നീല ട്രോളി ബാഗില്‍ പണമെത്തിച്ചോ? പാതിരാ റെയ്ഡില്‍ പണി പാളിയ പോലീസ് മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍;വീണ്ടും കെപിഎം ഹോട്ടലില്‍ പരിശോധന, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്.പിക്ക് സിപിഎമ്മിന്റെ പരാതിയും; ഒരു രാത്രികൊണ്ട് തെരഞ്ഞടുപ്പില്‍ ബഹുദൂരം മുന്നിലായി രാഹുല്‍
നീല ട്രോളി ബാഗില്‍ പണമെത്തിച്ചോ?
പാലക്കാട്: പാതിരാ റെയ്ഡില്‍ പണി പാളിയ പോലീസും സിപിഎമ്മും മുഖം രക്ഷിക്കനുള്ള തീവ്രശ്രമത്തില്‍. കള്ളപ്പണം എത്തിച്ചു എന്നാരോപിച്ചു കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ റെയ്ഡ് നടത്തിയ പോലീസ് ഇക്കാര്യത്തില്‍ ഉരുണ്ട് കളിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീട് സ്വഭാവിക പരിശോധന മാത്രമാണ് നടന്നതെന്നാണ് പറഞ്ഞത്. ഇതിനിടെ വിവാദം മുറുകവേ പോലീസ് വീണ്ടും കെപിഎം ഹോട്ടലില്‍ എത്തി. ഹോട്ടലില്‍ സിസി ടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക്ക് പിടിച്ചെടുത്തു.ട
പോലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബര്‍ വിദഗ്ധരും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കൊപ്പമുണ്ട്. 22 സിസിടിവികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് വിവരം. ഇവയെല്ലാം പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രാത്രിമുതല്‍ പുലര്‍ച്ചവരെ നടന്ന നാടകീയ രംഗങ്ങളില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ആരോപണം ഉന്നയിക്കുന്നതു പോലെ നീല ട്രോളി ബാഗില്‍ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
സൈബര്‍ സെല്‍ വിദഗ്ധര്‍, പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചേര്‍ന്നുകൊണ്ടാണ് അന്വേഷണം നടക്കുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നും വിഷയം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും നേരത്തെ തന്നെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അന്വേഷണ സംഘം ഹോട്ടലില്‍ എത്തി പരിശോധന വിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. കള്ളപ്പണം എത്തിയെന്ന വാദത്തില്‍ ഉറച്ചു നിന്നു കൊണ്ടാണ് ആരോപണം. എസ്പിക്കാണ് പരാതി നല്‍കിയത്.
പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നും അതുമാറ്റാനുള്ള ശ്രമവും നടന്നു എന്ന ആരോപണങ്ങളാണ് ഉയരുന്നത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പോലിസ് നടപടി. ഇതിനു പിന്നാലെ യുഡിഎഫ് വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്നലെ പാതിരാത്രിയില്‍ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു. ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍, പരിശോധനയില്‍ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നല്‍കി. എന്നാല്‍, റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.
പൊലീസ് തങ്ങളെ അപമാനിക്കും വിധം പെരുമാറിയെന്ന് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും മാധ്യമങ്ങളോട് പ്രതികരിച്ചു. യൂണിഫോം പോലും ഇല്ലാതെ ആണ് ചില ഉദ്യോഗസ്ഥര്‍ പാതിരാ നേരത്ത് വാതിലില്‍ മുട്ടിയത് എന്നും അതിന്റെ നടുക്കത്തിലാണ് ഇപ്പോഴും എന്നും ഇരുവരും പറഞ്ഞു. പാലക്കാട്ടെ പാതിരാ പരിശോധനയ്ക്ക് പിന്നില്‍ മന്ത്രി എം ബി രാജേഷ് ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാതിരാ പരിശോധന മന്ത്രി എംബി രാജേഷും ഭാര്യാസഹോദരനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വനിതാ നേതാക്കളെ അപമാനിച്ച രാജേഷ് രാജിവെക്കണം. അഴിമതിയുടെ പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ് ഹൗസിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൊലീസ് പരിശോധനയെ കോണ്‍ഗ്രസ് അട്ടിമറിച്ചത് ദുരൂഹവും സംശയകരവുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. വസ്തുതകള്‍ പുറത്തുവരാനിരിക്കെയുള്ളൂ. എല്ലാം രഹസ്യമാകണമെന്നില്ല. ചിലത് ഒളിപ്പിക്കാനാണ് കോണ്‍ഗ്രസ് നാടകം. ബിജെപിക്ക് പണമെത്തുന്ന അതേ കേന്ദ്രത്തില്‍ നിന്നാണ് കോണ്‍ഗ്രസിനും പണമെത്തുന്നത്. പരിശോധയില്‍ അസ്വാഭാവികതയില്ലെന്നും മന്ത്രി പറഞ്ഞു. പൊലീസ് യുഡിഎഫിനെ സഹായിച്ചെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കള്ളപ്പണം ഒരു മുറിയല്‍ സൂക്ഷിക്കാന്‍ പൊലീസ് അവസരമൊരുക്കി. ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.