ലക്ഷ്യം മോഷണം മാത്രം; സംഭവത്തിന് അധോലോക ബന്ധമില്ലെന്ന് ആഭ്യന്തര സഹമന്ത്രി; ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ പ്രതി എത്തിയത് വസ്ത്രം മാറി; അക്രമിയുടെ പുതിയ ചിത്രം പുറത്ത്; ഗുജറാത്തിലേക്ക് രക്ഷപ്പെട്ടെന്ന് നിഗമനം; സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ പിടിക്കാന്‍ കഴിയാതെ കുഴഞ്ഞ് മഹാ പോലീസ്
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ട് പോലീസ്. പ്രതി ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. നീല ഷര്‍ട്ട് ഇട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്. ഇയാള്‍ ഗുജറാത്തിലേക്ക് കടന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. അണുബാധ സാധ്യത ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ ആകും എന്നാണ് പ്രതീക്ഷ. അതേസമയം ഇതുവരെ അക്രമിയെ പിടികൂടാന്‍ പോലീസിനു സാധിച്ചിട്ടില്ല.
ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ച്. ഇയാള്‍ നല്‍കിയ മൊഴികളിലുണ്ടായ സംശയത്തെ തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴിയും വിശദമായി രേഖപ്പെടുത്തി. കുറ്റകൃത്യത്തിന് ശേഷം വീടിനു പുറത്തെത്തി വസ്ത്രം മാറിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന്, ബാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ നീല ഷര്‍ട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കയറിയ യുവാവ് കത്തികൊണ്ട് 6 തവണയാണ് സെയ്ഫിനെ കുത്തിയത്. നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കരീന കപൂറും മക്കളും ജോലിക്കാരും സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി ആയയുടെ മൊഴി പുറത്തുവന്നു.
സെയ്ഫും കരീനയും ഓടിയെത്താന്‍ വേണ്ടിയാണ് അക്രമിയെ കണ്ടയുടന്‍ താന്‍ ഉറക്കെ കരഞ്ഞതെന്ന് ഇളയ മകന്‍ ജേയെ പരിപാലിക്കുന്ന മലയാളിയായ ആയ ഏലിയാമ്മ ഫിലിപ്പ് പൊലീസിന് മൊഴി നല്‍കി. ഏലിയാമ്മ 4 വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. 'ജേയുടെ മുറിയില്‍ നിന്നു ശബ്ദം കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. അപരിചിതനെ കണ്ട് ഞെട്ടി. ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള യുവാവ്. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളും തലയില്‍ തൊപ്പിയും ധരിച്ചിരുന്നു.
മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തിയ അയാള്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വടിയും കത്തിയും കൈയിലുണ്ടായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഞാന്‍ ഉറക്കെ കരയുന്നതു കേട്ടാണ് സെയ്ഫ് അലി ഖാനെത്തിയത്. ആരാണെന്നും എന്താണ് വേണ്ടതെന്നും സെയ്ഫ് ചോദിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു. കരീനയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന ജീവനക്കാരായ രമേഷ്, ഹരി, രാമു, പാസ്വാന്‍ എന്നിവര്‍ സഹായത്തിനെത്തിയപ്പോഴേക്കും വാതില്‍ തുറന്ന് അക്രമി രക്ഷപ്പെട്ടു. സെയ്ഫ് അലി ഖാന്റെ മുറിവുകളില്‍ നിന്നു രക്തം ഒലിക്കുന്നുണ്ടായിരുന്നു- ഏലിയാമ്മ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിനുകീഴില്‍ മഹാരാഷ്ട്രയിലെ ക്രമസമാധാനനില മോശമായെന്ന വിമര്‍ശം ശക്തമായി. പ്രതിയെക്കുറിച്ച് ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായും അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അക്രമിക്ക് സെയ്ഫിന്റെ വീട്ടുജോലിക്കാരുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള സെയ്ഫിനെ അത്യാഹിത വിഭാഗത്തില്‍നിന്ന് മാറ്റി. ദിവസങ്ങള്‍ക്കുള്ളില്‍ സെയ്ഫ് ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. ആറു തവണ കുത്തേറ്റ സെയ്ഫിന്റെ നട്ടെല്ലിന് സമീപം തറച്ചിരുന്ന കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ആക്രമിയുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നെന്നും സംഭവത്തിന് അധോലോക ബന്ധമില്ലെന്നും ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറഞ്ഞു.