നിര്‍ത്തിയിട്ട കാറില്‍നിന്നും 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; അത് മോഷണമായിരുന്നില്ല; കവര്‍ന്നത് പണത്തിന് പകരം ചാക്കില്‍ നിറച്ച പേപ്പര്‍? പരാതിക്കാരനും രണ്ട് സഹായികളും കസ്റ്റഡിയില്‍; കേസില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍

നിര്‍ത്തിയിട്ട കാറില്‍നിന്നും 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം

Update: 2025-03-23 10:38 GMT

മാവൂര്‍: കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും 40.25 ലക്ഷം രൂപ കവര്‍ന്നുവെന്ന പരാതി വ്യാജം. ബന്ധു നല്‍കിയ പണം ചെലവായതിനെ തുടര്‍ന്ന് പരാതിക്കാരനുണ്ടാക്കിയ നാടകമാണ് മോഷണമെന്ന് തെളിഞ്ഞു. പരാതിക്കാരനായ ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.

ബുധനാഴ്ചയാണ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നുവെന്ന് റഹീസ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയത്. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവര്‍ന്നതെന്നും ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് നഷ്ടമായതെന്നുമാണ് റഹീസ് പറഞ്ഞത്. ബോണറ്റില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയിലുണ്ടായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ റഹീസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനേത്തുടര്‍ന്ന് ചില സംശയങ്ങളും പോലീസിന് തോന്നി. പണത്തിന്റെ ഉറവിടം സംബന്ധിച്ചോ, ഇത് എങ്ങനെ കാറിലെത്തി എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ പരാതിക്കാരന്‍ പോലീസിന് നല്‍കിയിരുന്നില്ല. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം ലഭിച്ചിരുന്നു.

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് റഹീസിനുള്‍പ്പെടെ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ഭാര്യാപിതാവും ചില സുഹൃത്തുക്കളും നല്‍കിയ തുകയാണ് ഇതെന്നാണ് റഹീസ് നേരത്തെ പോലീസിനോട് പറഞ്ഞത്.

കാറിന്റെ മുന്‍ സീറ്റില്‍ ചാക്കില്‍ പൊതിഞ്ഞുവച്ച പണം ചില്ല് തകര്‍ത്ത് എടുത്തെന്നാണ് റഹീസ് പൊലീസിനെ അറിയിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സിസിടിവി ദൃശ്യങ്ങള്‍ ആണ് നിര്‍ണ്ണായകമായത്. സിസിടിവിയില്‍ പ്രതികളുടെ ശബ്ദവും പതിഞ്ഞിരുന്നു. ഇങ്ങനെ പണം കവര്‍ന്നവരെ ആദ്യം കണ്ടെത്തി. പിറകെ മോഷണ നാടകവും പൊളിഞ്ഞു.

90000 രൂപക്കാണ് സുഹൃത്തുക്കളായ സാജിദിനും ജംഷീറിനും മുഖ്യ പ്രതി ക്വട്ടേഷന്‍ നല്‍കിയത്. പണത്തിന് പകരം ചാക്കില്‍ പേപ്പര്‍ നിറച്ചായിരുന്നു നാടകം. ബൈക്കിന്റെ നമ്പറും മാറ്റിയിരുന്നു. ഭാര്യാ പിതാവ് ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനത്തിന്റെതാണ് ചെലവായ പണമെന്നാണ് മൊഴി. ഇക്കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ വാഹന ബിസിനസ് നടത്തുന്നയാളാണ് മുഖ്യ പ്രതിയായ റഹീസ്.

Tags:    

Similar News