സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ മറ്റൊരു സിസി ടിവി ചിത്രം കൂടി പുറത്ത്; ആക്രമണത്തിന് ശേഷം ഇയാള്‍ വസ്ത്രം മാറിയതായി ദൃശ്യത്തില്‍; സെയ്ഫിന്റെ വീട്ടില്‍ കടന്നുകയറും മുമ്പ് അക്രമി ആദ്യം ലക്ഷ്യമിട്ടത് ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താരത്തെ; താരത്തിന്റെ വസതി നിരീക്ഷിച്ചത് ഇതേ പ്രതിയെന്ന് സംശയിച്ച് പൊലീസ്
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ മറ്റൊരു സിസി ടിവി ചിത്രം കൂടി പുറത്ത്
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മറ്റൊരു സിസി ടിവി ചിത്രം കൂടി പുറത്തുവിട്ടു. അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചുകയറി നടനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുന്നതിനിടെയാണ് ഇയാളുടെ ചിത്രങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞത്. ബാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ച് ഇയാള്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
സെയ്ഫ് അലിഖാന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില പ്രതീക്ഷിച്ചത് പോലെ തന്നെയാണ് പുരോഗമിക്കുന്നതെന്ന് ന്യൂറോ സര്‍ജന്‍ ഡോ.നിതിന്‍ ഡാങ്കെ അറിയിച്ചു. അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സുഖം പ്രാപിച്ചാല്‍ രണ്ടുമൂന്ന് ദിവസത്തിനകം വീട്ടില്‍ പോകാം, ന്യൂറോ സര്‍ജന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തെ പരിശോധിക്കുകയും നടത്തിക്കുകയും ചെയ്തു. ഐസിയുവില്‍ നിന്ന് പ്രത്യേക മുറിയിലേക്ക് സെയ്ഫിനെ മാറ്റുകയാണെന്നും ഡോ.നിതിന്‍ ഡാങ്കെ പറഞ്ഞു.
അതിനിടെ, സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ച് കയറും മുമ്പ് അക്രമി ലക്ഷ്യമിട്ടത് ഷാരൂഖ് ഖാന്റെ വീടാണെന്ന് പൊലീസിന്റെ നിഗമനം. ഇതിനെ സാധൂകരിക്കുന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജനുവരി 14ന് ഷാരൂഖ് ഖാന്റെ വസതിയായ ' മന്നത്തിന് ' സമീപം സംശയകരമായ ചില നീക്കങ്ങള്‍ നടന്നതായി പൊലീസ് കണ്ടെത്തി.
അജ്ഞാതനായ വ്യക്തി ഒരു ഇരുമ്പ് ഗോവണി ഉപയോഗിച്ച് വീടും പരിസരവും നിരീക്ഷിക്കാന്‍ ശ്രമിച്ചിരുന്നു എന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഏകദേശം 6-8 അടി വലുപ്പമുള്ള ഗോവണിയാണ് മന്നത്തിനോട് ചേര്‍ന്നുള്ള വസ്തുവിന്റെ പിന്‍വശത്തായി സ്ഥാപിച്ചിരുന്നത്. മന്നത്തില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളില്‍, സെയ്ഫിന്റെ ഫ്‌ലാറ്റിന് സമീപത്ത് കണ്ടതായി സംശയിക്കുന്ന ആളുമായി സാദൃശ്യമുള്ള അക്രമിയുടെ ദൃശ്യം ലഭിച്ചിരുന്നു. ഇതോടെയാണ് രണ്ട് കേസിലും ഒരാളുടെ പങ്ക് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഷാരൂഖ് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല്. ബാന്ദ്ര വെസ്റ്റിലെ സെയ്ഫിന്റെ ആഡംബര വസതിയില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് ആക്രമണമുണ്ടായത്.