പ്രായമായ അച്ഛനെയും അമ്മയെയും സഹോദരിയെയും എപ്പോഴും പരിഹസിക്കും; നിലവിലെ ജോലി വിട്ട് മുംബൈയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു; സഹിക്കാന്‍ വയ്യാതെ ഭാര്യയെ കൊന്ന് സ്യൂട്‌കേസിലാക്കി ടെക്കി യുവാവ്; പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞു

ഭാര്യയെ കൊന്ന് സ്യൂട്‌കേസിലാക്കി ടെക്കി യുവാവ്; പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞു

Update: 2025-04-05 10:55 GMT

ബംഗളൂരു: ഭാര്യയെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വീടുവിട്ട ടെക്കി യുവാവ് ഒടുവില്‍ പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞു. സ്വകാര്യ കമ്പനിയിലെ സീനിയര്‍ പ്രോജക്ട് കോഓര്‍ഡിനേറ്ററായ രാകേഷ് ഖേദേകര്‍ ആണ് ഭാര്യയായ ഗൗരി സംബ്രേകറെ(32) കൊലപ്പെടുത്തിയത്. മാര്‍ച്ച് 26ന് ഇവര്‍ താമസിച്ചിരുന്ന ഹുളിമാവിന് സമീപമുള്ള ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടിലാണ് കൃത്യം നടന്നത്.

പ്രായമായ അച്ഛനെയും അമ്മയെയും ഇളയ സഹോദരിയെയും ഗൗരി എപ്പോഴും പരിഹസിക്കുമായിരുന്നുവെന്നും അതില്‍ അസ്വസ്ഥനായിരുന്നുവെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു. ഇതിലെ ദേഷ്യം കൊണ്ടാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നതിന് ശേഷം രാകേഷ് ഗൗരിയുടെ സഹോദരനെ വിളിച്ച് കുറ്റമേറ്റ് പറഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഏപ്രില്‍ രണ്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് രാകേഷിനെ.

''വീടിനകത്തും പുറത്തും വെച്ച് എപ്പോഴും ഗൗരി ഇവരെ അപമാനിച്ച് സംസാരിക്കും. നിലവിലെ ജോലി വിട്ട് മുംബൈയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. അച്ഛനമ്മമാരെ വിട്ട് പുതിയ ജീവിതം തുടങ്ങുകയായിരുന്നു ഗൗരിയുടെ ലക്ഷ്യം. സ്‌കൂള്‍ കാലം തൊട്ടേ തന്നില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഗൗരി ശ്രമിച്ചത്. എന്നാല്‍ അവളെ ഭ്രാന്തമായി പ്രണയിച്ചതിനാല്‍ ഒന്നും എതിര്‍ക്കാന്‍ കഴിഞ്ഞില്ല.

ഒരുമാസമായി അന്വേഷിച്ചിട്ടും ബംഗളൂരുവില്‍ പുതിയ ജോലി കണ്ടെത്താന്‍ ഗൗരിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് മുംബൈയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. അതെ ചൊല്ലി നിരന്തരം കലഹിക്കുകയും ചെയ്തു. ഇതിന് ഒടുവിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. മാര്‍ച്ച് 26ന് ഗൗരിയും രാകേഷും വീട്ടില്‍ തനിച്ചായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് രണ്ടുപേരും നടക്കാന്‍ പോയി. തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോള്‍ മദ്യവും സ്‌നാക്‌സും വാങ്ങി. രാത്രി 7.30ഓടെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്.''-എന്നാണ് രാകേഷ് പൊലീസിനോട് പറഞ്ഞത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുടന്‍ മദ്യപിക്കുന്ന ശീലമുണ്ട് രാകേഷിന്. പാട്ടുകള്‍ വെച്ചും ഭക്ഷണം വിളമ്പിക്കൊടുത്തും ഗൗരിയും കമ്പനി കൊടുക്കും. രണ്ടുപേര്‍ക്കും ഇഷ്ടമുള്ള പാട്ടുകളാണ് കേള്‍ക്കുക. അന്ന് രാത്രി രാകേഷ് പാട്ടു കേട്ടുകൊണ്ടിരുന്നു. ഗൗരി ഭക്ഷണം തയാറാക്കാനും പോയി. പാട്ടുമാറ്റാനുള്ള തന്റെ ഊഴം വന്നപ്പോള്‍ ഗൗരി ഒരു മറാത്തി ഗാനം വെച്ചു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കളിയാക്കുന്നതായിരുന്നു ആ പാട്ട്. പാട്ട് കേട്ട് ദേഷ്യം വന്ന രാകേഷ് ഗൗരിയെ പിടിച്ചു തള്ളി.

അടുക്കളയിലേക്ക് തെറിച്ചു വീണ ഗൗരിക്കും രോഷം അടക്കാനായില്ല. കറിക്കത്തിയെടുത്ത് രാകേഷിന് നേരെ വീശി. ആ കത്തി പിടിച്ചെടുത്ത രാകേഷ് ഗൗരിയുടെ കഴുത്തിലും വയറ്റിലും കുത്തി. പള്‍സ് പരിശോധിച്ച് ഗൗരിയുടെ മരണം ഉറപ്പാക്കിയ രാകേഷ് ഒഴിഞ്ഞ സ്യൂട്‌കേസില്‍ മൃതദേഹം മടക്കിവെച്ചു. ബാത്‌റൂമിനടുത്ത് അത് സൂക്ഷിച്ചുവെച്ചു. വീട് വൃത്തിയാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് വീട് പൂട്ടി അര്‍ധ രാത്രിയോടെ സ്ഥലം വിടുകയായിരുന്നു. മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കിടയിലാണ് പിടിയിലായത്.

Tags:    

Similar News