടുംബം

ആല്‍വിനെ ഇടിച്ച കാറിന്റെ യഥാര്‍ഥ ഉടമസ്ഥ കോഴിക്കോട് സ്വദേശിനി

Update: 2025-01-18 10:00 GMT

കോഴിക്കോട്: ബീച്ച് റോഡില്‍ വച്ച് ആഡംബര കാറുകളുടെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ, 20 കാരനായ ആല്‍വില്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടാക്കിയ കാറിന്റെ യഥാര്‍ഥ ഉടമസ്ഥയെ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി അശ്വിന്‍ ജെയിന്റെ പേരിലാണ് കാര്‍ എന്നാണ് ആദ്യം വിവരം കിട്ടിയത്. പിന്നീടുള്ള വിശദമായ അന്വേഷണത്തില്‍, കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പേരിലാണു കാര്‍ എന്നു കണ്ടെത്തി.

ഹൈദരാബാദിലെ കമ്പനി. ഡല്‍ഹിയിലെ മറ്റൊരു കമ്പനിക്ക് കാര്‍ വില്‍ക്കുകയും ആ കമ്പനിയില്‍ നിന്ന് കോഴിക്കോട് സ്വദേശിനി വാങ്ങുകയുമായിരുന്നു. വാഹനത്തിന്റെ ഉടമസ്ഥത മാറ്റാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. കാര്‍ ഡല്‍ഹിയിലെ കമ്പനിയുടെ ഉടമസ്ഥതയില്‍ തന്നെ തുടര്‍ന്നതോടെ പൊലീസ് ആദ്യം അന്വേഷിച്ചപ്പോള്‍ യഥാര്‍ഥ ഉടമസ്ഥയെ കണ്ടെത്താനായില്ല. വില്‍പ്പന കരാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവതിയുടെ പേരിലേക്ക് കാര്‍ മാറ്റിയിരുന്നില്ല. വെള്ളയില്‍ പൊലീസ് ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അതേസമയം, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യവുമായി ആല്‍വിന്റെ കുടുംബം രംഗത്തെത്തി. അപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും മരിച്ച ആല്‍വിന്റെ അച്ഛന്‍ സുരേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 11നാണ് ബീച്ച് റോഡില്‍ വെച്ച് ആഡംബര കാറുകളുടെ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെവടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന്‍ ആല്‍വിന്‍ കാറിടിച്ച് മരിച്ചത്.

സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിംഗ്, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കാറോടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അപകടം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അപകടത്തിന്റെ സി സി ടി വി ദൃശ്യം പുറത്തു വിട്ട് സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കാറിന് ഇന്‍ഷൂറന്‍സോ ടാക്‌സ് അടച്ച രേഖകളോ ഉണ്ടായിരുന്നില്ല. വെള്ളയില്‍ പൊലീസ് അടുത്തിടെ തെലങ്കാനയിലെത്തി അശ്വിന്‍ ജയിനിനെ കണ്ടെത്തി. രജിസ്‌ട്രേഷന്‍ മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുളള റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.


Similar News