വീടിന് സമീപത്തു നിന്നും 28 ദിവസം മുന്‍പ് കാണാതായ 84 കാരന്‍ എവിടെ? റബര്‍ തോട്ടത്തില്‍ ഡ്രോണ്‍ പരിശോധനയും കഡാവര്‍ നായ തിരച്ചില്‍ നടത്തിയിട്ടും സൂചനയില്ല; ദുരൂഹതയൊഴിയാതെ പാലായിലെ വയോധികന്റെ തിരോധാനം
കോട്ടയം: വീടിന് സമീപത്തു നിന്നും 84 കാരനെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ ഡിസംബര്‍ 21 ന് രാവിലെ 10 മണിയോടെയാണ് പാലാ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ മാത്തച്ചന്‍ (മാത്യു തോമസ്) വീട്ടില്‍ നിന്നിറങ്ങിയത്. അയല്‍വാസിയുടെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് ഭാര്യയോട് പറഞ്ഞ് ഇറങ്ങിയതാണ്. പിന്നെ ഇതുവരെയും മാത്തച്ചനെ കണ്ടിട്ടില്ല. മാത്തച്ചനും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ താമസം.
വിവരം അറിഞ്ഞ് ഓസ്ട്രേലിയയിലുള്ള മകനെത്തി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീടിന് ചുറ്റുവട്ടം വിജനമായ റബര്‍ തോട്ടമാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഏറെയുള്ള മാത്തച്ചന്‍ റബര്‍ തോട്ടത്തില്‍ ബോധരഹിതനായി കിടന്നിട്ടുണ്ടാവാം എന്നാണ് ആദ്യം കരുതിയത്. റബര്‍ തോട്ടവും പൊട്ടകിണറുമെല്ലാം അരിച്ചുപെറുക്കി നോക്കിയിട്ടും യാതൊരു വിവരവുമില്ല.
കാണാതാകുമ്പോള്‍ കൈലി മുണ്ടും ടീ ഷര്‍ട്ടുമാണ് ധരിച്ചത്. പണമൊന്നും കരുതിയിട്ടില്ല. ഏറെ ദൂരം നടക്കാനും ബുദ്ധിമുട്ടുള്ളയാളാണെന്ന് മക്കള്‍ പറയുന്നു. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നും ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നതായും ഡോര്‍ അടയ്ക്കുന്ന ശബദ്ം കേട്ടതായും അയല്‍വാസി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. 70 ഓളം പോലീസ് സംഘമാണ് വിവിധ കേന്ദ്രങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്. കഡാവര്‍ ഡോഗുകളെ ഉപയോഗിച്ചും തിരച്ചില്‍ നടത്തി. ഡി. വൈ. എസ്. പി. കെ. സദന്‍, എസ്. എച്ച്. ഒ. ജോബിന്‍ ആന്റണി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തിരച്ചില്‍.
സമീപത്തുള്ള വീടുകളിലും പുരയിടങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമെില്ലാം തിരച്ചില്‍ നടത്തി. നടന്നു പോയ വഴിയില്‍ വീടുകള്‍ കുറവാണ്. തൊട്ടടുത്തുള്ള വീ്ട്ടില്‍ ടൈല്‍ പണി നടക്കുന്നുണ്ടായിരുന്നു. അത് കാണാനാണ് പോകുന്നതെന്നാണ്് മാത്തച്ചന്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് വ്യക്തമായതോടെ ദുരൂഹത വര്‍ധിച്ചു. ടൗണില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരവുമുണ്ട്. കാണാതാകുന്ന മേഖലയിലെങ്ങും സി. സി. ടി. വി ക്യാമറകളും ഇല്ല.