മലപ്പുറത്ത് ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം; 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് പിന്‍വശത്തെ ആമകളെ വളര്‍ത്തുന്ന ടാങ്കില്‍; വീട്ടുടമസ്ഥര്‍ താമസം വിദേശത്ത്; പൊലീസ് അന്വേഷണം തുടങ്ങി
മലപ്പുറത്ത് ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
മലപ്പുറം: ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ഏതാണ്ട് 35 വയസ്സ് പ്രായം തോന്നിക്കും. വീട്ടിലെത്തിയ ജോലിക്കാരാണ് ആദ്യം മൃതദേഹം കണ്ടത്.
വീട്ടുടമസ്ഥര്‍ വിദേശത്താണ് താമസം. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.
വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു രാവിലെ 11 മണിയോടെ മൃതദേഹം കണ്ടത്.
മൂന്നുദിവസം മുന്‍പാണ് അവസാനമായി വാട്ടര്‍ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനുശേഷം ഞായറാഴ്ച രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകള്‍ക്ക് തീറ്റ നല്‍കാനും എത്തിയത്. വാട്ടര്‍ടാങ്കില്‍നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളുണ്ട്.
പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.