മൂന്നു മാസത്തിനിടെ പത്തോളം മോഷണങ്ങള്‍: ഒരു കേസിലും പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല: തിരുവല്ല നെടുമ്പ്രത്ത് ഇന്നു പുലര്‍ച്ചെയും വ്യാപകമോഷണ ശ്രമം: വീടുകള്‍ കുത്തിത്തുറന്നു

Update: 2026-03-08 05:28 GMT

തിരുവല്ല: തസ്‌കര ഭീതിയില്‍ നെടുമ്പ്രം നിവാസികള്‍. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപത്തെ രണ്ടു വീടുകളുടെ മുന്‍ വാതില്‍ കുത്തി തുറന്ന് മോഷണം. അടച്ചിട്ട വീട്ടിലും ആള്‍താമസമുള്ള വീട്ടിലും ആണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്താമത്തെ മോഷണമാണ് ഈ പ്രദേശത്ത് നടന്നത്. നെടുമ്പ്രം മുക്കാട്ട് സഫിയ നൗഷാദ്, ആറ്റുമാലില്‍ വീട്ടില്‍ അന്തരിച്ച ന്യൂറോ സര്‍ജന്‍ ആയ ഡോ. സജീവ് തോമസ് എന്നിവരുടെ വീടുകളാണ് കുത്തി തുറന്നത്.

സഫിയ നൗഷാദിന്റെ വീട്ടില്‍ നിന്നും വിലപിടിച്ചതൊന്നും നഷ്ടമായിട്ടില്ല. സജീവ് തോമസിന്റെ മക്കള്‍ എത്തിയാല്‍ മാത്രമേ എന്തൊക്കെ നഷ്ടമായി എന്നത് വ്യക്തമാകു. പുലര്‍ച്ചെ രണ്ടരയോടെയാണ് സഫിയ നൗഷാദിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് മോഷ്ടാവ് അകത്തുകടന്നത്. ഒന്നാം നിലയിലെ അകത്തു നിന്നും പൂട്ടിയ മുറിയില്‍ ഉറങ്ങുകയായിരുന്ന സഫിയ താഴെയുള്ള നിലയിലെ മുറിയുടെ അലമാര തുറക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നു. അല്പ സമയത്തിനകം സഫിയ ഉറങ്ങിയിരുന്ന മുറിയുടെ കതക് പുറത്തുനിന്നും തുറക്കാന്‍ മോഷ്ടാവ് ശ്രമിച്ചു.

അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയാണെന്നും പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും സഫിയ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. പിന്നാലെ സമീപത്ത് താമസിക്കുന്ന മകളെ ഫോണില്‍ വിവരം അറിയിച്ചു. മകളും ഭര്‍ത്താവും എത്തുമ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. സജീവ് തോമസിന്റെ വീടിന്റെ മുന്‍പിലെ സിസിടിവിയില്‍ നിന്നും മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നു പോകുന്ന മോഷ്ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. സംഭവം അറിഞ്ഞ് പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഉച്ചയോടെ വിരലടയാള വിദഗ്ധര്‍ എത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന 10 മോഷണങ്ങളില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ പോലീസിനെ സാധിച്ചില്ല എന്ന ആരോപണം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്.

Similar News